സുഭാഷിതങ്ങൾ 14:1-35
14 ബുദ്ധിയുള്ള സ്ത്രീ തന്റെ കുടുംബം പണിയുന്നു;+എന്നാൽ വിഡ്ഢിയായ സ്ത്രീ സ്വന്തം കൈകൊണ്ട് അതു തകർത്തുകളയുന്നു.
2 നേരോടെ നടക്കുന്നവർ യഹോവയെ ഭയപ്പെടുന്നു;എന്നാൽ വളഞ്ഞ വഴികളിലൂടെ നടക്കുന്നവർ ദൈവത്തെ നിന്ദിക്കുന്നു.
3 വിഡ്ഢിയുടെ വായിൽ അഹങ്കാരത്തിന്റെ വടിയുണ്ട്;എന്നാൽ ബുദ്ധിമാന്മാരെ അവരുടെ വായ് സംരക്ഷിക്കും.
4 കന്നുകാലികളില്ലാത്തപ്പോൾ പുൽത്തൊട്ടി വൃത്തിയായിരിക്കും;എന്നാൽ കാളയുടെ കരുത്തു ധാരാളം വിളവ് നൽകും.
5 വിശ്വസ്തനായ സാക്ഷി നുണ പറയില്ല;എന്നാൽ കള്ളസാക്ഷി നാവെടുത്താൽ* നുണയേ പറയൂ.+
6 പരിഹാസി ജ്ഞാനം തേടുന്നെങ്കിലും കണ്ടെത്തുന്നില്ല;എന്നാൽ വകതിരിവുള്ളവൻ എളുപ്പം അറിവ് നേടുന്നു.+
7 വിഡ്ഢിയിൽനിന്ന് അകന്നുനിൽക്കുക;അവന്റെ വായിൽ നിനക്കു ജ്ഞാനം കാണാനാകില്ല.+
8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു;എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു.*+
9 മണ്ടന്മാർ തെറ്റുകൾ* ചിരിച്ചുതള്ളുന്നു;+എന്നാൽ നേരുള്ളവർ രമ്യതയിലാകാൻ തയ്യാറാണ്.*
10 ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സിലാകൂ;അതിന്റെ സന്തോഷത്തിൽ പങ്കുചേരാനും മറ്റാർക്കുമാകില്ല.
11 ദുഷ്ടന്റെ വീടു നശിച്ചുപോകും;+എന്നാൽ നേരുള്ളവന്റെ കൂടാരം ഐശ്വര്യസമൃദ്ധമാകും.
12 ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും;+എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.+
13 ചിരിക്കുമ്പോഴും ഹൃദയം വേദനിക്കുകയായിരിക്കാം;ആഹ്ലാദം ദുഃഖത്തിൽ അവസാനിച്ചേക്കാം.
14 വഴിപിഴച്ച ഹൃദയമുള്ളവൻ തന്റെ വഴികളുടെ ഫലം കൊയ്യും;+എന്നാൽ നല്ല മനുഷ്യൻ തന്റെ പ്രവൃത്തികളുടെ ഫലം ആസ്വദിക്കും.+
15 അനുഭവജ്ഞാനമില്ലാത്തവൻ* കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു;എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.+
16 ബുദ്ധിയുള്ള മനുഷ്യൻ ജാഗ്രതയുള്ളവൻ, അവൻ തിന്മയിൽനിന്ന് മാറിനടക്കുന്നു;എന്നാൽ വിഡ്ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും* ആണ്.
17 പെട്ടെന്നു കോപിക്കുന്നവൻ വിഡ്ഢിത്തം കാട്ടുന്നു;+എന്നാൽ ചിന്തിച്ച് പ്രവർത്തിക്കുന്നവനെ ആളുകൾ വെറുക്കുന്നു.
18 വിഡ്ഢിത്തമായിരിക്കും അനുഭവജ്ഞാനമില്ലാത്തവന്റെ* അവകാശം;എന്നാൽ വിവേകി ജ്ഞാനത്തിന്റെ കിരീടം അണിയും.+
19 ചീത്ത മനുഷ്യർ നല്ലവരുടെ മുമ്പാകെ കുമ്പിടേണ്ടിവരും;ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കൽ വന്ന് കുമ്പിടും.
