സഭാപ്രസംഗകൻ 11:1-10
11 നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക;*+ കുറെ കാലം കഴിഞ്ഞ് നീ അതു വീണ്ടും കണ്ടെത്തും.+
2 ഉള്ളതിൽ ഒരു ഓഹരി ഏഴു പേർക്കോ എട്ടു പേർക്കോ കൊടുക്കുക.+ ഭൂമിയിൽ എന്തു ദുരന്തമുണ്ടാകുമെന്നു നിനക്ക് അറിയില്ലല്ലോ.
3 മേഘങ്ങളിൽ വെള്ളം നിറഞ്ഞാൽ അതു ഭൂമിയിൽ കനത്ത മഴ പെയ്യിക്കും. മരം വീഴുന്നതു തെക്കോട്ടായാലും വടക്കോട്ടായാലും അതു വീണിടത്തുതന്നെ കിടക്കും.
4 കാറ്റിനെ നോക്കുന്നവൻ വിതയ്‌ക്കില്ല. മേഘത്തെ നോക്കുന്നവൻ കൊയ്യുകയുമില്ല.+
5 ഗർഭിണിയുടെ ഉദരത്തിലെ കുഞ്ഞിന്റെ* അസ്ഥികളിൽ ആത്മാവ്* പ്രവർത്തിക്കുന്നത് എങ്ങനെയെന്നു നീ അറിയാത്തതുപോലെ,+ എല്ലാം ചെയ്യുന്ന സത്യദൈവത്തിന്റെ പ്രവൃത്തികളും നിനക്ക് അറിയില്ല.+
6 രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്;+ ഇതാണോ അതാണോ സഫലമാകുക, അതോ രണ്ടും ഒരുപോലെ സഫലമാകുമോ, എന്നു നിനക്ക് അറിയില്ലല്ലോ.
7 വെളിച്ചം ഹൃദ്യമാണ്. സൂര്യപ്രകാശം കാണുന്നതു കണ്ണിനു നല്ലതുമാണ്.
8 ഒരു മനുഷ്യൻ വർഷങ്ങളോളം ജീവിക്കുന്നെങ്കിൽ ആ കാലമെല്ലാം അയാൾ ജീവിതം ആസ്വദിക്കട്ടെ.+ പക്ഷേ ഇരുൾ മൂടിയ ദിനങ്ങൾ അനവധിയായിരിക്കാമെന്ന കാര്യം അവൻ ഓർക്കണം. വരാനുള്ളതെല്ലാം വ്യർഥതയാണ്.+
9 യുവാവേ, യൗവനകാലത്ത് നീ ആനന്ദിക്കുക. യൗവനനാളുകളിൽ നിന്റെ ഹൃദയം ആഹ്ലാദിക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴികളിലൂടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കുന്നിടത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യദൈവം നിന്നെ ന്യായം വിധിക്കുമെന്ന്* അറിഞ്ഞുകൊള്ളുക.+
10 അതുകൊണ്ട്, മനോവിഷമത്തിന് ഇടയാക്കുന്ന കാര്യങ്ങൾ നിന്റെ ഹൃദയത്തിൽനിന്ന് നീക്കുക. ശരീരത്തിനു ഹാനികരമായ കാര്യങ്ങളും ഒഴിവാക്കുക. കാരണം, യൗവനവും യുവത്വവും വ്യർഥതയാണ്.+
അടിക്കുറിപ്പുകള്‍
^ അഥവാ “വെള്ളത്തിൽ ഒഴുക്കിവിടുക.”
^ അക്ഷ. “ഗർഭിണിയുടെ ഗർഭപാത്രത്തിലെ.”
^ ജീവശക്തിയെയോ ദൈവാത്മാവിനെയോ ആയിരിക്കാം കുറിക്കുന്നത്.
^ അഥവാ “നിന്നോടു കണക്കുചോദിക്കുമെന്ന്.”