സുഭാഷിതങ്ങൾ 17:1-28
17 വഴക്കടിക്കുന്ന വീട്ടിലെ വിഭവസമൃദ്ധമായ സദ്യയെക്കാൾ*+സമാധാനമുള്ളിടത്തെ ഉണക്കറൊട്ടിയാണു നല്ലത്.+
2 നാണംകെട്ട മകനെ ഉൾക്കാഴ്ചയുള്ള വേലക്കാരൻ ഭരിക്കും;സഹോദരന്മാരിൽ ഒരുവനെപ്പോലെ അയാൾക്കും അവകാശം ലഭിക്കും.
3 വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്നത് യഹോവ.+
4 ദുഷ്ടൻ മുറിപ്പെടുത്തുന്ന സംസാരം ശ്രദ്ധിക്കുന്നു;വഞ്ചകൻ ദ്രോഹകരമായ വാക്കുകൾക്കു ചെവി കൊടുക്കുന്നു.+
5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ പുച്ഛിക്കുന്നു;+മറ്റൊരുവന്റെ ആപത്തിൽ സന്തോഷിക്കുന്നവനു ശിക്ഷ കിട്ടാതിരിക്കില്ല.+
6 കൊച്ചുമക്കൾ* വൃദ്ധരുടെ കിരീടം;അപ്പൻ* മകന്റെ* മഹത്ത്വം.
7 നേരുള്ള* സംസാരം വിഡ്ഢിക്കു ചേരില്ല.+
നുണ പറയുന്നതു ഭരണാധികാരിക്ക് അത്രയുംപോലും ചേരില്ല.+
8 സമ്മാനം അതിന്റെ ഉടമസ്ഥന് ഒരു അമൂല്യരത്നം;+എങ്ങോട്ടു തിരിഞ്ഞാലും അത് അവനു വിജയം നേടിക്കൊടുക്കും.+
9 ലംഘനം ക്ഷമിക്കുന്നവൻ* സ്നേഹം തേടുന്നു;+എന്നാൽ ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു.+
10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+വിഡ്ഢിക്കു ലഭിക്കുന്ന നൂറ് അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+
11 ചീത്ത മനുഷ്യൻ കലഹം തേടിനടക്കുന്നു;എന്നാൽ അവനെ ശിക്ഷിക്കാൻ ക്രൂരനായ ഒരു സന്ദേശവാഹകനെ അയയ്ക്കും.+
12 വിഡ്ഢിയെ അവന്റെ വിഡ്ഢിത്തത്തിൽ നേരിടുന്നതിനെക്കാൾ നല്ലത്+കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട കരടിയെ നേരിടുന്നതാണ്.
13 ഒരാൾ നന്മയ്ക്കു പകരം തിന്മ ചെയ്താൽതിന്മ അവന്റെ വീടു വിട്ടൊഴിയില്ല.+
14 വഴക്കു തുടങ്ങുന്നത് അണക്കെട്ടു തുറന്നുവിടുന്നതുപോലെ;കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട് പോകുക.+
15 ദുഷ്ടനെ വെറുതേ വിടുന്നവനെയും നീതിമാനെ കുറ്റം വിധിക്കുന്നവനെയും+യഹോവയ്ക്ക് ഒരുപോലെ അറപ്പാണ്.
16 ജ്ഞാനം സമ്പാദിക്കാൻ വഴിയുണ്ടായിട്ടുംഅതു നേടാൻ വിഡ്ഢിക്ക് ആഗ്രഹമില്ലെങ്കിൽ* പിന്നെ അതുകൊണ്ട് എന്തു ഗുണം?+
17 യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു;+കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.+
18 സാമാന്യബോധമില്ലാത്തവൻ* അയൽക്കാരന്റെ സാന്നിധ്യത്തിൽ കൈ കൊടുക്കുന്നു;അങ്ങനെ, ജാമ്യം നിൽക്കാൻ അവൻ സമ്മതിക്കുന്നു.+
19 കലഹം ഇഷ്ടപ്പെടുന്നവൻ ലംഘനത്തെ സ്നേഹിക്കുന്നു;+
പടിവാതിൽ ഉയർത്തിക്കെട്ടുന്നവൻ നാശം ക്ഷണിച്ചുവരുത്തുന്നു.+
20 ഹൃദയത്തിൽ വക്രതയുള്ളവൻ ഒരിക്കലും വിജയിക്കില്ല;*+വഞ്ചനയോടെ സംസാരിക്കുന്നവൻ നശിച്ചുപോകും.
21 വിഡ്ഢിയുടെ അപ്പൻ ദുഃഖിക്കേണ്ടിവരും;സാമാന്യബോധമില്ലാത്തവനെ ജനിപ്പിച്ചവനു സന്തോഷമുണ്ടാകില്ല.+
22 സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്;+എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.*+
23 ദുഷ്ടൻ രഹസ്യമായി* കൈക്കൂലി വാങ്ങിനീതിയുടെ മാർഗം വളച്ചൊടിക്കുന്നു.+
24 വകതിരിവുള്ളവന്റെ കൺമുന്നിൽ ജ്ഞാനമുണ്ട്;എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു.+
25 വിഡ്ഢിയായ മകൻ അപ്പനെ ദുഃഖിപ്പിക്കുന്നു;അവനെ പ്രസവിച്ചവൾക്കു ഹൃദയവേദന* നൽകുന്നു.+
26 നീതിമാനെ ശിക്ഷിക്കുന്നതു* ശരിയല്ല;മാന്യന്മാരെ അടിക്കുന്നത് അന്യായം.
27 അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു;+വകതിരിവുള്ളവൻ ശാന്തത പാലിക്കും.+
28 മിണ്ടാതിരുന്നാൽ വിഡ്ഢിയെപ്പോലും ബുദ്ധിമാനായി കണക്കാക്കും;വായ് അടച്ചുവെക്കുന്നവനെ വകതിരിവുള്ളവനായി കരുതും.
അടിക്കുറിപ്പുകള്
^ അക്ഷ. “ബലികളെക്കാൾ.”
^ അഥവാ “കൊച്ചുമകൻ.”
^ അഥവാ “മാതാപിതാക്കൾ.”
^ അഥവാ “മക്കളുടെ.”
^ അഥവാ “നല്ല.”
^ അക്ഷ. “മൂടുന്നവൻ.”
^ അഥവാ “വിഡ്ഢിക്കു സാമാന്യബോധമില്ലെങ്കിൽ.”
^ അഥവാ “ബുദ്ധിശൂന്യൻ.”
^ അക്ഷ. “വക്രതയുള്ളവനു നന്മയുണ്ടാകില്ല.”
^ അഥവാ “അസ്ഥികളെ ഉണക്കിക്കളയുന്നു.”
^ അക്ഷ. “മാർവിടത്തിൽനിന്ന്.”
^ അക്ഷ. “കയ്പ്.”
^ അഥവാ “നീതിമാനു പിഴയിടുന്നത്.”