20 ദരിദ്രനെ അയൽക്കാർപോലും വെറുക്കുന്നു;+എന്നാൽ പണക്കാരന് അനേകം കൂട്ടുകാരുണ്ടായിരിക്കും.+
21 അയൽക്കാരനെ പുച്ഛിക്കുന്നവൻ പാപം ചെയ്യുന്നു;എന്നാൽ എളിയവനോടു കരുണ കാണിക്കുന്നവൻ സന്തുഷ്ടൻ.+
22 ദ്രോഹിക്കാൻ പദ്ധതിയിടുന്നവന് അലഞ്ഞുനടക്കേണ്ടിവരും;
എന്നാൽ നന്മ ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അചഞ്ചലസ്നേഹവും വിശ്വസ്തതയും പകരം കിട്ടും.+
23 കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും;എന്നാൽ വെറുതേ വാചകമടിക്കുന്നതുകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.+
24 ബുദ്ധിയുള്ളവരുടെ കിരീടം അവരുടെ സമ്പത്താണ്;എന്നാൽ വിഡ്ഢികളുടെ വിഡ്ഢിത്തം വിഡ്ഢിത്തത്തിലേക്കേ നയിക്കൂ.+
25 സത്യസന്ധനായ സാക്ഷി ജീവൻ രക്ഷിക്കുന്നു;എന്നാൽ വഞ്ചകൻ നാവെടുത്താൽ* നുണയേ പറയൂ.
26 യഹോവയോടു ഭയഭക്തിയുള്ളവൻ എല്ലാത്തിലും ദൈവത്തെ ആശ്രയിക്കും;+അത് അവന്റെ മക്കൾക്ക് ഒരു സുരക്ഷിതസ്ഥാനമാണ്.+
27 യഹോവയോടുള്ള ഭയഭക്തി ജീവന്റെ ഉറവയാണ്;അതു മരണത്തിന്റെ കുടുക്കുകളിൽനിന്ന് രക്ഷിക്കുന്നു.
28 അനേകം പ്രജകളുള്ളതു രാജാവിനു മഹത്ത്വം;+എന്നാൽ പ്രജകളില്ലാത്ത ഭരണാധിപൻ നശിച്ചുപോകുന്നു.
29 പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്;+എന്നാൽ മുൻകോപി വിഡ്ഢിത്തം കാണിക്കുന്നു.+
30 ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു;*എന്നാൽ അസൂയ അസ്ഥികളെ ദ്രവിപ്പിക്കുന്നു.+
31 എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+
32 ദുഷ്ടന്റെ ദുഷ്ടതതന്നെ അവനെ നശിപ്പിക്കും;എന്നാൽ നീതിമാൻ തന്റെ നിഷ്കളങ്കതയിൽ* സുരക്ഷിതത്വം കണ്ടെത്തും.+
33 വകതിരിവുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം സ്വസ്ഥമായി വിശ്രമിക്കുന്നു;+എന്നാൽ വിഡ്ഢികൾക്ക് അതു വിളമ്പിയാലേ സമാധാനമാകൂ.
34 നീതി ഒരു ജനതയ്ക്കു മഹത്ത്വം നൽകുന്നു;+എന്നാൽ പാപം ജനത്തിന് അപമാനം.
35 ഉൾക്കാഴ്ചയുള്ള ദാസനോടു രാജാവിനു പ്രിയം തോന്നുന്നു;+എന്നാൽ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നവനോടു രാജാവ് കോപിക്കുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “ഓരോ ശ്വാസത്തിലും.”
^ മറ്റൊരു സാധ്യത “വിഡ്ഢിത്തം ഉപയോഗിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നു.”
^ അഥവാ “രമ്യതയിലാകുന്നതിനെ.”
^ അഥവാ “നേരുള്ളവർക്കു സത്പേരുണ്ട്.”
^ അഥവാ “വിവരംകെട്ടവൻ.”
^ അഥവാ “കോപിഷ്ഠനും.”
^ അഥവാ “വിവരംകെട്ടവന്റെ.”
^ അഥവാ “ഓരോ ശ്വാസത്തിലും.”
^ അഥവാ “ആരോഗ്യമേകുന്നു.”
^ അഥവാ “ധർമനിഷ്ഠയിൽ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.