സുഭാഷിതങ്ങൾ 16:1-33
16 ഒരുവൻ ഹൃദയത്തിൽ ചിന്തകൾ ഒരുക്കിവെക്കുന്നു;*എന്നാൽ അവൻ നൽകുന്ന മറുപടി* യഹോവയിൽനിന്നുള്ളത്.+
2 മനുഷ്യനു തന്റെ വഴികളെല്ലാം ശരിയെന്നു* തോന്നുന്നു;+എന്നാൽ യഹോവ അവന്റെ ഉള്ളിലിരുപ്പു പരിശോധിക്കുന്നു.+
3 നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക;*+അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും.
4 എല്ലാം തന്റെ ഉദ്ദേശ്യം നിറവേറ്റാൻ യഹോവ ഇടയാക്കുന്നു;വിനാശദിവസത്തിൽ ദുഷ്ടന്മാർ നശിക്കാനും ഇടയാക്കുന്നു.+
5 ഹൃദയത്തിൽ അഹങ്കാരമുള്ളവരെയെല്ലാം യഹോവയ്ക്ക് അറപ്പാണ്;+
ദൈവം അവരെ ശിക്ഷിക്കാതെ വിടില്ലെന്ന് ഉറപ്പാണ്.
6 അചഞ്ചലസ്നേഹവും വിശ്വസ്തതയും തെറ്റിനു പരിഹാരം വരുത്തുന്നു;+യഹോവയോടു ഭയഭക്തിയുള്ളവൻ തെറ്റിൽനിന്ന് ഓടിയകലുന്നു.+
7 യഹോവയ്ക്ക് ഒരുവന്റെ വഴികളിൽ പ്രസാദം തോന്നിയാൽശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.+
8 അന്യായമായി നേടുന്ന വലിയ വരുമാനത്തെക്കാൾ+നീതികൊണ്ട് നേടുന്ന അൽപ്പം സമ്പത്താണു നല്ലത്.+
9 പോകേണ്ട വഴിയെക്കുറിച്ച് മനുഷ്യൻ ഹൃദയത്തിൽ പദ്ധതിയിട്ടേക്കാം;എന്നാൽ യഹോവയാണ് അവന്റെ കാലടികളെ നയിക്കുന്നത്.+
10 രാജാവിന്റെ വായിൽ ദൈവികതീരുമാനമുണ്ടായിരിക്കണം;+അദ്ദേഹം ഒരിക്കലും ന്യായം തള്ളിക്കളയരുത്.+
11 കൃത്യതയുള്ള ത്രാസ്സുകളും തൂക്കങ്ങളും യഹോവയിൽനിന്ന്;സഞ്ചിയിലെ എല്ലാ തൂക്കക്കട്ടികളും ദൈവം നൽകിയത്.+
12 നീതി നിമിത്തം സിംഹാസനം സുസ്ഥിരമായിരിക്കുന്നു;+അതിനാൽ രാജാക്കന്മാർ ദുഷ്ചെയ്തികൾ വെറുക്കുന്നു.+
13 നീതിയോടെയുള്ള സംസാരം രാജാക്കന്മാർക്കു പ്രിയം.
സത്യസന്ധമായി സംസാരിക്കുന്നവരെ അവർ സ്നേഹിക്കുന്നു.+
14 രാജകോപം മരണദൂതനെപ്പോലെ;+എന്നാൽ ബുദ്ധിയുള്ളവൻ അതു ശമിപ്പിക്കുന്നു.*+
15 രാജാവിന്റെ മുഖപ്രസാദത്തിൽ ജീവനുണ്ട്;അദ്ദേഹത്തിന്റെ പ്രീതി വസന്തകാലത്തെ മഴമേഘംപോലെ.+
16 ജ്ഞാനം നേടുന്നതു സ്വർണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലത്!+
വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്ഠം!+
17 നേരുള്ളവന്റെ പ്രധാനവീഥി തിന്മ ഒഴിവാക്കുന്നു;
തന്റെ വഴി കാക്കുന്നവൻ ജീവൻ സംരക്ഷിക്കുന്നു.+
18 തകർച്ചയ്ക്കു മുമ്പ് അഹങ്കാരം;വീഴ്ചയ്ക്കു* മുമ്പ് അഹംഭാവം.+
19 അഹംഭാവികളോടൊപ്പം കൊള്ളവസ്തു പങ്കിടുന്നതിനെക്കാൾസൗമ്യരോടുകൂടെ താഴ്മയോടിരിക്കുന്നതു നല്ലത്.+
20 എല്ലാ കാര്യത്തിലും ഉൾക്കാഴ്ച കാണിക്കുന്നവൻ വിജയിക്കും;*യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടൻ.
