സുഭാഷിതങ്ങൾ 11:1-31
11 കള്ളത്തുലാസ്സ് യഹോവയ്ക്ക് അറപ്പാണ്;എന്നാൽ കൃത്യതയുള്ള തൂക്കം* ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
2 അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു;+എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്.+
3 നേരുള്ളവരെ അവരുടെ നിഷ്കളങ്കത* വഴിനയിക്കുന്നു;+എന്നാൽ വഞ്ചകരുടെ കാപട്യം അവരെ നശിപ്പിക്കും.+
4 ഉഗ്രകോപത്തിന്റെ നാളിൽ സമ്പത്തുകൊണ്ട്* ഒരു പ്രയോജനവുമുണ്ടാകില്ല;+എന്നാൽ നീതി ഒരുവനെ മരണത്തിൽനിന്ന് രക്ഷിക്കും.+
5 നിഷ്കളങ്കരുടെ നീതി അവരുടെ പാതകൾ നേരെയാക്കുന്നു;എന്നാൽ ദുഷ്ടന്മാർ തങ്ങളുടെ ദുഷ്ടത കാരണം വീഴും.+
6 നേരുള്ളവരെ അവരുടെ നീതി രക്ഷിക്കും;+എന്നാൽ വഞ്ചകരെ അവരുടെ മോഹങ്ങൾ കുടുക്കിലാക്കും.+
7 ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രത്യാശയും നശിക്കുന്നു;സ്വന്തം ശക്തിയിൽ ആശ്രയിച്ച് അവൻ വെച്ച പ്രതീക്ഷകളും നശിച്ചുപോകുന്നു.+
8 നീതിമാൻ കഷ്ടതയിൽനിന്ന് രക്ഷപ്പെടുന്നു;അവന്റെ സ്ഥാനത്ത് ദുഷ്ടൻ കഷ്ടപ്പെടുന്നു.+
9 വിശ്വാസത്യാഗിയുടെ* വായ് അയൽക്കാരനു നാശം വരുത്തുന്നു;എന്നാൽ നീതിമാന്മാരുടെ അറിവ് അവരെ രക്ഷിക്കുന്നു.+
10 നീതിമാന്റെ നന്മ ഒരു നഗരത്തിനു സന്തോഷം നൽകുന്നു;ദുഷ്ടൻ നശിക്കുമ്പോൾ ആളുകൾ ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്നു.+
11 നേരുള്ളവന്റെ അനുഗ്രഹം നിമിത്തം ഒരു നഗരം പ്രസിദ്ധമാകുന്നു;+എന്നാൽ ദുഷ്ടന്റെ വായ് അതിനെ തകർത്തുകളയുന്നു.+
12 സാമാന്യബോധമില്ലാത്തവൻ അയൽക്കാരനോടു വെറുപ്പു കാട്ടുന്നു;*എന്നാൽ നല്ല വകതിരിവുള്ളവൻ മിണ്ടാതിരിക്കുന്നു.+
13 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നവൻ രഹസ്യം സൂക്ഷിക്കുന്നു.*
14 വിദഗ്ധമാർഗനിർദേശം* ലഭിക്കാത്തപ്പോൾ ജനം നശിക്കുന്നു;എന്നാൽ ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാനാകുന്നു.+
15 അപരിചിതന്റെ വായ്പയ്ക്കു ജാമ്യം നിൽക്കുന്നവൻ വല്ലാതെ കഷ്ടപ്പെടും;+എന്നാൽ ജാമ്യം നിൽക്കാൻ വിസമ്മതിക്കുന്നവൻ* സുരക്ഷിതനായിരിക്കും.
16 ദയയുള്ള* സ്ത്രീക്കു മഹത്ത്വം ലഭിക്കുന്നു;+എന്നാൽ ക്രൂരന്മാർ സമ്പത്തു തട്ടിയെടുക്കുന്നു.
17 ദയ കാട്ടുന്നവൻ* തനിക്കുതന്നെ ഗുണം ചെയ്യുന്നു;+എന്നാൽ ക്രൂരത കാട്ടുന്നവൻ സ്വയം കഷ്ടങ്ങൾ* വരുത്തിവെക്കുന്നു.+
18 ദുഷ്ടനു ലഭിക്കുന്ന കൂലി വഞ്ചകമാണ്;+എന്നാൽ നീതി വിതയ്ക്കുന്നവനു ശരിക്കുള്ള പ്രതിഫലം ലഭിക്കുന്നു.+
19 നീതിക്കുവേണ്ടി ഉറപ്പോടെ നിലകൊള്ളുന്നവർ ജീവന്റെ വഴിയിലാണ്;+എന്നാൽ ദുഷ്ടതയ്ക്കു പിന്നാലെ പോകുന്നവർ മരണത്തിന്റെ പാതയിലാണ്.
