സുഭാഷിതങ്ങൾ 26:1-28
26 വേനൽക്കാലത്ത് മഞ്ഞും കൊയ്ത്തുകാലത്ത് മഴയും പോലെവിഡ്ഢിക്ക് ആദരവ് ചേരില്ല.+
2 പക്ഷിക്കു പറക്കാനും മീവൽപ്പക്ഷിക്കു പാറിപ്പറക്കാനും കാരണമുണ്ട്;ഒരു കാരണവുമില്ലാതെ ശാപവും വരില്ല.*
3 കുതിരയ്ക്കു ചാട്ട, കഴുതയ്ക്കു കടിഞ്ഞാൺ;+വിഡ്ഢികളുടെ മുതുകിനു വടി.+
4 വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയരുത്;അവന്റെ നിലവാരത്തിലേക്കു താഴരുത്.
5 വിഡ്ഢിയുടെ വിഡ്ഢിത്തത്തിനു ചേർച്ചയിൽ മറുപടി പറയുക;അല്ലെങ്കിൽ താൻ ബുദ്ധിമാനാണെന്ന് അവൻ കരുതും.+
6 വിഡ്ഢിയെ കാര്യം ഏൽപ്പിക്കുന്നവൻസ്വന്തം കാൽ മുറിച്ചുകളയുകയും സ്വയം ദ്രോഹിക്കുകയും* ചെയ്യുന്നവനെപ്പോലെ.
7 വിഡ്ഢികളുടെ വായിലെ ജ്ഞാനമൊഴികൾമുടന്തന്റെ മുടന്തുള്ള* കാലുപോലെ.+
8 വിഡ്ഢിയെ ആദരിക്കുന്നത്കവണയിൽ കല്ലു കെട്ടിവെക്കുന്നതുപോലെ.+
9 വിഡ്ഢികളുടെ വായിലെ ജ്ഞാനമൊഴികൾകുടിയന്റെ കൈയിലെ മുൾച്ചെടിപോലെ.
10 വിഡ്ഢിയെയോ വഴിപോക്കനെയോ കൂലിക്കെടുക്കുന്നവൻലക്ഷ്യമില്ലാതെ* അമ്പ് എയ്ത് മുറിവേൽപ്പിക്കുന്നവനെപ്പോലെ.
11 വിഡ്ഢിത്തം ആവർത്തിക്കുന്നവൻസ്വന്തം ഛർദി തിന്നുന്ന നായയെപ്പോലെ.+
12 സ്വയം ബുദ്ധിമാനാണെന്നു കരുതുന്നവനെ നീ കണ്ടിട്ടുണ്ടോ?+
അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്ഢിയെക്കുറിച്ചുണ്ട്.
13 “വഴിയിൽ ഒരു സിംഹമുണ്ട്,തെരുവിലൂടെ* ഒരു സിംഹം നടക്കുന്നു” എന്നു മടിയൻ പറയുന്നു.+
14 വാതിൽ വിജാഗിരിയിൽ* തിരിയുന്നതുപോലെമടിയൻ കിടക്കയിൽ കിടന്ന് തിരിയുന്നു.+
15 മടിയൻ കൈ പാത്രത്തിലേക്കു കൊണ്ടുപോകുന്നു;എന്നാൽ ഭക്ഷണം വായിലേക്കു കൊണ്ടുപോകാൻ അവനു വയ്യാ.+
16 വിവേകത്തോടെ മറുപടി പറയുന്ന ഏഴു പേരെക്കാൾതാൻ ബുദ്ധിമാനാണെന്നു മടിയൻ കരുതുന്നു.
17 വഴിയിൽ ആരെങ്കിലും വഴക്കു കൂടുന്നതു കണ്ട് ദേഷ്യപ്പെടുന്നവൻ*+പട്ടിയുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18 അയൽക്കാരനെ പറ്റിച്ചിട്ട്, “ഞാൻ ഒരു തമാശ ഒപ്പിച്ചതാണ്” എന്നു പറയുന്നവൻ
19 അമ്പുകളും തീയമ്പുകളും മരണവും* എയ്യുന്ന ഭ്രാന്തനെപ്പോലെ.+
20 വിറകില്ലെങ്കിൽ തീ കെട്ടുപോകും;പരദൂഷണക്കാരനില്ലെങ്കിൽ കലഹം ശമിക്കും.+
21 മരക്കരി കനലിനും വിറകു തീക്കും എന്നപോലെവഴക്ക് ഉണ്ടാക്കുന്നവൻ കലഹം ഊതിക്കത്തിക്കുന്നു.+
22 പരദൂഷണം പറയുന്നവന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ;അതു വിഴുങ്ങുമ്പോൾ നേരെ വയറ്റിലേക്കു പോകുന്നു.+
23 ദുഷ്ടഹൃദയത്തിൽനിന്നുള്ള ഹൃദ്യമായ വാക്കുകൾ*+മൺപാത്രക്കഷണത്തിൽ വെള്ളി പൂശിയതുപോലെ.
24 മറ്റുള്ളവരെ വെറുക്കുന്നവൻ അക്കാര്യം വായ്കൊണ്ട് മറയ്ക്കുന്നു;എന്നാൽ അവന്റെ ഉള്ളിൽ അപ്പോഴും വഞ്ചനയാണ്.
25 അവൻ ഹൃദ്യമായി സംസാരിക്കുന്നെങ്കിലും അവനെ വിശ്വസിക്കരുത്;അവന്റെ ഹൃദയത്തിൽ ഏഴു ദുഷ്ടവിചാരങ്ങളുണ്ട്.*
26 അവൻ വഞ്ചനയോടെ തന്റെ ശത്രുത മറച്ചുവെച്ചാലുംസഭയിൽ അവന്റെ ദുഷ്ടത വെളിപ്പെടും.
27 ഒരുവൻ കുഴിക്കുന്ന കുഴിയിൽ അവൻതന്നെ വീഴും;+കല്ല് ഉരുട്ടിമാറ്റുന്നവന്റെ നേരെ അത് ഉരുണ്ടുവരും.
28 നുണ പറയുന്ന നാവ് താൻ തകർത്തവരെ വെറുക്കുന്നു;മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “അർഹിക്കാത്ത ശാപം ഫലിക്കില്ല.”
^ അക്ഷ. “അക്രമം കുടിക്കുകയും.”
^ അഥവാ “തൂങ്ങിയാടുന്ന.”
^ അഥവാ “എല്ലാവരെയും.”
^ അഥവാ “പൊതുചത്വരത്തിലൂടെ.”
^ അഥവാ “കുടുമയിൽ.”
^ മറ്റൊരു സാധ്യത “അതിൽ തലയിടുന്നവൻ.”
^ അഥവാ “മാരകമായ അസ്ത്രങ്ങളും.”
^ അക്ഷ. “ജ്വലിക്കുന്ന ചുണ്ടുകളുള്ള ദുഷ്ടഹൃദയം.”
^ അഥവാ “ഹൃദയം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്.”