സങ്കീർത്തനം 5:1-12
സംഗീതസംഘനായകന്, നെഹിലോത്തിനുവേണ്ടി.* ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
5 യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ;+എന്റെ നെടുവീർപ്പുകൾക്കു കാതോർക്കേണമേ.
2 എന്റെ രാജാവേ, എന്റെ ദൈവമേ, അങ്ങയോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കേണമേ.
3 യഹോവേ, രാവിലെ അങ്ങ് എന്റെ സ്വരം കേൾക്കും.+പ്രഭാതത്തിൽ ഞാൻ എന്റെ സങ്കടങ്ങൾ അങ്ങയെ അറിയിച്ച്+ പ്രതീക്ഷയോടെ കാത്തിരിക്കും.
4 അങ്ങ് ദുഷ്ടതയിൽ സന്തോഷിക്കാത്ത ദൈവമാണല്ലോ.+തിന്മ ചെയ്യുന്നവർക്ക് ആർക്കും അങ്ങയോടൊപ്പം കഴിയാനാകില്ല;+
5 ഗർവികൾക്കു തിരുസന്നിധിയിൽ നിൽക്കാനുമാകില്ല.
ദുഷ്ടത കാട്ടുന്നവരെയെല്ലാം അങ്ങ് വെറുക്കുന്നല്ലോ.+
6 നുണയന്മാരെ അങ്ങ് കൊന്നൊടുക്കും.+
അക്രമവാസനയുള്ളവരെയും* വഞ്ചകരെയും യഹോവ വെറുക്കുന്നു.+
7 അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹം നിമിത്തം+ ഞാൻ പക്ഷേ, അങ്ങയുടെ ഭവനത്തിലേക്കു വരും.+അങ്ങയോടുള്ള ഭയാദരവോടെ അങ്ങയുടെ വിശുദ്ധാലയത്തെ* നോക്കി ഞാൻ കുമ്പിടും.+
8 എനിക്കു ശത്രുക്കളുള്ളതുകൊണ്ട് യഹോവേ, അങ്ങയുടെ നീതിപാതയിൽ എന്നെ നയിക്കേണമേ.തടസ്സങ്ങളില്ലാതെ അങ്ങയുടെ വഴിയേ പോകാൻ എന്നെ സഹായിക്കേണമേ.+
9 അവർ പറയുന്നതൊന്നും വിശ്വസിക്കാനാകില്ലല്ലോ.അവരുടെ ഉള്ളിൽ ദ്രോഹചിന്തകൾ മാത്രമേ ഉള്ളൂ.അവരുടെ തൊണ്ട, തുറന്ന ശവക്കുഴി.നാവുകൊണ്ട് അവർ മുഖസ്തുതി* പറയുന്നു.+
10 എന്നാൽ, ദൈവം അവരെ കുറ്റക്കാരെന്നു വിധിക്കും.സ്വന്തം കുടിലതന്ത്രങ്ങൾതന്നെ അവരുടെ വീഴ്ചയ്ക്കു കാരണമാകും.+
അവരുടെ ലംഘനങ്ങൾ പെരുകിയിരിക്കയാൽ അവരെ ഓടിച്ചുകളയേണമേ.അവർ അങ്ങയെ ധിക്കരിച്ചിരിക്കുന്നല്ലോ.
11 പക്ഷേ, അങ്ങയിൽ അഭയം തേടിയവരെല്ലാം ആനന്ദിക്കും.+അവർ എപ്പോഴും സന്തോഷിച്ചാർക്കും.
അവരുടെ അടുത്തേക്കു ചെല്ലാൻ അങ്ങ് ആരെയും സമ്മതിക്കില്ല.അങ്ങയുടെ പേരിനെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കും.
12 കാരണം യഹോവേ, അങ്ങ് നീതിമാന്മാരെ അനുഗ്രഹിക്കുമല്ലോ;വൻപരിചകൊണ്ടെന്നപോലെ പ്രീതിയാൽ അവരെ വലയം ചെയ്യുമല്ലോ.+
അടിക്കുറിപ്പുകള്
^ അഥവാ “രക്തം ചൊരിയുന്നവരെയും.”
^ അഥവാ “വിശുദ്ധമന്ദിരത്തെ.”
^ അഥവാ “ഭംഗിവാക്ക്.”