സുഭാഷിതങ്ങൾ 21:1-31
21 രാജാവിന്റെ ഹൃദയം യഹോവയുടെ കൈകളിൽ അരുവിപോലെ.+
തനിക്ക് ഇഷ്ടമുള്ളിടത്തേക്കു ദൈവം അതു തിരിച്ചുവിടുന്നു.+
2 മനുഷ്യനു തന്റെ വഴികളെല്ലാം ശരിയെന്നു തോന്നുന്നു,+എന്നാൽ യഹോവ ഹൃദയങ്ങളെ* പരിശോധിക്കുന്നു.+
3 ബലികളെക്കാൾ യഹോവയ്ക്ക് ഇഷ്ടംനീതിയോടെയും ന്യായത്തോടെയും പ്രവർത്തിക്കുന്നതാണ്.+
4 അഹങ്കാരമുള്ള കണ്ണുകളും അഹംഭാവം നിറഞ്ഞ ഹൃദയവും ദുഷ്ടന്മാരെ നയിക്കുന്ന വിളക്ക്;അവ പാപമാണ്.+
5 പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും;*+എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.+
6 നുണ പറയുന്ന നാവുകൊണ്ട് ഉണ്ടാക്കുന്ന സമ്പത്ത്മാഞ്ഞുപോകുന്ന മഞ്ഞുപോലെ; അത് ഒരു മരണക്കെണിയാണ്.*+
7 ദുഷ്ടന്മാരെ അവരുടെ അക്രമം തൂത്തെറിയും;+അവർ നീതിയോടെ പ്രവർത്തിക്കാൻ വിസമ്മതിക്കുന്നല്ലോ.
8 കുറ്റം ചെയ്യുന്നവന്റെ വഴികൾ വക്രതയുള്ളത്;എന്നാൽ ശുദ്ധനായ മനുഷ്യന്റെ പ്രവൃത്തികൾ നേരുള്ളവ.+
9 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം+ ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾപുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്.
10 ദുഷ്ടൻ തിന്മയ്ക്കായി കൊതിക്കുന്നു;+അവൻ അയൽക്കാരനോട് ഒരു കരുണയും കാണിക്കുന്നില്ല.+
11 പരിഹാസിയെ ശിക്ഷിക്കുന്നതു കണ്ട് അനുഭവജ്ഞാനമില്ലാത്തവൻ ജ്ഞാനിയാകുന്നു;ജ്ഞാനിക്ക് ഉൾക്കാഴ്ച ലഭിക്കുമ്പോൾ അവൻ അറിവ് നേടുന്നു.*+
12 നീതിമാനായ ദൈവം ദുഷ്ടന്മാരുടെ ഭവനം നിരീക്ഷിക്കുന്നു;ദൈവം ദുഷ്ടന്മാരെ നാശത്തിലേക്കു വലിച്ചെറിയുന്നു.+
13 എളിയവന്റെ നിലവിളി കേൾക്കാതെ ആരെങ്കിലും ചെവി പൊത്തിയാൽഅവൻ നിലവിളിക്കുമ്പോഴും ആരും ശ്രദ്ധിക്കില്ല.+
14 രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപം ശമിപ്പിക്കുന്നു;+രഹസ്യമായി കൊടുക്കുന്ന* കൈക്കൂലി ഉഗ്രകോപം തണുപ്പിക്കുന്നു.
15 ന്യായത്തോടെ പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷം;+എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവന് അത് അങ്ങേയറ്റം ഭയമാണ്.
16 ഉൾക്കാഴ്ചയുടെ വഴിയിൽനിന്ന് മാറിനടക്കുന്നവൻമരിച്ചവരോടൊപ്പം* വിശ്രമിക്കും.+
17 ഉല്ലാസപ്രിയൻ ദരിദ്രനാകും;+വീഞ്ഞും എണ്ണയും ഇഷ്ടപ്പെടുന്നവൻ സമ്പന്നനാകില്ല.
