സങ്കീർത്തനം 8:1-9
സംഗീതസംഘനായകന്; ഗിത്യരാഗത്തിൽ* ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
8 ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും അങ്ങയുടെ പേര് എത്ര മഹനീയം!അങ്ങ് അങ്ങയുടെ മഹത്ത്വം ആകാശത്തെക്കാൾ ഉന്നതമാക്കിയിരിക്കുന്നു.*+
2 അങ്ങയുടെ എതിരാളികൾ നിമിത്തംശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽനിന്നുള്ള വാക്കുകളാൽ+ അങ്ങ് ശക്തി കാണിച്ചിരിക്കുന്നു.ശത്രുവിന്റെയും പ്രതികാരദാഹിയുടെയും വായ് അടപ്പിക്കാൻ അങ്ങ് ഇതു ചെയ്തു.
3 അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയുംഅങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ,+
4 നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്?അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+
5 ദൈവത്തെപ്പോലുള്ളവരെക്കാൾ* അൽപ്പം മാത്രം താഴ്ന്നവനാക്കിഅങ്ങ് മഹത്ത്വവും തേജസ്സും മനുഷ്യനെ അണിയിച്ചു.
6 അങ്ങയുടെ സൃഷ്ടികളുടെ മേൽ മനുഷ്യന് അധികാരം കൊടുത്തു;+എല്ലാം മനുഷ്യന്റെ കാൽക്കീഴാക്കിക്കൊടുത്തു:
7 എല്ലാ ആടുകളും കന്നുകാലികളുംഎല്ലാ വന്യമൃഗങ്ങളും+
8 ആകാശത്തിലെ പക്ഷികളും കടലിലെ മത്സ്യങ്ങളുംകടലിൽ നീന്തിത്തുടിക്കുന്നതെല്ലാം മനുഷ്യന്റെ കീഴിലായി.
9 ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും അങ്ങയുടെ പേര് എത്ര മഹനീയം!
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ആകാശത്തിന്മീതെപോലും അങ്ങയുടെ മഹത്ത്വം വർണിക്കപ്പെടുന്നു.”
^ അഥവാ “ദൈവദൂതന്മാരെക്കാൾ.”