സങ്കീർത്തനം 88:1-18
കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം. സംഗീതസംഘനായകന്; മഹലത്* ശൈലിയിൽ, മാറിമാറി പാടേണ്ടത്. എസ്രാഹ്യനായ ഹേമാന്റെ+ മാസ്‌കിൽ.*
88 എന്റെ രക്ഷയുടെ ദൈവമായ യഹോവേ,+പകൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;രാത്രി ഞാൻ തിരുസന്നിധിയിൽ വരുന്നു.+
2 എന്റെ പ്രാർഥന തിരുമുന്നിൽ എത്തട്ടെ;+സഹായത്തിനായുള്ള എന്റെ യാചനയ്ക്കു ചെവി ചായിക്കേണമേ.*+
3 എന്റെ ദേഹി* കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നല്ലോ;+എന്റെ ജീവൻ ശവക്കുഴിയുടെ* വക്കോളം എത്തിയിരിക്കുന്നു.+
4 കുഴിയിൽ* ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെയും എണ്ണിക്കഴിഞ്ഞു;+ഞാൻ നിസ്സഹായനാണ്;*+
5 ശവക്കുഴിയിൽ കിടക്കുന്ന കൊല്ലപ്പെട്ടവരെപ്പോലെമരിച്ചവരുടെ ഇടയിൽ എന്നെ ഉപേക്ഷിച്ച് പോയിരിക്കുന്നു;അവരെ അങ്ങ് മേലാൽ ഓർക്കുന്നില്ലല്ലോ;അങ്ങയുടെ പരിപാലനത്തിൽനിന്ന് അവർ വേർപെട്ടല്ലോ.
6 അത്യഗാധമായ പടുകുഴിയിലേക്ക് അങ്ങ് എന്നെ തള്ളിയിരിക്കുന്നു;ഇരുൾ മൂടിയ അഗാധഗർത്തത്തിൽ എന്നെ ഇട്ടിരിക്കുന്നു.
7 അങ്ങയുടെ ക്രോധം എനിക്കു താങ്ങാനാകാത്ത ഭാരമായിരിക്കുന്നു;+ആഞ്ഞടിക്കുന്ന തിരമാലകളാൽ അങ്ങ് എന്നെ വലയ്ക്കുന്നു. (സേലാ)
8 എന്റെ പരിചയക്കാരെ അങ്ങ് എന്നിൽനിന്ന് ദൂരേക്ക് ഓടിച്ചുകളഞ്ഞിരിക്കുന്നു;+എന്നെ അവരുടെ കണ്ണിൽ അറയ്ക്കപ്പെട്ടവനാക്കി.
ഞാൻ കുടുങ്ങിയിരിക്കുന്നു, രക്ഷപ്പെടാനാകുന്നില്ല.
9 കഷ്ടതകളാൽ എന്റെ കണ്ണു ക്ഷീണിച്ചിരിക്കുന്നു.+
യഹോവേ, ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+തിരുമുമ്പിൽ ഞാൻ കൈകൾ വിരിച്ചുപിടിക്കുന്നു.
10 മരിച്ചവർക്കുവേണ്ടി അങ്ങ് അത്ഭുതങ്ങൾ ചെയ്യുമോ?
മരിച്ച് ചേതനയറ്റവർ എഴുന്നേറ്റ് അങ്ങയെ സ്തുതിക്കുമോ?+ (സേലാ)
11 ആരെങ്കിലും ശവക്കുഴിയിൽ അങ്ങയുടെ അചഞ്ചലസ്നേഹം വിവരിക്കുമോ?വിനാശദേശത്ത് അങ്ങയുടെ വിശ്വസ്തത വർണിക്കുമോ?
12 ഇരുളിലുള്ളവർക്ക് അങ്ങയുടെ അത്ഭുതങ്ങൾ അറിയാനാകുമോ?വിസ്‌മൃതിയുടെ ദേശത്തുള്ളവർ അങ്ങയുടെ നീതിയെക്കുറിച്ച് അറിയുമോ?+
13 പക്ഷേ യഹോവേ, ഞാൻ ഇപ്പോഴും സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;+ദിവസവും രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുന്നു.+
14 യഹോവേ, എന്താണ് അങ്ങ് എന്നെ തള്ളിക്കളയുന്നത്?+
എന്താണ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത്?+
15 ചെറുപ്പംമുതലേ ഞാൻ ക്ലേശിതനും മരണാസന്നനും ആണ്;+അങ്ങ് അനുവദിച്ച കഷ്ടതകൾ സഹിച്ച് ഞാൻ ആകെ മരവിച്ചിരിക്കുന്നു.
16 അങ്ങയുടെ ഉഗ്രകോപം എന്നെ മൂടിക്കളയുന്നു;+അങ്ങയിൽനിന്നുള്ള ഭയജനകമായ കാര്യങ്ങൾ എന്നെ തകർത്തുകളയുന്നു.
17 ദിവസം മുഴുവൻ വെള്ളംപോലെ അവ എന്നെ വലയം ചെയ്യുന്നു;നാലു വശത്തുനിന്നും അവ* വളഞ്ഞടുക്കുന്നു.
18 എന്റെ സ്നേഹിതരെയും കൂട്ടുകാരെയും അങ്ങ് എന്നിൽനിന്ന് ദൂരേക്ക് ഓടിച്ചുകളഞ്ഞിരിക്കുന്നു;+എനിക്കു കൂട്ടായി ഇപ്പോൾ ഇരുൾ മാത്രം.
അടിക്കുറിപ്പുകള്‍
^ അഥവാ “യാചന കുനിഞ്ഞ് ശ്രദ്ധിക്കേണമേ.”
^ അഥവാ “ശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു.”
^ അഥവാ “ശവക്കുഴിയിൽ.”
^ മറ്റൊരു സാധ്യത “അവയെല്ലാം ഒറ്റയടിക്ക്.”