സുഭാഷിതങ്ങൾ 25:1-28
25 യഹൂദാരാജാവായ ഹിസ്കിയയുടെ+ ഭൃത്യന്മാർ പകർത്തിയെടുത്ത* ശലോമോന്റെ+ ജ്ഞാനമൊഴികളാണ് ഇവ:
2 കാര്യം രഹസ്യമായി സൂക്ഷിക്കുന്നതു ദൈവത്തിനു മഹത്ത്വം;+കാര്യങ്ങൾ നന്നായി പരിശോധിക്കുന്നതു രാജാക്കന്മാർക്കു മഹത്ത്വം.
3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും പോലെരാജാക്കന്മാരുടെ ഹൃദയവും മനസ്സിലാക്കാനാകില്ല.
4 വെള്ളിയിൽനിന്ന് അശുദ്ധി നീക്കുക;അപ്പോൾ അതു പരിശുദ്ധമായിത്തീരും.+
5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+
6 രാജാവിന്റെ മുന്നിൽ സ്വയം ഉയർത്തരുത്;+പ്രധാനികളുടെ ഇടയിൽ സ്ഥാനം പിടിക്കരുത്.+
7 പ്രഭുവിന്റെ മുന്നിൽ രാജാവ് നിന്നെ അപമാനിക്കുന്നതിലും നല്ലത്
“ഇവിടെ കയറിവരൂ” എന്ന് അദ്ദേഹം നിന്നോടു പറയുന്നതല്ലേ?+
8 കേസ് കൊടുക്കാൻ തിരക്കു കൂട്ടരുത്;നിന്റെ അയൽക്കാരൻ ഒടുവിൽ നിന്നെ അപമാനിച്ചാൽ നീ എന്തു ചെയ്യും?+
9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+
10 പുറത്ത് പറഞ്ഞാൽ, അതു കേൾക്കുന്നവൻ നിന്നെ നാണംകെടുത്തും;തിരിച്ചെടുക്കാനാകാത്ത ഒരു മോശം* വാർത്ത പരത്തുകയായിരിക്കും നീ.
11 തക്കസമയത്ത് പറയുന്ന വാക്ക്വെള്ളിപ്പാത്രത്തിലെ സ്വർണ ആപ്പിളുകൾപോലെ.+
12 ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+
13 വിശ്വസ്തനായ ഒരു സന്ദേശവാഹകൻ അവനെ അയച്ചവന്,കൊയ്ത്തുദിവസത്തെ മഞ്ഞിന്റെ തണുപ്പുപോലെയാണ്.അവൻ അവന്റെ യജമാനന് ഉന്മേഷം പകരുന്നു.+
14 നൽകാത്ത* സമ്മാനത്തെക്കുറിച്ച് വീമ്പിളക്കുന്നവൻമഴ നൽകാത്ത മേഘങ്ങളും കാറ്റും പോലെ.+
15 ക്ഷമകൊണ്ട് ഒരു സൈന്യാധിപനെ അനുനയിപ്പിക്കാം;സൗമ്യമായ വാക്കുകൾക്ക്* എല്ല് ഒടിക്കാനാകും.+
16 തേൻ കിട്ടിയാൽ ആവശ്യത്തിനു മാത്രം കുടിക്കുക;അധികം കുടിച്ചാൽ നീ അതു ഛർദിക്കും.+
17 അയൽക്കാരന്റെ വീട്ടിൽ കൂടെക്കൂടെ പോകരുത്;നീ അവനൊരു ശല്യമായി അവൻ നിന്നെ വെറുക്കാനിടയുണ്ട്.
18 അയൽക്കാരന് എതിരെ കള്ളസാക്ഷി പറയുന്നവൻഗദയും വാളും കൂർത്ത അമ്പും പോലെ.+
19 കഷ്ടതകൾ ഉണ്ടാകുമ്പോൾ, വഞ്ചകനെ* ആശ്രയിക്കുന്നവൻഒടിഞ്ഞ പല്ലിലും മുടന്തുള്ള കാലിലും ആശ്രയിക്കുന്നവനെപ്പോലെ.
20 നിരാശ നിറഞ്ഞ ഹൃദയത്തിനു പാട്ടു പാടിക്കൊടുക്കുന്നത്+തണുപ്പുള്ള ദിവസം വസ്ത്രം ഊരിമാറ്റുന്നതുപോലെയുംകാരത്തിനു* മേൽ വിനാഗിരി ഒഴിക്കുന്നതുപോലെയും ആണ്.
21 നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവന് ആഹാരം കൊടുക്കുക;ദാഹിക്കുന്നെങ്കിൽ വെള്ളം കൊടുക്കുക.+
22 അങ്ങനെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും;*+യഹോവ നിനക്കു പ്രതിഫലം തരും.
23 വടക്കൻ കാറ്റ് പെരുമഴ കൊണ്ടുവരുന്നു;പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ് കോപം കൊണ്ടുവരുന്നു.+
24 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം ഒരേ വീട്ടിൽ കഴിയുന്നതിനെക്കാൾപുരമുകളിലെ ഒരു മൂലയിൽ കഴിയുന്നതാണു നല്ലത്.+
25 ക്ഷീണിച്ചിരിക്കുന്നവനു തണുത്ത വെള്ളംപോലെയാണ്ദൂരദേശത്തുനിന്നുള്ള നല്ല വാർത്ത.+
26 ദുഷ്ടന്റെ വാക്കുകൾക്കു വഴങ്ങുന്ന* നീതിമാൻകലങ്ങിമറിഞ്ഞ നീരുറവയും നശിച്ചുപോയ കിണറും പോലെ.
27 ഏറെ തേൻ കുടിക്കുന്നതു നന്നല്ല;+സ്വന്തം മഹത്ത്വത്തിനായി പ്രവർത്തിക്കുന്നതു മാനമല്ല.+
28 കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ*+ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ.
അടിക്കുറിപ്പുകള്
^ അഥവാ “പകർത്തിയെഴുതി ഒന്നിച്ചുചേർത്ത.”
^ അഥവാ “മറ്റുള്ളവരുടെ രഹസ്യങ്ങൾ.”
^ അഥവാ “തിരിച്ചെടുക്കാനാകാത്ത, ദോഷം ചെയ്യാൻ ഉദ്ദേശിച്ചുള്ള.”
^ അക്ഷ. “നുണയുടെ.”
^ അക്ഷ. “മൃദുവായ നാവിന്.”
^ മറ്റൊരു സാധ്യത “ആശ്രയിക്കാൻ കൊള്ളാത്തവനെ.”
^ അഥവാ “ക്ഷാരത്തിന്.”
^ അതായത്, അയാളെ മയപ്പെടുത്തി അയാളുടെ മനസ്സിന്റെ കാഠിന്യം ഉരുക്കിക്കളയും.
^ അഥവാ “സ്വൈരം കെടുത്തുന്ന.”
^ അഥവാ “ദുഷ്ടനുമായി രമ്യതയിലാകുന്ന.” അക്ഷ. “ദുഷ്ടന്റെ മുന്നിൽ ഇടറുന്ന.”
^ അഥവാ “സ്വന്തം ആത്മാവിനു മേൽ നിയന്ത്രണമില്ലാത്തവൻ.”