സുഭാഷിതങ്ങൾ 13:1-25
13 ബുദ്ധിയുള്ള മകൻ അപ്പന്റെ ശിക്ഷണം സ്വീകരിക്കുന്നു;+എന്നാൽ പരിഹാസി ശാസന* ശ്രദ്ധിക്കുന്നില്ല.+
2 തന്റെ സംസാരത്തിന്റെ ഫലമായി ഒരുവൻ നന്മ ആസ്വദിക്കും;+എന്നാൽ അക്രമം ചെയ്യാൻ വഞ്ചകർ കൊതിക്കുന്നു.
3 വായ്ക്കു കാവൽ ഏർപ്പെടുത്തുന്നവൻ* സ്വന്തം ജീവൻ രക്ഷിക്കുന്നു;+എന്നാൽ വായ് മലർക്കെ തുറക്കുന്നവൻ നശിച്ചുപോകും.+
4 മടിയൻ ഒരുപാടു കൊതിച്ചിട്ടും ഒന്നും നേടുന്നില്ല;+എന്നാൽ അധ്വാനശീലമുള്ളവർ സംതൃപ്തരാകും.*+
5 നീതിമാൻ നുണ വെറുക്കുന്നു;+എന്നാൽ ദുഷ്ടന്മാരുടെ ചെയ്തികൾ അപമാനവും നിന്ദയും വരുത്തുന്നു.
6 നിഷ്കളങ്കപാതയിൽ നടക്കുന്നവനെ നീതി സംരക്ഷിക്കുന്നു;+എന്നാൽ ദുഷ്ടത പാപിയെ നശിപ്പിക്കുന്നു.
7 ഒന്നുമില്ലാഞ്ഞിട്ടും ധനികരായി നടിക്കുന്ന ചിലരുണ്ട്;+ഒരുപാടു സമ്പത്തുണ്ടായിട്ടും ദരിദ്രരെന്നു നടിക്കുന്നവരുമുണ്ട്.
8 സമ്പത്ത് ഒരു മനുഷ്യന്റെ ജീവനു മോചനവിലയാണ്;+എന്നാൽ ദരിദ്രനു ഭീഷണിപോലും ഉണ്ടാകുന്നില്ല.*+
9 നീതിമാന്റെ വെളിച്ചം ഉജ്ജ്വലമായി പ്രകാശിക്കുന്നു;*+എന്നാൽ ദുഷ്ടന്റെ വിളക്കു കെട്ടുപോകും.+
10 അഹംഭാവം കലഹങ്ങളിലേ അവസാനിക്കൂ;+എന്നാൽ ഉപദേശം തേടുന്നവർക്കു* ജ്ഞാനമുണ്ട്.+
11 പെട്ടെന്ന് ഉണ്ടാക്കുന്ന സമ്പത്തു കുറഞ്ഞുകുറഞ്ഞുപോകും;+എന്നാൽ അൽപ്പാൽപ്പമായി നേടുന്ന* സമ്പത്തു കൂടിക്കൂടിവരും.
12 പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു;+എന്നാൽ നിറവേറിയ ആഗ്രഹം ജീവവൃക്ഷംപോലെയാണ്.+
13 ഉപദേശം പുച്ഛിച്ചുതള്ളുന്നവൻ അതിന്റെ ദാരുണഫലം അനുഭവിക്കും;+എന്നാൽ കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം കിട്ടും.+
14 ബുദ്ധിയുള്ളവന്റെ ഉപദേശം* ജീവന്റെ ഉറവാണ്;+അതു മരണത്തിന്റെ കുടുക്കുകളിൽനിന്ന് ഒരുവനെ രക്ഷിക്കുന്നു.
15 നല്ല ഉൾക്കാഴ്ചയുള്ളവനു പ്രീതി ലഭിക്കുന്നു;എന്നാൽ വഞ്ചകരുടെ വഴി കുണ്ടും കുഴിയും നിറഞ്ഞതാണ്.
16 വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു;+എന്നാൽ വിഡ്ഢി തന്റെ വിഡ്ഢിത്തം തുറന്നുകാട്ടുന്നു.+
17 ദുഷ്ടനായ സന്ദേശവാഹകൻ പ്രശ്നങ്ങളിൽ അകപ്പെടുന്നു;+എന്നാൽ വിശ്വസ്തനായ ദൂതൻ സുഖപ്പെടുത്തുന്നു.+
18 ശിക്ഷണം വകവെക്കാത്തവനു ദാരിദ്ര്യവും അപമാനവും വരും;എന്നാൽ തിരുത്തൽ* സ്വീകരിക്കുന്നവനു മഹത്ത്വം ലഭിക്കും.+
19 ആഗ്രഹങ്ങൾ സാധിക്കുന്നതു മധുരിക്കുന്ന ഒരു അനുഭവമാണ്;+എന്നാൽ തെറ്റിൽനിന്ന് അകന്നുമാറാൻ വിഡ്ഢിക്ക് ഇഷ്ടമില്ല.+
20 ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും;+എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.+
21 പാപികളെ ആപത്തു പിന്തുടരുന്നു;+എന്നാൽ നീതിമാന്മാർക്ക് ഐശ്വര്യസമൃദ്ധി ലഭിക്കുന്നു.+
22 നല്ല മനുഷ്യൻ കൊച്ചുമക്കൾക്കുവേണ്ടി അവകാശം കരുതിവെക്കുന്നു;എന്നാൽ പാപി സ്വരുക്കൂട്ടിയ സമ്പത്തു നീതിമാനു ലഭിക്കും.+
23 ദരിദ്രന്റെ വയലിൽ ധാരാളം വിളവ് ഉണ്ടാകുന്നു;എന്നാൽ അനീതി നിമിത്തം അതു* നശിച്ചുപോയേക്കാം.
24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറുക്കുന്നു;+എന്നാൽ മകനെ സ്നേഹിക്കുന്നവൻ അവനു നല്ല* ശിക്ഷണം കൊടുക്കുന്നു.+
25 നീതിമാൻ വയറു നിറയെ ആഹാരം കഴിച്ച് സംതൃപ്തനാകുന്നു;+എന്നാൽ ദുഷ്ടന്റെ വയറ് ഒഴിഞ്ഞുകിടക്കുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “തിരുത്തൽ.”
^ അഥവാ “വാക്കുകളെ നിയന്ത്രിക്കുന്നവൻ.”
^ അക്ഷ. “തടിച്ചുകൊഴുക്കും.”
^ അക്ഷ. “ശകാരംപോലും കേൾക്കേണ്ടിവരുന്നില്ല.”
^ അക്ഷ. “വെളിച്ചം ആഹ്ലാദിക്കുന്നു.”
^ അഥവാ “കൂടിയാലോചിക്കുന്നവർക്ക്.”
^ അക്ഷ. “കൈകൊണ്ട് ശേഖരിക്കുന്ന.”
^ അഥവാ “നിയമം.”
^ അഥവാ “ശാസന.”
^ അഥവാ “അവൻ.”
^ അഥവാ “മകനു ശിക്ഷണം കൊടുക്കാത്തവൻ; മകനു ശിക്ഷ കൊടുക്കാത്തവൻ.”
^ മറ്റൊരു സാധ്യത “ഉടനടി.”