സങ്കീർത്തനം 22:1-31
സംഗീതസംഘനായകന്; “ഉഷസ്സിൻമാൻപേട”യിൽ* ചിട്ടപ്പെടുത്തിയത്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?+
അങ്ങ് എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത് എന്താണ്?അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത് എന്താണ്?+
2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.
3 അങ്ങ് പക്ഷേ, വിശുദ്ധനാണ്;+ഇസ്രായേലിന്റെ സ്തുതികൾക്കു നടുവിലാണ്* അങ്ങ്.
4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+അതെ, അവർ ആശ്രയിച്ചു; അങ്ങ് അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+
5 അവർ അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ് അവരെ രക്ഷിച്ചു;അവർ അങ്ങയിൽ ആശ്രയിച്ചു; അങ്ങ് അവരെ നിരാശപ്പെടുത്തിയില്ല.*+
6 എന്നാൽ, ഞാൻ ഒരു മനുഷ്യനല്ല, വെറുമൊരു പുഴുവാണ്;മനുഷ്യരുടെ പരിഹാസവും ആളുകളുടെ നിന്ദയും ഏറ്റുകിടക്കുന്നവൻ.+
7 എന്നെ കാണുന്നവരെല്ലാം എന്നെ കളിയാക്കുന്നു;+അവർ കൊഞ്ഞനം കാട്ടുന്നു; പരമപുച്ഛത്തോടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:
8 “അവന്റെ ആശ്രയം മുഴുവൻ യഹോവയിലായിരുന്നില്ലേ, ദൈവംതന്നെ അവനെ രക്ഷിക്കട്ടെ!
അവൻ ദൈവത്തിന്റെ പൊന്നോമനയല്ലേ, ദൈവം അവനെ വിടുവിക്കട്ടെ!”+
9 ഗർഭപാത്രത്തിൽനിന്ന് എന്നെ പുറത്ത് കൊണ്ടുവന്നത് അങ്ങാണ്;+അമ്മയുടെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതും അങ്ങല്ലോ.
10 അങ്ങയുടെ കൈയിലേക്കാണു* ഞാൻ പിറന്നുവീണത്.അമ്മയുടെ ഉദരംമുതൽ അങ്ങാണ് എന്റെ ദൈവം.
11 പ്രശ്നങ്ങൾ അടുത്ത് എത്തിയിരിക്കുന്നു; അങ്ങ് എന്നിൽനിന്ന് അകന്നുമാറി നിൽക്കരുതേ,+എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ.+
12 കരുത്തരായ അനേകം കാളകൾ എന്നെ വളയുന്നു;+ബാശാനിലെ കാളക്കൂറ്റന്മാർ എന്നെ വലയം ചെയ്യുന്നു.+
13 ഇരയെ പിച്ചിച്ചീന്തി അലറുന്ന സിംഹത്തെപ്പോലെ,+അവർ എന്റെ നേരെ വായ് പൊളിക്കുന്നു.+
14 വെള്ളംപോലെ എന്റെ ശക്തി ചോർന്നുപോയിരിക്കുന്നു.അസ്ഥികളെല്ലാം സന്ധികളിൽനിന്ന് ഇളകിമാറിയിരിക്കുന്നു.
എന്റെ ഹൃദയം മെഴുകുപോലെയായി;+അത് എന്റെ ഉള്ളിന്റെ ഉള്ളിൽ ഉരുകിയൊലിക്കുന്നു.+
15 എന്റെ ശക്തി മൺപാത്രക്കഷണംപോലെ+ വരണ്ടുണങ്ങിയിരിക്കുന്നു;എന്റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു;+മരണത്തിന്റെ മണ്ണിലേക്ക് അങ്ങ് എന്നെ ഇറക്കുന്നു.+
16 നായ്ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞിരിക്കുന്നു;+ദുഷ്ടന്മാരുടെ സംഘം നാലുപാടുനിന്നും എന്റെ നേർക്കു വരുന്നു.+സിംഹത്തെപ്പോലെ അവർ എന്റെ കൈയും കാലും ആക്രമിക്കുന്നു.+
17 എനിക്ക് എന്റെ അസ്ഥികളെല്ലാം എണ്ണാം.+
അതാ, അവർ എന്നെത്തന്നെ തുറിച്ചുനോക്കുന്നു.