20 ഹൃദയത്തിൽ വക്രതയുള്ളവരെ യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നിഷ്കളങ്കരായി നടക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
21 ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: ദുഷ്ടനു ശിക്ഷ ലഭിക്കാതിരിക്കില്ല;+എന്നാൽ നീതിമാന്റെ മക്കൾ രക്ഷപ്പെടും.
22 വിവേകമില്ലാത്ത* സുന്ദരിപന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെയാണ്.
23 നീതിമാന്റെ ആഗ്രഹങ്ങൾ നന്മയിലേക്കു നയിക്കുന്നു;+എന്നാൽ ദുഷ്ടന്റെ പ്രത്യാശ ദൈവകോപത്തിൽ ചെന്നെത്തുന്നു.
24 വാരിക്കോരി കൊടുത്തിട്ടും* ചിലരുടെ സമ്പത്തു വർധിക്കുന്നു;+മറ്റു ചിലർ കൊടുക്കേണ്ടതു പിടിച്ചുവെച്ചിട്ടും ദരിദ്രരാകുന്നു.+
25 ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും;*+ഉന്മേഷം പകരുന്നവന്* ഉന്മേഷം ലഭിക്കും.+
26 ധാന്യം പൂഴ്ത്തിവെക്കുന്നവനെ ജനം ശപിക്കും;എന്നാൽ അതു വിൽക്കുന്നവനെ അവർ അനുഗ്രഹിക്കും.
27 നന്മ ചെയ്യാൻ കഠിനശ്രമം ചെയ്യുന്നവർ പ്രീതി തേടുന്നു;+എന്നാൽ തിന്മ ചെയ്യാൻ ശ്രമിക്കുന്നവർക്കു തിന്മതന്നെ തിരികെ കിട്ടും.+
28 സമ്പത്തിൽ ആശ്രയിക്കുന്നവൻ വീണുപോകും;+എന്നാൽ നീതിമാന്മാർ പച്ചിലകൾപോലെ തഴച്ചുവളരും.+
29 സ്വന്തം ഭവനത്തിനു കഷ്ടത* വരുത്തിവെക്കുന്നവനു കാറ്റു മാത്രമേ അവകാശമായി കിട്ടൂ;+വിഡ്ഢി ബുദ്ധിമാന്റെ ദാസനാകും.
30 നീതിമാന്റെ ഫലം ജീവവൃക്ഷമാണ്;+ആളുകളെ നേടുന്നവൻ ജ്ഞാനിയാണ്.+
31 ഭൂമിയിലെ നീതിമാന്മാരുടെ ചെയ്തികൾക്കു പ്രതിഫലം കിട്ടുമെങ്കിൽദുഷ്ടന്മാരുടെയും പാപികളുടെയും കാര്യം പറയാനുണ്ടോ?+
അടിക്കുറിപ്പുകള്
^ അഥവാ “ശരിയായ തൂക്കക്കട്ടികൾ.”
^ അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “വിലപിടിപ്പുള്ള വസ്തുക്കൾകൊണ്ട്.”
^ അഥവാ “ദുഷ്ടന്റെ.”
^ അഥവാ “അയൽക്കാരനെ പരിഹസിക്കുന്നു.”
^ അക്ഷ. “കാര്യം മൂടിവെക്കുന്നു.”
^ അഥവാ “ജ്ഞാനമുള്ള ഉപദേശം.”
^ അഥവാ “മന്ത്രിമാരുള്ളപ്പോൾ.”
^ അഥവാ “വാക്കു പറഞ്ഞ് കൈ കൊടുക്കുന്നതു വെറുക്കുന്നവൻ.”
^ അഥവാ “ആകർഷകമായ വ്യക്തിത്വമുള്ള.”
^ അഥവാ “അചഞ്ചലസ്നേഹമുള്ളവൻ.”
^ അഥവാ “അപമാനം.”
^ അഥവാ “സാമാന്യബോധമില്ലാത്ത.”
^ അക്ഷ. “വിതറിയിട്ടും.”
^ അക്ഷ. “ഔദാര്യം കാണിക്കുന്നവൻ തടിച്ചുകൊഴുക്കും.”
^ അക്ഷ. “ധാരാളം വെള്ളം ഒഴിച്ചുകൊടുക്കുന്നവന്.”
^ അഥവാ “അപമാനം.”