സങ്കീർത്തനം 64:1-10
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
64 ദൈവമേ, ഞാൻ യാചിക്കുമ്പോൾ എന്റെ സ്വരം കേൾക്കേണമേ.+
ശത്രുഭീതിയിൽനിന്ന് എന്റെ ജീവനെ കാത്തുകൊള്ളേണമേ.
2 ദുഷ്ടരുടെ ഗൂഢപദ്ധതികളിൽനിന്നുംദുഷ്പ്രവൃത്തിക്കാരുടെ സംഘത്തിൽനിന്നും എന്നെ സംരക്ഷിക്കേണമേ.+
3 അവരുടെ നാവ് അവർ വാൾപ്പോലെ മൂർച്ചയുള്ളതാക്കുന്നു,അവരുടെ ക്രൂരമായ വാക്കുകൾ അമ്പുകൾപോലെ ഉന്നം വെക്കുന്നു;
4 മറഞ്ഞിരുന്ന് നിരപരാധിയെ എയ്യുകയാണ് അവരുടെ ലക്ഷ്യം;ഒരു കൂസലുമില്ലാതെ അവർ അവനെ ഓർക്കാപ്പുറത്ത് എയ്യുന്നു.
5 അവർ അവരുടെ ദുഷ്ടലക്ഷ്യത്തിൽനിന്ന് അണുവിട മാറാത്തവർ;*കെണികൾ ഒളിച്ചുവെക്കുന്നതിനെക്കുറിച്ച് അവർ കൂടിയാലോചിക്കുന്നു.
“അത് ആരു കാണാനാണ്” എന്ന് അവർ പറയുന്നു.+
6 തെറ്റു ചെയ്യാൻ അവർ പുത്തൻ മാർഗങ്ങൾ കണ്ടുപിടിക്കുന്നു;ആരും അറിയാതെ അവർ കുടിലപദ്ധതികൾ മനയുന്നു.+അവരുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് ആർക്കും കണ്ടുപിടിക്കാനാകില്ല.
7 എന്നാൽ, ദൈവം അവരുടെ നേരെ അമ്പ് എയ്യും;+ഓർക്കാപ്പുറത്ത് അവർക്കു മുറിവേൽക്കും.
8 സ്വന്തം നാവ് അവരെ വീഴ്‌ത്തും;+കണ്ടുനിൽക്കുന്നവരെല്ലാം തല കുലുക്കും.
9 അപ്പോൾ, സകല മനുഷ്യരും പേടിക്കും;ദൈവം ചെയ്‌തത് അവർ പ്രസിദ്ധമാക്കും;അവർക്കു ദൈവത്തിന്റെ ചെയ്തികളെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടായിരിക്കും.+
10 നീതിമാൻ യഹോവയിൽ ആനന്ദിക്കും; അവൻ ദൈവത്തെ അഭയമാക്കും;+ഹൃദയശുദ്ധിയുള്ളവരെല്ലാം ആഹ്ലാദിക്കും.*
അടിക്കുറിപ്പുകള്‍
^ അഥവാ “തിന്മ ചെയ്യാൻ അവർ പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നു.”
^ അഥവാ “(ദൈവത്തെക്കുറിച്ച്) അഭിമാനംകൊള്ളും.”