സുഭാഷിതങ്ങൾ 27:1-27
27 നാളെയെക്കുറിച്ച് വീമ്പിളക്കരുത്;ഓരോ ദിവസവും എന്തു സംഭവിക്കുമെന്നു* നിനക്ക് അറിയില്ലല്ലോ.+
2 നിന്റെ വായല്ല, മറ്റുള്ളവരാണു നിന്നെ പുകഴ്ത്തേണ്ടത്;നിന്റെ ചുണ്ടുകളല്ല, മറ്റുള്ളവരാണു നിന്നെ പ്രശംസിക്കേണ്ടത്.+
3 കല്ലിനും മണ്ണിനും ഭാരമുണ്ട്;എന്നാൽ വിഡ്ഢി വരുത്തുന്ന അസ്വസ്ഥതകൾ അവയിലും ഭാരമുള്ളവ.+
4 നിഷ്ഠുരമായ ക്രോധവും പ്രളയംപോലുള്ള കോപവും ഉണ്ട്;എന്നാൽ അസൂയ* ആർക്കു സഹിക്കാനാകും?+
5 മൂടിവെച്ചിരിക്കുന്ന സ്നേഹത്തെക്കാൾ തുറന്ന ശാസന നല്ലത്.+
6 കൂട്ടുകാരൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ലക്ഷണം;+എന്നാൽ ശത്രുവിന്റെ ചുംബനങ്ങൾ അനേകം.*
7 വയറു നിറഞ്ഞിരിക്കുന്നവനു തേനടയിലെ* തേൻപോലും വേണ്ടാ;എന്നാൽ വിശന്നിരിക്കുന്നവനു കയ്പുപോലും മധുരം.
8 വീടു വിട്ട് അലയുന്ന മനുഷ്യനുംകൂടു വിട്ട് അലയുന്ന പക്ഷിയും ഒരുപോലെ.
9 എണ്ണയും സുഗന്ധക്കൂട്ടും ഹൃദയത്തിനു സന്തോഷമേകുന്നു;ആത്മാർഥമായ ഉപദേശത്തിൽനിന്ന് ഉളവായ മധുരമായ സൗഹൃദവും അതുപോലെ.+
10 നിന്റെ കൂട്ടുകാരനെയും അപ്പന്റെ കൂട്ടുകാരനെയും ഉപേക്ഷിക്കരുത്;നിനക്ക് ആപത്തു വരുമ്പോൾ സഹോദരന്റെ വീട്ടിൽ പോകരുത്;അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരൻ നല്ലത്.+
11 എന്നെ നിന്ദിക്കുന്നവനു മറുപടി കൊടുക്കാൻ എനിക്കു കഴിയേണ്ടതിന്,+മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.+
12 വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു;+എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.*
13 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+
14 ഒരുവൻ അതികാലത്ത് കൂട്ടുകാരനെ ഉറക്കെ അനുഗ്രഹിച്ചാൽഅത് അവന് ഒരു ശാപമായി കണക്കിടും.
15 ദിവസം മുഴുവൻ ചോർന്നൊലിക്കുന്ന മേൽക്കൂരയും വഴക്കടിക്കുന്ന* ഭാര്യയും ഒരുപോലെ.+
16 അവളെ നിയന്ത്രിക്കാൻ കഴിയുന്നവനു കാറ്റിനെയും നിയന്ത്രിക്കാനാകും;അവനു വലതുകൈകൊണ്ട് എണ്ണ മുറുകെ പിടിക്കാനാകും.
17 ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു;മനുഷ്യൻ കൂട്ടുകാരനു മൂർച്ച കൂട്ടുന്നു.+
18 അത്തി മരത്തെ പരിപാലിക്കുന്നവൻ അതിന്റെ പഴം തിന്നും;+യജമാനനെ നന്നായി ശുശ്രൂഷിക്കുന്നവന് ആദരവ് ലഭിക്കും.+
19 വെള്ളത്തിൽ മുഖം പ്രതിഫലിക്കുന്നു;ഒരു മനുഷ്യന്റെ ഹൃദയത്തിൽ മറ്റൊരുവന്റെ ഹൃദയം പ്രതിഫലിക്കുന്നു.
20 ശവക്കുഴിക്കും വിനാശത്തിന്റെ സ്ഥലത്തിനും ഒരിക്കലും തൃപ്തിയാകുന്നില്ല;+മനുഷ്യന്റെ കണ്ണുകളും ഒരിക്കലും തൃപ്തിപ്പെടുന്നില്ല.
21 വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+മനുഷ്യനെ പരിശോധിക്കുന്നതോ അവനു ലഭിക്കുന്ന പ്രശംസ.*
22 ഉരലിൽ ഇട്ട് ധാന്യം ഇടിക്കുന്നതുപോലെവിഡ്ഢിയെ ഉലക്കകൊണ്ട് ഇടിച്ചാലുംവിഡ്ഢിത്തം അവനെ വിട്ട് പോകില്ല.
23 നിന്റെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നീ നന്നായി അറിഞ്ഞിരിക്കണം.
നിന്റെ ആടുകളെ നന്നായി പരിപാലിക്കുക.*+
24 സമ്പത്ത് എന്നുമുണ്ടായിരിക്കില്ല;+കിരീടം തലമുറകളോളം നിലനിൽക്കില്ല.
25 പുല്ല് ഇല്ലാതാകുന്നു, പുതുനാമ്പുകൾ മുളച്ചുവരുന്നു;മലകളിലെ സസ്യങ്ങൾ പറിച്ചുകൂട്ടുന്നു.
26 ആൺചെമ്മരിയാടുകൾ നിനക്കു വസ്ത്രം നൽകുന്നു;ആൺകോലാടുകൾ വയലിനുള്ള വില തരുന്നു.
27 നിനക്കും നിന്റെ വീട്ടിലുള്ളവർക്കും ആവശ്യത്തിന് ആട്ടിൻപാലുണ്ടായിരിക്കും;നിന്റെ ദാസിമാരെയും നീ അതുകൊണ്ട് പോറ്റും.
അടിക്കുറിപ്പുകള്
^ അക്ഷ. “പ്രസവിക്കുമെന്ന്.”
^ അഥവാ “സംശയം.” അതായത്, വിവാഹപങ്കാളിയുടെ വിശ്വസ്തതയിലുള്ള സംശയം.
^ മറ്റൊരു സാധ്യത “ആത്മാർഥതയില്ലാത്തത്; മനസ്സില്ലാമനസ്സോടെ തരുന്നത്.”
^ അഥവാ “തേനീച്ചക്കൂട്ടിലെ.”
^ അഥവാ “അതിന്റെ പിഴയൊടുക്കേണ്ടിവരുന്നു.”
^ അഥവാ “അന്യദേശക്കാരനുവേണ്ടി.”
^ അഥവാ “സ്വൈരം കെടുത്തുന്ന.”
^ അഥവാ “മനുഷ്യനോ അവന്റെ പ്രശംസ.”
^ അഥവാ “ശ്രദ്ധിക്കുക.”