സങ്കീർത്തനം 96:1-13
96 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ.+
സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!+
2 യഹോവയ്ക്കു പാട്ടു പാടുവിൻ! തിരുനാമം സ്തുതിക്കുവിൻ!
ദിനംതോറും ദിവ്യരക്ഷയുടെ സന്തോഷവാർത്ത പ്രസിദ്ധമാക്കുവിൻ!+
3 ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുവിൻ;ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ മഹനീയപ്രവൃത്തികളും.+
4 യഹോവ മഹാനും അത്യന്തം സ്തുത്യനും!
മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ് ഉണർത്തുന്നവൻ!
5 ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവുമില്ലാത്തവരാണ്;+യഹോവയോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+
6 തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട് ശോഭിക്കുന്നു;+ദൈവത്തിന്റെ വിശുദ്ധമന്ദിരം ശക്തിയും സൗന്ദര്യവും അണിഞ്ഞുനിൽക്കുന്നു.+
7 ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
8 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+കാഴ്ചയുമായി തിരുമുറ്റത്ത് ചെല്ലുവിൻ.
9 വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ;*സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്ക്കുവിൻ!
10 ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: “യഹോവ രാജാവായിരിക്കുന്നു!+
ദൈവം ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*
ദൈവം നീതിയോടെ ജനതകളെ വിധിക്കും.”*+
11 ആകാശം ആനന്ദിക്കട്ടെ, ഭൂമി സന്തോഷിക്കട്ടെ;സമുദ്രവും അതിലുള്ളതൊക്കെയും ആർത്തുല്ലസിക്കട്ടെ;+
12 വയലുകളും അവയിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.+
വനവൃക്ഷങ്ങളും യഹോവയുടെ മുന്നിൽ ആനന്ദിച്ചാർക്കട്ടെ;+
13 ദൈവം ഇതാ, എഴുന്നള്ളുന്നു!*ദൈവം ഭൂമിയെ വിധിക്കാൻ വരുന്നു!
ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ വിശ്വസ്തതയോടെയും വിധിക്കും.+
അടിക്കുറിപ്പുകള്‍
^ അഥവാ “യഹോവയെ ആരാധിക്കുവിൻ.”
^ മറ്റൊരു സാധ്യത “അവന്റെ വിശുദ്ധിയുടെ മാഹാത്മ്യം കാരണം.”
^ അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”
^ അഥവാ “അതു ചാഞ്ചാടില്ല.”
^ അഥവാ “ജനതകൾക്കുവേണ്ടി വാദിക്കും.”
^ അഥവാ “ദൈവം എഴുന്നള്ളിയിരിക്കുന്നു.”
^ അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”