സഭാപ്രസംഗകൻ 3:1-22
3 എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്.ആകാശത്തിൻകീഴെ നടക്കുന്ന ഓരോ കാര്യത്തിനും ഒരു സമയമുണ്ട്:
2 ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം.നടാൻ ഒരു സമയം, നട്ടതു പറിച്ചുകളയാൻ ഒരു സമയം.
3 കൊല്ലാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം.ഇടിച്ചുകളയാൻ ഒരു സമയം, പണിതുയർത്താൻ ഒരു സമയം.
4 കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം.വിലപിക്കാൻ ഒരു സമയം, തുള്ളിച്ചാടാൻ ഒരു സമയം.
5 കല്ല് എറിഞ്ഞുകളയാൻ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാൻ ഒരു സമയം.ആലിംഗനം ചെയ്യാൻ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാൻ ഒരു സമയം.
6 തിരയാൻ ഒരു സമയം, നഷ്ടപ്പെട്ടതായി കണക്കാക്കാൻ ഒരു സമയം.കൈവശം വെക്കാൻ ഒരു സമയം, എറിഞ്ഞുകളയാൻ ഒരു സമയം.
7 കീറിക്കളയാൻ ഒരു സമയം,+ തുന്നിച്ചേർക്കാൻ ഒരു സമയം.മൗനമായിരിക്കാൻ ഒരു സമയം,+ സംസാരിക്കാൻ ഒരു സമയം.+
8 സ്നേഹിക്കാൻ ഒരു സമയം, വെറുക്കാൻ ഒരു സമയം.+യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം.
9 ജോലി ചെയ്യുന്നവൻ തന്റെ പ്രയത്നംകൊണ്ട് എന്തു നേടുന്നു?+
10 മനുഷ്യമക്കളെ വ്യാപൃതരാക്കിനിറുത്താൻ ദൈവം അവർക്കു കൊടുത്തിട്ടുള്ള ജോലി ഞാൻ കണ്ടു.
11 ദൈവം ഓരോന്നും അതതിന്റെ സമയത്ത് ഭംഗിയായി* ഉണ്ടാക്കി.+ നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും സത്യദൈവം ആദിയോടന്തം ചെയ്തിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല.
12 ഇതിൽനിന്നെല്ലാം ഞാൻ മനസ്സിലാക്കിയത് ഇതാണ്: സ്വന്തം ജീവിതകാലത്ത് ആനന്ദിക്കുന്നതിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിലും മെച്ചമായി ആർക്കും ഒന്നുമില്ല.+
13 മാത്രമല്ല, ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+
14 സത്യദൈവം ഉണ്ടാക്കുന്നതെല്ലാം എന്നും നിലനിൽക്കുമെന്നു ഞാൻ മനസ്സിലാക്കി. അതിനോട് ഒന്നും കൂട്ടാനില്ല, അതിൽനിന്ന് ഒന്നും കുറയ്ക്കാനുമില്ല. അവയൊക്കെയും സത്യദൈവം ഈ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട് ആളുകൾ ദൈവത്തെ ഭയപ്പെടും.+
15 സംഭവിക്കുന്നതൊക്കെ ഇതിനോടകം സംഭവിച്ചിട്ടുള്ളതാണ്. വരാനിരിക്കുന്നത് ഇതിനോടകം വന്നിട്ടുള്ളതുമാണ്.+ പക്ഷേ പലരും ലക്ഷ്യമിട്ടതു* സത്യദൈവം തേടുന്നു.
16 സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: നീതി നടക്കേണ്ടിടത്ത് ദുഷ്ടത നടമാടുന്നു. ന്യായം നടക്കേണ്ടിടത്തും ദുഷ്ടതതന്നെ.+
17 അതുകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു: “സത്യദൈവം നീതിമാന്മാരെയും ദുഷ്ടന്മാരെയും ന്യായം വിധിക്കും.+ കാരണം, ഓരോ കാര്യത്തിനും ഓരോ പ്രവൃത്തിക്കും ഒരു സമയമുണ്ട്.”
18 സത്യദൈവം മനുഷ്യമക്കളെ പരിശോധിച്ച്, അവർ മൃഗങ്ങളെപ്പോലെയാണെന്ന് അവർക്കു കാണിച്ചുകൊടുക്കുമെന്നും ഞാൻ മനസ്സിൽ പറഞ്ഞു.
19 കാരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയാണ്.+ ഒന്നു മരിക്കുന്നതുപോലെ മറ്റേതും മരിക്കുന്നു. അവയ്ക്കെല്ലാം ഒരേ ജീവശക്തിയാണുള്ളത്.*+ അതുകൊണ്ട്, മനുഷ്യനു മൃഗങ്ങളെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. എല്ലാം വ്യർഥമാണ്.
20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+
21 മനുഷ്യരുടെ ജീവശക്തി* മുകളിലേക്കു പോകുന്നോ? മൃഗങ്ങളുടെ ജീവശക്തി* താഴെ ഭൂമിയിലേക്കു പോകുന്നോ? ആർക്ക് അറിയാം?+
22 അതുകൊണ്ട്, മനുഷ്യനു തന്റെ പ്രവൃത്തികളിൽ ആസ്വാദനം കണ്ടെത്തുന്നതിനെക്കാൾ മെച്ചമായി ഒന്നുമില്ലെന്നു ഞാൻ കണ്ടു.+ അതാണല്ലോ അവന്റെ പ്രതിഫലം.* അവൻ പോയശേഷം സംഭവിക്കുന്ന കാര്യങ്ങൾ കാണാനായി ആർക്കെങ്കിലും അവനെ മടക്കിവരുത്താൻ കഴിയുമോ?+
അടിക്കുറിപ്പുകള്
^ അഥവാ “ക്രമീകൃതമായി; ഉചിതമായി; അനുയോജ്യമായി.”
^ അഥവാ “പക്ഷേ പീഡിതരെ.” മറ്റൊരു സാധ്യത “പക്ഷേ മൺമറഞ്ഞതിനെ.”
^ അഥവാ “ആത്മാവാണുള്ളത്.”
^ അഥവാ “ആത്മാവ്.”
^ അഥവാ “ആത്മാവ്.”
^ അഥവാ “ഓഹരി.”