സുഭാഷിതങ്ങൾ 28:1-28
28 ആരും ഓടിക്കാത്തപ്പോഴും ദുഷ്ടന്മാർ ഓടുന്നു;എന്നാൽ നീതിമാന്മാർ സിംഹത്തെപ്പോലെ ധൈര്യമുള്ളവർ.+
2 ദേശത്ത് ലംഘനങ്ങളുള്ളപ്പോൾ* പ്രഭുക്കന്മാർ മാറിമാറി വരും;+എന്നാൽ അറിവും വകതിരിവും ഉള്ള മനുഷ്യന്റെ സഹായത്താൽ പ്രഭു* ദീർഘകാലം ഭരിക്കും.+
3 എളിയവനെ ചതിക്കുന്ന ദരിദ്രൻ+ആഹാരം മുഴുവൻ ഒഴുക്കിക്കൊണ്ടുപോകുന്ന മഴപോലെ.
4 നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;എന്നാൽ നിയമം പാലിക്കുന്നവർ അവരോടു രോഷാകുലരാകുന്നു.+
5 ദുഷ്ടന്മാർക്കു ന്യായം മനസ്സിലാക്കാനാകില്ല;എന്നാൽ യഹോവയെ തേടുന്നവർക്കു സകലവും മനസ്സിലാകും.+
6 നിഷ്കളങ്കതയോടെ* നടക്കുന്ന ദരിദ്രൻവക്രത കാട്ടുന്ന ധനികനെക്കാൾ നല്ലവൻ.+
7 വകതിരിവുള്ള മകൻ നിയമം അനുസരിക്കുന്നു;തീറ്റിഭ്രാന്തരുടെ കൂട്ടുകാരൻ+ അപ്പന് അപമാനം വരുത്തുന്നു.
8 പലിശയും കൊള്ളപ്പലിശയും വാങ്ങി സമ്പത്തു വാരിക്കൂട്ടിയാൽ+ആ സമ്പാദ്യമെല്ലാം പാവപ്പെട്ടവനോടു ദയ കാണിക്കുന്നവനു ലഭിക്കും.+
9 നിയമത്തിനു ചെവി കൊടുക്കാൻ മനസ്സില്ലാത്തവന്റെ പ്രാർഥനപോലും അറപ്പുണ്ടാക്കുന്നത്.+
10 നേരുള്ളവനെ തെറ്റായ വഴിയിലേക്കു നയിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ വീഴും;+എന്നാൽ നിഷ്കളങ്കർ നന്മ അവകാശമാക്കും.+
11 ധനവാനു താൻ ബുദ്ധിമാനാണെന്നു തോന്നുന്നു;+എന്നാൽ വകതിരിവുള്ള ദരിദ്രൻ അവന്റെ ഉള്ളിലിരുപ്പ് അറിയുന്നു.+
12 നീതിമാന്മാർ വിജയിക്കുമ്പോൾ ആഹ്ലാദം അലതല്ലുന്നു;എന്നാൽ ദുഷ്ടന്മാർ അധികാരത്തിൽ എത്തുമ്പോൾ ജനം ഓടിയൊളിക്കുന്നു.+
13 സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല;+അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.+
14 എപ്പോഴും ജാഗ്രത കാണിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ;എന്നാൽ ഹൃദയം കഠിനമാക്കുന്നവൻ ആപത്തിൽ ചെന്നുചാടും.+
15 നിസ്സഹായരായ ജനത്തെ ഭരിക്കുന്ന ദുഷ്ടഭരണാധികാരിമുരളുന്ന സിംഹത്തെയും പാഞ്ഞടുക്കുന്ന കരടിയെയും പോലെ.+
16 വകതിരിവില്ലാത്ത നേതാവ് അധികാരം ദുരുപയോഗം ചെയ്യുന്നു;+എന്നാൽ അന്യായലാഭം വെറുക്കുന്നവനു ദീർഘായുസ്സ് ഉണ്ടാകും.+
17 കൊലപാതകത്തിന്റെ പാപഭാരം* പേറുന്നവൻ തന്റെ ശവക്കുഴിവരെ* ഓടിക്കൊണ്ടിരിക്കും.+
ആരും അവനെ സഹായിക്കരുത്.
18 നിഷ്കളങ്കതയോടെ നടക്കുന്നവൻ രക്ഷപ്പെടും;+എന്നാൽ വളഞ്ഞ വഴിയേ നടക്കുന്നവൻ പെട്ടെന്നു വീണുപോകും.+
19 മണ്ണിൽ കൃഷിയിറക്കുന്നവനു ധാരാളം ആഹാരമുണ്ടാകും;എന്നാൽ ഗുണമില്ലാത്ത കാര്യങ്ങൾക്കു പുറകേ പോകുന്നവൻ കടുത്ത ദാരിദ്ര്യം അനുഭവിക്കും.+
20 വിശ്വസ്തനായ മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും;+എന്നാൽ സമ്പന്നനാകാൻ തിടുക്കം കൂട്ടുന്നവന്റെ നിഷ്കളങ്കത പൊയ്പോകും.+
21 പക്ഷപാതം കാണിക്കുന്നതു നന്നല്ല;+എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടി മനുഷ്യൻ തെറ്റു ചെയ്തേക്കാം.
22 അസൂയാലുവായ* മനുഷ്യൻ സമ്പത്തിനായി കൊതിക്കുന്നു;ദാരിദ്ര്യം തന്നെ പിടികൂടുമെന്ന് അവൻ അറിയുന്നില്ല.
23 മുഖസ്തുതി പറയുന്നവനെക്കാൾ+ ശാസിക്കുന്നവനോടാണ്മനുഷ്യനു പിന്നീട് ഇഷ്ടം തോന്നുക.+
24 അപ്പനെയും അമ്മയെയും കൊള്ളയടിച്ചിട്ട്,* “ഇതു തെറ്റല്ല” എന്നു പറയുന്നവൻ+
നാശം വരുത്തുന്നവന്റെ കൂട്ടാളി.+
25 അത്യാഗ്രഹി* കലഹം ഊതിക്കത്തിക്കുന്നു;എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്കെല്ലാം ഐശ്വര്യസമൃദ്ധി ഉണ്ടാകും.*+
26 സ്വന്തഹൃദയത്തെ ആശ്രയിക്കുന്നവർ വിഡ്ഢികൾ;+എന്നാൽ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപ്പെടും.+
27 ദരിദ്രർക്കു ദാനം ചെയ്യുന്നവന് ഒരു കുറവുമുണ്ടാകില്ല;+എന്നാൽ അവർക്കു നേരെ കണ്ണടയ്ക്കുന്നവരുടെ മേൽ ശാപങ്ങൾ കുന്നുകൂടും.
28 ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ മനുഷ്യർ ഓടിയൊളിക്കുന്നു;എന്നാൽ അവർ നശിക്കുമ്പോൾ നീതിമാന്മാർ പെരുകുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “വിപ്ലവങ്ങൾ ഉണ്ടാകുമ്പോൾ.”
^ അക്ഷ. “അവൻ.”
^ അഥവാ “ധർമനിഷ്ഠയോടെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “രക്തം ചൊരിഞ്ഞതിന്റെ കുറ്റം.”
^ അഥവാ “കുഴിവരെ.”
^ അഥവാ “അത്യാഗ്രഹിയായ.”
^ ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
^ മറ്റൊരു സാധ്യത “അഹങ്കാരി.”
^ അക്ഷ. “ആശ്രയിക്കുന്നവരെല്ലാം തടിച്ചുകൊഴുക്കും.”