സങ്കീർത്തനം 54:1-7
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. മാസ്‌കിൽ.* “ദാവീദ് ഞങ്ങളുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു സീഫ്യർ ചെന്ന് ശൗലിനോടു പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.+
54 ദൈവമേ, അങ്ങയുടെ പേരിനാൽ എന്നെ രക്ഷിക്കേണമേ;+അങ്ങയുടെ ശക്തി ഉപയോഗിച്ച് എനിക്കു നീതി നടത്തിത്തരേണമേ.*+
2 ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;+എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ.
3 കാരണം, അപരിചിതർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;നിഷ്‌ഠുരന്മാർ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+
അവർ ദൈവത്തിന് ഒട്ടും വില കല്പിക്കുന്നില്ല.*+ (സേലാ)
4 എന്നാൽ ദൈവമാണ് എന്റെ സഹായി;+എന്നെ പിന്തുണയ്ക്കുന്നവരോടൊപ്പം യഹോവയുണ്ട്.
5 എന്റെ ശത്രുക്കളുടെ ദുഷ്ടതതന്നെ ദൈവം അവർക്കു പകരം നൽകും;+അങ്ങയുടെ വിശ്വസ്തതയിൽ അങ്ങ് അവരെ തീർത്തുകളയേണമേ.*+
6 ഞാൻ മനസ്സോടെ അങ്ങയ്‌ക്കു ബലി അർപ്പിക്കും.+
യഹോവേ, ഞാൻ അങ്ങയുടെ പേര് സ്തുതിക്കും; അതു നല്ലതല്ലോ.+
7 കാരണം, സകല കഷ്ടതകളിൽനിന്നും ദൈവം എന്നെ രക്ഷിക്കുന്നു;+ഞാൻ എന്റെ ശത്രുക്കളുടെ വീഴ്‌ച കാണും.+
അടിക്കുറിപ്പുകള്‍
^ അഥവാ “എനിക്കുവേണ്ടി വാദിക്കേണമേ.”
^ അഥവാ “അവർ ദൈവത്തെ തങ്ങളുടെ മുന്നിൽ വെക്കുന്നില്ല.”
^ അക്ഷ. “നിശ്ശബ്ദരാക്കേണമേ.”