സങ്കീർത്തനം 37:1-40
ദാവീദിന്റേത്.
א (ആലേഫ്)
37 ദുഷ്ടന്മാർ നിമിത്തം അസ്വസ്ഥനാകുകയോ*ദുഷ്പ്രവൃത്തിക്കാരോട് അസൂയപ്പെടുകയോ അരുത്.+
2 അവർ പുല്ലുപോലെ പെട്ടെന്നു വാടിപ്പോകും;+ഇളമ്പുല്ലുപോലെ കരിഞ്ഞുണങ്ങും.
ב (ബേത്ത്)
3 യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!+ഭൂമിയിൽ* താമസിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കൂ.+
4 യഹോവയിൽ അത്യധികം ആനന്ദിക്കൂ!ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.
ג (ഗീമെൽ)
5 നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ;*+ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.+
6 ദൈവം നിന്റെ നീതി പ്രഭാതകിരണങ്ങൾപോലെയുംനിന്റെ ന്യായം മധ്യാഹ്നസൂര്യനെപ്പോലെയും ശോഭയുള്ളതാക്കും.
ד (ദാലെത്ത്)
7 യഹോവയുടെ മുന്നിൽ മൗനമായിരിക്കൂ!+ദൈവത്തിനായി പ്രതീക്ഷയോടെ* കാത്തിരിക്കൂ!
ആരുടെയെങ്കിലും ഗൂഢതന്ത്രങ്ങൾ വിജയിക്കുന്നതു കണ്ട്‌നീ അസ്വസ്ഥനാകരുത്.+
ה (ഹേ)
8 കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ!+അസ്വസ്ഥനായിത്തീർന്നിട്ട് തിന്മ ചെയ്യരുത്.*
9 കാരണം, ദുഷ്പ്രവൃത്തിക്കാരെയെല്ലാം ഇല്ലാതാക്കും.+എന്നാൽ, യഹോവയിൽ പ്രത്യാശ വെക്കുന്നവർ ഭൂമി കൈവശമാക്കും.+
ו (വൗ)
10 കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല.+അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും;പക്ഷേ, അവരെ കാണില്ല.+
11 എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും;+സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.+
ז (സയിൻ)
12 ദുഷ്ടൻ നീതിമാന് എതിരെ ഗൂഢാലോചന നടത്തുന്നു;+അവൻ അവനെ നോക്കി പല്ലിറുമ്മുന്നു.
13 എന്നാൽ, യഹോവ ദുഷ്ടനെ നോക്കി പരിഹസിച്ച് ചിരിക്കും;കാരണം, അവന്റെ ദിവസം വരുമെന്നു ദൈവത്തിന് അറിയാം.+
ח (ഹേത്ത്)
14 മർദിതരെയും പാവപ്പെട്ടവരെയും വീഴിക്കാനുംനേരിന്റെ വഴിയിൽ നടക്കുന്നവരെ കശാപ്പു ചെയ്യാനുംദുഷ്ടന്മാർ വാൾ ഊരുന്നു, വില്ലു കുലയ്ക്കുന്നു.*
15 എന്നാൽ, അവരുടെ വാൾ സ്വന്തം ഹൃദയത്തിൽത്തന്നെ തുളച്ചുകയറും;+അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
ט (തേത്ത്)
16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾനീതിമാനുള്ള അൽപ്പം ഏറെ നല്ലത്.+
17 കാരണം, ദുഷ്ടന്റെ കൈകൾ ഒടിഞ്ഞുപോകും;എന്നാൽ, നീതിമാനെ യഹോവ താങ്ങും.
י (യോദ്)
18 കുറ്റമില്ലാത്തവർ അനുഭവിക്കുന്നതെല്ലാം യഹോവയ്ക്ക് അറിയാം.അവരുടെ അവകാശസ്വത്ത് എന്നും നിലനിൽക്കും.+
19 ആപത്തുകാലത്ത് അവർക്കു നാണംകെടേണ്ടിവരില്ല;ക്ഷാമകാലത്ത് അവർക്കു സമൃദ്ധിയുണ്ടായിരിക്കും.
כ (കഫ്)
20 എന്നാൽ, ദുഷ്ടന്മാർ നശിക്കും;+മേച്ചിൽപ്പുറങ്ങളുടെ ഭംഗി മായുന്നതുപോലെ യഹോവയുടെ ശത്രുക്കൾ ഇല്ലാതാകും;അവർ പുകപോലെ മാഞ്ഞുപോകും.