21 ഹൃദയത്തിൽ ജ്ഞാനമുള്ളവനെ വകതിരിവുള്ളവൻ എന്നു വിളിക്കും;+ദയയുള്ള വാക്കുകൾക്കു* സ്വാധീനശക്തിയുണ്ട്.+
22 ഉൾക്കാഴ്ചയുള്ളവർക്ക് അതു ജീവന്റെ ഉറവയാണ്;എന്നാൽ വിഡ്ഢികളുടെ വിഡ്ഢിത്തം അവർക്കു ശിക്ഷണം നൽകുന്നു.
23 ബുദ്ധിയുള്ളവന്റെ ഹൃദയം അവന്റെ വായ്ക്ക് ഉൾക്കാഴ്ചയേകുന്നു;+അത് അവന്റെ വാക്കുകൾക്കു സ്വാധീനശക്തി നൽകുന്നു.
24 ഹൃദ്യമായ സംസാരം തേനടപോലെ;അതു ദേഹിക്കു* മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്.+
25 ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും;എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.+
26 ജോലിക്കാരന്റെ വിശപ്പ് അവനെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നു;അവന്റെ വയറ്* അവനെ നിർബന്ധിക്കുന്നു.+
27 ഒന്നിനും കൊള്ളാത്തവൻ തിന്മ കുഴിച്ചെടുക്കുന്നു;+അവന്റെ സംസാരം എരിയുന്ന തീപോലെയാണ്.+
28 വഴക്കാളി* കലഹം ഉണ്ടാക്കുന്നു;+പരദൂഷണം പറയുന്നവൻ ഉറ്റസുഹൃത്തുക്കളെ തമ്മിലടിപ്പിക്കുന്നു.+
29 അക്രമി അയൽക്കാരനെ വശീകരിച്ച്തെറ്റായ വഴിയേ കൊണ്ടുപോകുന്നു.
30 അവൻ കണ്ണിറുക്കിക്കൊണ്ട് തന്ത്രങ്ങൾ മനയുന്നു;
ചുണ്ടു കടിച്ചുകൊണ്ട് ദ്രോഹം പ്രവർത്തിക്കുന്നു.
31 നീതിയുടെ മാർഗത്തിൽ നടക്കുന്നവർക്ക്+നരച്ച മുടി സൗന്ദര്യകിരീടമാണ്.*+
32 ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്ഠൻ;കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+
33 മടിയിൽ നറുക്കിടുന്നു;+എന്നാൽ തീരുമാനങ്ങളെല്ലാം യഹോവയുടേത്.+
അടിക്കുറിപ്പുകള്
^ അഥവാ “ശരിയായ മറുപടി.”
^ അക്ഷ. “ഹൃദയത്തിലുള്ളത് അടുക്കിവെക്കുന്നതു മനുഷ്യനുള്ളത്.”
^ അക്ഷ. “ശുദ്ധമാണെന്ന്.”
^ അക്ഷ. “നിന്റെ പ്രവൃത്തികൾ യഹോവയിലേക്ക് ഉരുട്ടിമാറ്റുക.”
^ അഥവാ “ഒഴിവാക്കുന്നു.”
^ അഥവാ “കാലിടറുന്നതിന്.”
^ അക്ഷ. “നന്മ കണ്ടെത്തും.”
^ അഥവാ “ആകർഷകമായ വാക്കുകൾക്ക്.” അക്ഷ. “ചുണ്ടുകളുടെ മധുരത്തിന്.”
^ അക്ഷ. “വായ്.”
^ അഥവാ “തന്ത്രശാലി.”
^ അഥവാ “മഹത്ത്വകിരീടമാണ്.”
^ അഥവാ “പെട്ടെന്നു കോപിക്കാത്ത.”
^ അക്ഷ. “തന്റെ ആത്മാവിനെ ഭരിക്കുന്നവൻ.”