സുഭാഷിതങ്ങൾ 18:1-24
18 സ്വയം ഒറ്റപ്പെടുത്തുന്നവൻ സ്വാർഥതയോടെ സ്വന്തമോഹങ്ങൾക്കു പിന്നാലെ പോകുന്നു;അവൻ ജ്ഞാനത്തെ അപ്പാടേ നിരസിക്കുന്നു.*
2 കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വിഡ്ഢിക്കു താത്പര്യമില്ല;ഹൃദയത്തിലുള്ളതു വെളിപ്പെടുത്താനാണ് അവന് ഇഷ്ടം.+
3 ദുഷ്ടൻ വരുമ്പോൾ കൂടെ വെറുപ്പും വരുന്നു;അപമാനത്തോടൊപ്പം നിന്ദയും എത്തുന്നു.+
4 മനുഷ്യന്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം;+
ജ്ഞാനത്തിന്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ.
5 ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതും+നീതിമാനു നീതി നിഷേധിക്കുന്നതും+ നന്നല്ല.
6 വിഡ്ഢിയുടെ വാക്കുകൾ തർക്കങ്ങൾക്കു കാരണമാകുന്നു;+അവന്റെ വായ് അടി ക്ഷണിച്ചുവരുത്തുന്നു.+
7 വിഡ്ഢിയുടെ വായ് അവന്റെ നാശം;+അവന്റെ ചുണ്ടുകൾ അവന്റെ ജീവന് ഒരു കുടുക്ക്.
8 പരദൂഷണം പറയുന്നവന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ;+അതു വിഴുങ്ങുമ്പോൾ നേരെ വയറ്റിലേക്കു പോകുന്നു.+
9 ജോലി ചെയ്യാൻ മടിയുള്ളവൻനാശം വരുത്തുന്നവന്റെ സഹോദരൻ.+
10 യഹോവയുടെ പേര് ബലമുള്ള ഗോപുരം.+
നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.*+
11 ധനികന്റെ സമ്പത്ത് അവനു കോട്ടമതിലുള്ള ഒരു നഗരം;അത് ഒരു ഉയർന്ന മതിലാണെന്ന് അവനു തോന്നുന്നു.+
12 തകർച്ചയ്ക്കു മുമ്പ് മനുഷ്യന്റെ ഹൃദയം അഹങ്കരിക്കുന്നു;+മഹത്ത്വത്തിനു മുമ്പ് താഴ്മ.+
13 വസ്തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്ഢിത്തം;അതു മനുഷ്യന് അപമാനകരം.+
14 മനക്കരുത്ത് ഒരുവനെ രോഗത്തിൽ താങ്ങിനിറുത്തും;+എന്നാൽ തകർന്ന മനസ്സ്* ആർക്കു താങ്ങാനാകും?+
15 വകതിരിവുള്ളവന്റെ ഹൃദയം അറിവ് നേടുന്നു;+ബുദ്ധിമാന്റെ ചെവി അറിവ് തേടുന്നു.
16 സമ്മാനം നൽകുന്നത് ഒരുവനു വഴികൾ തുറന്നുകൊടുക്കുന്നു;+അത് അവനെ മഹാന്മാരുടെ അടുത്ത് എത്തിക്കുന്നു.
17 ആദ്യം പരാതി ബോധിപ്പിക്കുന്നവന്റെ ഭാഗത്താണു ശരിയെന്നു തോന്നും;+എന്നാൽ എതിർകക്ഷി വന്ന് അവനെ ചോദ്യം ചെയ്യുന്നതുവരെ മാത്രം.+
18 നറുക്കു കലഹങ്ങൾ അവസാനിപ്പിക്കുന്നു;+ശക്തരായ എതിർകക്ഷികൾക്കിടയിൽ തീർപ്പുണ്ടാക്കുന്നു.*
19 കോട്ടമതിലുള്ള ഒരു നഗരം കീഴടക്കുന്നതിനെക്കാൾപരിഭവിച്ചിരിക്കുന്ന സഹോദരനെ അനുനയിപ്പിക്കാൻ പ്രയാസം;+ചില വഴക്കുകൾ കോട്ടയുടെ ഓടാമ്പലുകൾപോലെ.+
20 സംസാരത്തിന്റെ ഫലംകൊണ്ട് ഒരുവന്റെ വയറു നിറയുന്നു;+അവന്റെ ചുണ്ടുകളിൽനിന്ന് വരുന്നത് അവനെ തൃപ്തനാക്കുന്നു.
21 ജീവനും മരണവും നാവിന്റെ കൈകളിലിരിക്കുന്നു;+അത് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം തിന്നും.+
22 നല്ല ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു;+അവന് യഹോവയുടെ പ്രീതിയുണ്ട്.+
23 ദരിദ്രൻ യാചനാസ്വരത്തിൽ സംസാരിക്കുന്നു;എന്നാൽ പണക്കാരൻ പരുഷമായി മറുപടി പറയുന്നു.
24 പരസ്പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്;+എന്നാൽ കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.+
അടിക്കുറിപ്പുകള്
^ അഥവാ “പ്രായോഗികജ്ഞാനത്തെ വെറുക്കുന്നു.”
^ അക്ഷ. “ഉയർത്തപ്പെടും.” അതായത്, അപകടം എത്തിപ്പെടാത്തിടത്ത് സുരക്ഷിതനായി കഴിയും.
^ അഥവാ “കഠിനമായ നിരാശ.”
^ അക്ഷ. “ശക്തരായ എതിർകക്ഷികളെ അകറ്റുന്നു.”