ל (ലാമെദ്)
21 ദുഷ്ടൻ വായ്‌പ വാങ്ങുന്നെങ്കിലും തിരികെ കൊടുക്കുന്നില്ല;എന്നാൽ, നീതിമാൻ ഉദാരമായി* നൽകുന്നു.+
22 ദൈവാനുഗ്രഹമുള്ളവർ ഭൂമി കൈവശമാക്കും;പക്ഷേ, ദൈവത്തിന്റെ ശാപമേറ്റവർ നശിച്ചുപോകും.+
מ (മേം)
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+
24 അവൻ വീണാലും നിലംപരിചാകില്ല;+കാരണം യഹോവ അവന്റെ കൈക്കു പിടിച്ചിട്ടുണ്ട്.*+
נ (നൂൻ)
25 ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു;എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ+അവന്റെ മക്കൾ ആഹാരം* ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.+
26 അവൻ കനിവ് തോന്നി വായ്‌പ കൊടുക്കുന്നു;+അവന്റെ മക്കളെ അനുഗ്രഹം കാത്തിരിക്കുന്നു.
ס (സാമെക്)
27 മോശമായതെല്ലാം വിട്ടകന്ന് നല്ലതു ചെയ്യുക;+എങ്കിൽ, നീ എന്നുമെന്നേക്കും ജീവിക്കും.
28 കാരണം, യഹോവ നീതിയെ സ്നേഹിക്കുന്നു;ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.+
ע (അയിൻ)
അവർക്ക് എപ്പോഴും സംരക്ഷണം ലഭിക്കും;+എന്നാൽ, ദുഷ്ടന്മാരുടെ സന്തതികൾ നശിച്ചുപോകും.+
29 നീതിമാന്മാർ ഭൂമി കൈവശമാക്കും;+അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.+
פ (പേ)
30 നീതിമാന്റെ വായ് ജ്ഞാനം* പൊഴിക്കുന്നു;അവന്റെ നാവ് നീതിയെക്കുറിച്ച് സംസാരിക്കുന്നു.+
31 തന്റെ ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തിലുണ്ട്;+അവന്റെ ചുവടുകൾ പിഴയ്‌ക്കില്ല.+
צ (സാദെ)
32 നീതിമാനെ കൊല്ലാൻ തക്കം നോക്കുന്ന ദുഷ്ടൻഅതിനായി അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
33 എന്നാൽ യഹോവ ആ നീതിമാനെ അവന്റെ കൈയിൽ ഏൽപ്പിക്കില്ല,+അവനെ കുറ്റക്കാരനെന്നു വിധിക്കാൻ അനുവദിക്കുകയുമില്ല.+
ק (കോഫ്)
34 യഹോവയിൽ പ്രത്യാശവെച്ച് ദൈവത്തിന്റെ വഴിയേ നടക്കൂ!ദൈവം നിന്നെ ഉയർത്തും, നീ ഭൂമി കൈവശമാക്കും.
ദുഷ്ടന്മാരുടെ നാശത്തിനു+ നീ സാക്ഷിയാകും.+
ר (രേശ്)
35 നിഷ്‌ഠുരനായ ദുഷ്ടനെ ഞാൻ കണ്ടിട്ടുണ്ട്;അവൻ, കിളിർത്തുവന്ന മണ്ണിൽത്തന്നെ തഴച്ചുവളർന്ന് പടർന്നുപന്തലിച്ച മരംപോലെ.+
36 എന്നാൽ അവൻ പെട്ടെന്നു പൊയ്പോയി; അവൻ ഇല്ലാതായി;+ഞാൻ എത്ര തിരഞ്ഞിട്ടും അവനെ കണ്ടില്ല.+
ש (ശീൻ)
37 കുറ്റമില്ലാത്തവനെ* ശ്രദ്ധിക്കുക!നേരുള്ളവനെ+ നോക്കുക!ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും.+
38 എന്നാൽ ലംഘകരെയെല്ലാം തുടച്ചുനീക്കും;ദുഷ്ടന്മാരെയെല്ലാം കൊന്നുകളയും.+
ת (തൗ)
39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നാണ്;+ദുരിതകാലത്ത് ദൈവമാണ് അവരുടെ കോട്ട.+
40 യഹോവ അവരെ സഹായിക്കും, അവരെ വിടുവിക്കും.+
തന്നിൽ അഭയം തേടിയിരിക്കുന്ന അവരെദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ച് രക്ഷിക്കും.+
അടിക്കുറിപ്പുകള്‍
^ അഥവാ “കോപിക്കുകയോ.”
^ അഥവാ “ദേശത്ത്.”
^ അക്ഷ. “ഉരുട്ടിനീക്കി യഹോവയുടെ മേൽ വെക്കുക.”
^ അഥവാ “ക്ഷമയോടെ.”
^ മറ്റൊരു സാധ്യത “അസ്വസ്ഥനാകരുത്, അതു ദോഷം മാത്രമേ ചെയ്യൂ.”
^ അഥവാ “ഞാൺ കെട്ടുന്നു.”
^ അഥവാ “കനിവ് തോന്നി.”
^ അഥവാ “ഇടറാതാക്കുന്നു.”
^ അഥവാ “തന്റെ കൈകൊണ്ട് അവനെ താങ്ങുന്നു.”
^ അക്ഷ. “അപ്പം.”
^ അഥവാ “വായ് മന്ദസ്വരത്തിൽ ജ്ഞാനമൊഴികൾ.”
^ അഥവാ “ധർമനിഷ്ഠയുള്ളവനെ.”