18 എന്റെ വസ്ത്രം അവർ വീതിച്ചെടുക്കുന്നു.എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു.+
19 എന്നാൽ യഹോവേ, അങ്ങ് എന്നിൽനിന്ന് അകന്നിരിക്കരുതേ.+
അങ്ങാണ് എന്റെ ശക്തി; വേഗം വന്ന് എന്നെ സഹായിക്കേണമേ.+
20 വാളിൽനിന്ന് എന്നെ* രക്ഷിക്കേണമേ;നായ്ക്കളുടെ നഖങ്ങളിൽനിന്ന്* എന്റെ വിലയേറിയ ജീവൻ* വിടുവിക്കേണമേ;+
21 സിംഹത്തിന്റെ വായിൽനിന്നും കാട്ടുപോത്തിന്റെ കൊമ്പിൽനിന്നും എന്നെ രക്ഷിക്കേണമേ;+എനിക്ക് ഉത്തരമേകേണമേ, എന്നെ രക്ഷിക്കേണമേ.
22 എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും;+സഭാമധ്യേ ഞാൻ അങ്ങയെ സ്തുതിക്കും.+
23 യഹോവയെ ഭയപ്പെടുന്നവരേ, ദൈവത്തെ സ്തുതിപ്പിൻ!
യാക്കോബിൻസന്തതികളേ,* എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+
ഇസ്രായേലിൻസന്തതികളേ,* നിങ്ങളേവരും ഭയാദരവോടെ തിരുസന്നിധിയിൽ നിൽക്കുവിൻ!
24 കാരണം, അടിച്ചമർത്തപ്പെട്ടവന്റെ യാതനകൾ ദൈവം പുച്ഛിച്ചുതള്ളിയിട്ടില്ല;+ആ യാതനകളെ അറപ്പോടെ നോക്കുന്നില്ല. അവനിൽനിന്ന് തിരുമുഖം മറച്ചിട്ടുമില്ല.+
സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു.+
25 മഹാസഭയിൽ ഞാൻ അങ്ങയെ വാഴ്ത്തും;+ദൈവത്തെ ഭയപ്പെടുന്നവരുടെ മുന്നിൽവെച്ച് ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.
26 സൗമ്യർ തിന്ന് തൃപ്തരാകും;+യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.+
അവർ എന്നുമെന്നേക്കും ജീവിതം ആസ്വദിക്കട്ടെ.*
27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത് അവനിലേക്കു തിരിയും.
ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+
28 കാരണം, രാജാധികാരം യഹോവയ്ക്കുള്ളത്;+അവൻ ജനതകളെ ഭരിക്കുന്നു.
29 ഭൂമിയിലെ സമ്പന്നന്മാരെല്ലാം* ഭക്ഷിക്കും; അവർ തിരുസന്നിധിയിൽ കുമ്പിടും;പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാം തിരുസന്നിധിയിൽ മുട്ടുകുത്തും;അവർക്കൊന്നും സ്വന്തം ജീവൻ* രക്ഷിക്കാനാകില്ലല്ലോ.
30 അവരുടെ സന്തതിപരമ്പരകൾ* ദൈവത്തെ സേവിക്കും;വരുംതലമുറയോട് യഹോവയെക്കുറിച്ച് വിവരിക്കും.
31 അവർ വന്ന് ദൈവത്തിന്റെ നീതിയെക്കുറിച്ച് പറഞ്ഞുകൊടുക്കും.
നമ്മുടെ ദൈവത്തിന്റെ ചെയ്തികളെക്കുറിച്ച് ജനിക്കാനിരിക്കുന്നവരെ അറിയിക്കും.
അടിക്കുറിപ്പുകള്
^ സാധ്യതയനുസരിച്ച്, ഒരു ഈണമോ പ്രത്യേകതരം സംഗീതമോ.
^ അഥവാ “സ്തുതികൾക്കിടയിൽ (സ്തുതികൾക്കു മീതെ) സിംഹാസനസ്ഥനാണ്.”
^ അഥവാ “നാണംകെടുത്തിയില്ല.”
^ അക്ഷ. “അങ്ങയുടെ മേലേക്കാണ്.”
^ അഥവാ “എന്റെ ദേഹിയെ.”
^ അക്ഷ. “കൈയിൽനിന്ന്.”
^ അക്ഷ. “എനിക്ക് ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.
^ അക്ഷ. “യാക്കോബിൻവിത്തുകളേ.”
^ അക്ഷ. “ഇസ്രായേലിൻവിത്തുകളേ.”
^ അക്ഷ. “അവരുടെ ഹൃദയം എന്നെന്നും ജീവിക്കട്ടെ.”
^ അക്ഷ. “കൊഴുത്തവരെല്ലാം.”
^ അഥവാ “ദേഹി.”
^ അക്ഷ. “ഒരു വിത്ത്.”