സങ്കീർത്തനം 33:1-22
33 നീതിമാന്മാരേ, യഹോവയുടെ ചെയ്തികൾ ഓർത്ത് സന്തോഷത്തോടെ ആർപ്പിടുവിൻ.+
ദൈവത്തെ സ്തുതിക്കുന്നതു നേരുള്ളവർക്കു ചേർന്നതല്ലോ.
2 കിന്നരം മീട്ടി യഹോവയ്ക്കു നന്ദിയേകുവിൻ;പത്തു തന്ത്രികളുള്ള വാദ്യം മീട്ടി ദൈവത്തിനു സ്തുതി പാടുവിൻ.*
3 ദൈവത്തിന് ഒരു പുതിയ പാട്ടു പാടുവിൻ.+ആഹ്ലാദാരവങ്ങളോടെ മധുരമായി തന്ത്രി മീട്ടുവിൻ.
4 യഹോവയുടെ വചനം നേരുള്ളതല്ലോ;+ദൈവം ചെയ്യുന്നതെല്ലാം ആശ്രയയോഗ്യം.
5 ദൈവം നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നു.+
യഹോവയുടെ അചഞ്ചലമായ സ്നേഹം ഭൂമിയിൽ നിറഞ്ഞിരിക്കുന്നു.+
6 യഹോവയുടെ വചനത്താൽ ആകാശം ഉണ്ടായി;+ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെട്ട ആത്മാവിനാൽ* അതിലുള്ളതെല്ലാം* നിർമിതമായി.
7 അണകെട്ടിയപോലെ ദൈവം സമുദ്രജലം ഒരുമിച്ചുകൂട്ടുന്നു;+ഇളകിമറിയുന്ന വെള്ളം സംഭരണശാലകളിൽ അടയ്ക്കുന്നു.
8 മുഴുഭൂമിയും യഹോവയെ ഭയപ്പെടട്ടെ.+
ഭൂവാസികളൊക്കെയും തിരുമുമ്പിൽ ഭയാദരവോടെ നിൽക്കട്ടെ.
9 കാരണം, ദൈവം ആജ്ഞാപിച്ചു, അവ ഉണ്ടായി;+ദൈവം കല്പിച്ചു, അവ ഉറച്ചുനിന്നു.+
10 യഹോവ രാഷ്ട്രങ്ങളുടെ തന്ത്രങ്ങൾ വിഫലമാക്കി;+ജനതകളുടെ പദ്ധതികൾ തകിടംമറിച്ചു.+
11 എന്നാൽ, യഹോവയുടെ തീരുമാനങ്ങൾ എന്നും നിലനിൽക്കും,+ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയോളവും.
12 യഹോവ ദൈവമായുള്ള ജനത,+തന്റെ സ്വത്തായി ദൈവം തിരഞ്ഞെടുത്ത ജനം, സന്തുഷ്ടർ.+
13 യഹോവ സ്വർഗത്തിൽനിന്ന് താഴേക്കു നോക്കുന്നു;ദൈവം മനുഷ്യമക്കളെയെല്ലാം കാണുന്നു.+
14 തന്റെ വാസസ്ഥലത്തുനിന്ന്ദൈവം ഭൂവാസികളെ നിരീക്ഷിക്കുന്നു.
15 ദൈവമാണു സകലരുടെയും ഹൃദയം രൂപപ്പെടുത്തുന്നത്;അവരുടെ പ്രവൃത്തികളെല്ലാം ദൈവം പരിശോധിക്കുന്നു.+
16 സൈന്യബലംകൊണ്ട് ഒരു രാജാവും രക്ഷപ്പെടില്ല;+മഹാശക്തിയാൽ വീരനും രക്ഷപ്പെടില്ല.+
17 കുതിരയെക്കൊണ്ട് രക്ഷ* നേടാമെന്നതു വ്യാമോഹമാണ്;+അതിന്റെ വൻശക്തി രക്ഷ ഉറപ്പു തരില്ല.
18 അതാ യഹോവയുടെ കണ്ണുകൾ, തന്നെ ഭയപ്പെടുന്നവരുടെ മേൽ,+തന്റെ അചഞ്ചലമായ സ്നേഹത്തിനായി കാത്തിരിക്കുന്നവരുടെ മേൽ, ഉണ്ട്;
19 ദൈവം അവരെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തും;ക്ഷാമകാലത്ത് അവരെ ജീവനോടെ കാക്കും.+
20 ഞങ്ങൾ യഹോവയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ദൈവമല്ലോ ഞങ്ങളുടെ സഹായിയും പരിചയും.+
21 ഞങ്ങളുടെ ഹൃദയം ദൈവത്തിൽ സന്തോഷിക്കുന്നു;പരിശുദ്ധമായ തിരുനാമമല്ലോ ഞങ്ങളുടെ ആശ്രയം.+
22 യഹോവേ, ഞങ്ങൾ അങ്ങയ്ക്കായി കാത്തിരിക്കുന്നു;+അങ്ങയുടെ അചഞ്ചലമായ സ്നേഹം ഞങ്ങളുടെ മേൽ ഉണ്ടായിരിക്കേണമേ.+
അടിക്കുറിപ്പുകള്
^ അഥവാ “സംഗീതം ഉതിർക്കുവിൻ.”
^ അഥവാ “ശ്വാസത്താൽ.”
^ അക്ഷ. “അതിന്റെ സൈന്യം മുഴുവനും.”
^ അഥവാ “വിജയം.”