18 ദുഷ്ടൻ നീതിമാന്റെ മോചനവില;നേരുള്ളവനു പകരം വഞ്ചകനെ പിടിച്ചുകൊണ്ടുപോകും.+
19 വഴക്കടിക്കുന്ന,* ശല്യക്കാരിയായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾമരുഭൂമിയിൽ* കഴിയുന്നതാണു നല്ലത്.+
20 ബുദ്ധിയുള്ളവന്റെ വീട്ടിൽ അമൂല്യവസ്തുക്കളും എണ്ണയും ഉണ്ട്;+എന്നാൽ വിഡ്ഢി തനിക്കുള്ളതു ധൂർത്തടിക്കുന്നു.+
21 നീതിയും അചഞ്ചലസ്നേഹവും കാണിക്കുന്നവന്ജീവനും നീതിയും മഹത്ത്വവും ലഭിക്കും.+
22 ബുദ്ധിമാൻ കരുത്തരുടെ നഗരത്തിലേക്കു കയറും;*അവർ ആശ്രയിക്കുന്ന ശക്തി അവൻ തകർത്തുകളയും.+
23 വായും നാവും സൂക്ഷിക്കുന്നവൻകുഴപ്പങ്ങളിൽ ചെന്ന് ചാടില്ല.+
24 അഹങ്കാരത്തോടെ എടുത്തുചാടുന്നവനെഅഹംഭാവിയെന്നും ധിക്കാരിയെന്നും പൊങ്ങച്ചക്കാരനെന്നും വിളിക്കും.+
25 മടിയൻ കൊതിക്കുന്നത് അവനെ മരണത്തിൽ കൊണ്ടെത്തിക്കും;അവന്റെ കൈകൾ അധ്വാനിക്കാൻ തയ്യാറായില്ലല്ലോ.+
26 ദിവസം മുഴുവൻ അവൻ അത്യാഗ്രഹത്തോടും കൊതിയോടും കൂടെയിരിക്കുന്നു;എന്നാൽ നീതിമാൻ കൈ അയച്ച് ദാനം ചെയ്യുന്നു.+
27 ദുഷ്ടന്റെ ബലി അറപ്പുളവാക്കുന്നതാണ്;+
അങ്ങനെയെങ്കിൽ, ദുഷ്ടമായ ലക്ഷ്യത്തോടെ* അവൻ അത് അർപ്പിക്കുമ്പോഴോ?
28 നുണയനായ സാക്ഷി ഇല്ലാതാകും,+എന്നാൽ ശ്രദ്ധിച്ചുകേൾക്കുന്നവനു നന്നായി സാക്ഷി പറയാനാകും.*
29 ദുഷ്ടൻ പുച്ഛത്തോടെ നോക്കുന്നു;+എന്നാൽ നേരുള്ളവന്റെ വഴി സുസ്ഥിരമായത്.*+
30 യഹോവയ്ക്കെതിരായി ജ്ഞാനമോ വകതിരിവോ ഉപദേശമോ ഇല്ല.+
31 യുദ്ധദിവസത്തിനായി കുതിരയെ ഒരുക്കുന്നു;+എന്നാൽ യഹോവയാണു രക്ഷ നൽകുന്നത്.+
അടിക്കുറിപ്പുകള്
^ അഥവാ “ആന്തരത്തെ.”
^ അഥവാ “നേട്ടങ്ങളിലേക്കു നയിക്കുന്നു.”
^ മറ്റൊരു സാധ്യത “മരണം അന്വേഷിക്കുന്നവർക്ക്, മാഞ്ഞുപോകുന്ന മഞ്ഞുപോലെ.”
^ അഥവാ “സ്വൈരം കെടുത്തുന്ന.”
^ അഥവാ “എന്തു ചെയ്യണമെന്ന് അവൻ തിരിച്ചറിയുന്നു.”
^ അക്ഷ. “മാർവിടത്തിലെ.”
^ അഥവാ “മരിച്ച് അശക്തരായവരോടൊപ്പം.”
^ അഥവാ “സ്വൈരം കെടുത്തുന്ന.”
^ അഥവാ “നഗരം ജയിച്ചടക്കും.”
^ അഥവാ “നാണംകെട്ട പെരുമാറ്റത്തോടെ.”
^ അക്ഷ. “ശ്രദ്ധിച്ചുകേൾക്കുന്നവൻ എന്നും സംസാരിക്കും.”
^ അഥവാ “നേരുള്ളവനാണു തന്റെ വഴി സുസ്ഥിരമാക്കുന്നത്.”