സങ്കീർത്തനം 51:1-19
സംഗീതസംഘനായകന്; ദാവീദ് ബത്ത്-ശേബയുമായി+ ബന്ധപ്പെട്ടതിനു ശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുത്ത് വന്നപ്പോൾ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+
അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+
2 എന്റെ തെറ്റു നന്നായി കഴുകിക്കളഞ്ഞ്+പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കേണമേ.+
3 എന്റെ ലംഘനങ്ങൾ എനിക്കു നന്നായി അറിയാം;എന്റെ പാപം എപ്പോഴും എന്റെ മുന്നിലുണ്ട്.*+
4 അങ്ങയോട്—ഏറ്റവുമധികം അങ്ങയോട്*—ഞാൻ പാപം ചെയ്തിരിക്കുന്നു;+ഞാൻ അങ്ങയുടെ കണ്ണിൽ മോശമായതു ചെയ്തിരിക്കുന്നു.+
അതുകൊണ്ട് അങ്ങ് സംസാരിക്കുമ്പോൾ അങ്ങ് നീതിമാനായിരിക്കും;അങ്ങയുടെ വിധി കുറ്റമറ്റതായിരിക്കും.+
5 ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്;+പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.*
6 ഉള്ളിന്റെ ഉള്ളിലെ പരമാർഥതയാണല്ലോ അങ്ങയെ പ്രസാദിപ്പിക്കുന്നത്;+എന്റെ ഹൃദയത്തിന്റെ ആഴങ്ങളെ യഥാർഥജ്ഞാനം പഠിപ്പിക്കേണമേ.
7 ഈസോപ്പുചെടികൊണ്ട് എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ;+ ഞാൻ നിർമലനാകട്ടെ.എന്നെ കഴുകേണമേ; ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകട്ടെ.+
8 ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സ്വരം ഞാൻ കേൾക്കട്ടെ;അങ്ങനെ, അങ്ങ് തകർത്തുകളഞ്ഞ അസ്ഥികൾ ആനന്ദിക്കട്ടെ.+
9 എന്റെ പാപങ്ങളിൽനിന്ന് അങ്ങ് മുഖം തിരിക്കേണമേ;*+എന്റെ തെറ്റുകളെല്ലാം തുടച്ചുകളയേണമേ.+
10 ദൈവമേ, ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ;+അചഞ്ചലമായ പുതിയൊരു ആത്മാവ്*+ എനിക്കു നൽകേണമേ.
11 തിരുസന്നിധിയിൽനിന്ന് എന്നെ ഓടിച്ചുകളയരുതേ.അങ്ങയുടെ പരിശുദ്ധാത്മാവിനെ* എന്നിൽനിന്ന് എടുത്തുകളയരുതേ.
12 അങ്ങയുടെ രക്ഷയേകുന്ന സന്തോഷം എനിക്കു തിരികെ തരേണമേ.+അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.*
13 ലംഘകരെ ഞാൻ അങ്ങയുടെ വഴികൾ പഠിപ്പിക്കും;+അങ്ങനെ, പാപികൾ അങ്ങയിലേക്കു മടങ്ങിവരും.
14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,+ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;+അപ്പോൾ എന്റെ നാവിന് അങ്ങയുടെ നീതിയെക്കുറിച്ച് സന്തോഷത്തോടെ ഘോഷിക്കാനാകുമല്ലോ.+
15 യഹോവേ, എന്റെ വായ് അങ്ങയുടെ സ്തുതി ഘോഷിക്കേണ്ടതിന്എന്റെ അധരങ്ങളെ തുറക്കേണമേ.+
16 ബലികളൊന്നും അങ്ങയ്ക്കു വേണ്ടല്ലോ—അല്ലെങ്കിൽ ഞാൻ അവ അർപ്പിക്കുമായിരുന്നു;+സമ്പൂർണദഹനയാഗത്തിൽ അങ്ങ് പ്രസാദിക്കുന്നില്ലല്ലോ.+
17 തകർന്ന മനസ്സാണല്ലോ* അങ്ങയ്ക്കു സ്വീകാര്യമായ ബലി;ദൈവമേ, തകർന്ന് നുറുങ്ങിയ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ.*+
18 പ്രസാദം തോന്നി സീയോനു നന്മ ചെയ്യേണമേ;യരുശലേമിന്റെ മതിലുകൾ പണിയേണമേ.
19 പിന്നെ അങ്ങ് നീതിബലികളിൽ,ദഹനബലികളിലും സമ്പൂർണയാഗങ്ങളിലും, പ്രസാദിക്കും;അങ്ങയുടെ യാഗപീഠത്തിൽ വീണ്ടും കാളകളെ അർപ്പിച്ചുതുടങ്ങും.+
അടിക്കുറിപ്പുകള്
^ അഥവാ “എന്റെ മനസ്സിലുണ്ട്.”
^ അക്ഷ. “അങ്ങയോടു മാത്രം.”
^ അഥവാ “അമ്മ എന്നെ ഗർഭം ധരിച്ച നിമിഷംമുതൽ ഞാൻ പാപിയാണ്.”
^ അഥവാ “മുഖം മറയ്ക്കേണമേ.”
^ അഥവാ “മനസ്സ്.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അക്ഷ. “മനസ്സൊരുക്കം തന്ന് അങ്ങ് എന്നെ താങ്ങേണമേ.”
^ അഥവാ “ആത്മാവാണല്ലോ.”
^ അഥവാ “ഹൃദയത്തോട് അങ്ങ് അവജ്ഞ കാട്ടില്ലല്ലോ.”