സുഭാഷിതങ്ങൾ 5:1-23
5 മകനേ, എന്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക;
ഞാൻ വകതിരിവിനെക്കുറിച്ച്+ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.*
2 അങ്ങനെ നിനക്കു ചിന്താശേഷി കാത്തുസൂക്ഷിക്കാം;നാവുകൊണ്ട് അറിവ് സംരക്ഷിക്കാം.+
3 വഴിപിഴച്ച സ്ത്രീയുടെ* ചുണ്ടുകൾ തേനടപോലെ, അതിൽനിന്ന് തേൻ ഇറ്റിറ്റുവീഴുന്നു;+അവളുടെ വായ് എണ്ണയെക്കാൾ മൃദുവാണ്.+
4 എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്ക്കും;+ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളാകും.+
5 അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങുന്നു;
അവളുടെ കാലടികൾ നേരെ ശവക്കുഴിയിലേക്കു* പോകുന്നു.
6 ജീവന്റെ പാതയെക്കുറിച്ച് അവൾ ചിന്തിക്കുന്നതേ ഇല്ല;
അവൾ അലഞ്ഞുനടക്കുന്നു, എങ്ങോട്ടാണു പോകുന്നതെന്ന് അവൾക്ക് അറിയില്ല.
7 അതുകൊണ്ട് മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;എന്റെ വാക്കുകൾ വിട്ടുമാറരുത്.
8 അവളിൽനിന്ന് അകന്നുനിൽക്കുക;അവളുടെ വീട്ടുവാതിലിന് അരികിലേക്കു ചെല്ലരുത്.+
9 ചെന്നാൽ നിന്റെ അന്തസ്സു പൊയ്പോകും;+ക്രൂരതയുടെ വർഷങ്ങൾ നിനക്കു കൊയ്യേണ്ടിവരും.+
10 അന്യർ നിന്റെ സമ്പത്തു* മുഴുവൻ കൊണ്ടുപോകും;+നീ അധ്വാനിച്ച് ഉണ്ടാക്കിയത് അന്യദേശക്കാരന്റെ വീട്ടിലേക്കു പോകും.
11 ജീവിതാവസാനത്തിൽ നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾനീ വേദനയോടെ ഞരങ്ങും.+
12 നീ ഇങ്ങനെ പറയും: “ഞാൻ ശിക്ഷണം വെറുത്തല്ലോ;
എന്റെ ഹൃദയം ശാസന സ്വീകരിച്ചില്ല.
13 എന്നെ ഉപദേശിച്ചവരുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല;എന്നെ പഠിപ്പിച്ചവർ പറഞ്ഞതു ഞാൻ കേട്ടില്ല.
14 സഭ മുഴുവൻ കാൺകെ*ഞാൻ വിനാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”+
15 സ്വന്തം ജലസംഭരണിയിലെ വെള്ളവുംസ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന ജലവും* കുടിക്കുക.+
16 എന്തിനു നിന്റെ നീരുറവകൾ ശാഖകളായി പുറത്തേക്ക് ഒഴുകണം?നിന്റെ അരുവികൾ പൊതുസ്ഥലത്തേക്ക്* ഒഴുകിച്ചെല്ലണം?+
17 അവ നിന്റേതു മാത്രമായിരിക്കട്ടെ;നീ എന്തിന് അന്യരുമായി അവ പങ്കുവെക്കണം?+
18 നിന്റെ ഉറവ* അനുഗൃഹീതമായിരിക്കട്ടെ,നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.+
19 അവൾ സ്നേഹമയിയായ പേടമാനെയും വശ്യതയാർന്ന മലയാടിനെയും പോലെയാണ്;+
അവളുടെ സ്തനങ്ങൾ എന്നും നിന്നെ സന്തോഷിപ്പിക്കട്ടെ;*
നീ എപ്പോഴും അവളുടെ സ്നേഹത്തിൽ മതിമയങ്ങട്ടെ.+
20 എന്തിനാണു മകനേ, നീ വഴിപിഴച്ച സ്ത്രീയിൽ* മതിമയങ്ങുന്നത്?എന്തിനു നീ അസാന്മാർഗിയായ സ്ത്രീയുടെ*+ മാറിടം പുണരണം?
21 യഹോവയുടെ കണ്ണുകൾ മനുഷ്യന്റെ വഴികൾ കാണുന്നു;ദൈവം അവന്റെ പാതകളെല്ലാം പരിശോധിക്കുന്നു.+
22 ദുഷ്ടൻ സ്വന്തം തെറ്റുകളിൽ കുടുങ്ങുന്നു;അവൻ സ്വന്തം പാപങ്ങളുടെ കയറിൽ കുരുങ്ങും.+
23 ശിക്ഷണം ലഭിക്കാത്തതുകൊണ്ട് അവൻ മരിച്ചുപോകും;അവന്റെ മഹാവിഡ്ഢിത്തം കാരണം അവനു വഴിതെറ്റും.
അടിക്കുറിപ്പുകള്
^ അക്ഷ. “പറയുന്നതിനു ചെവി ചായിക്കുക.”
^ അഥവാ “ശക്തി.”
^ അക്ഷ. “സഭയുടെയും സമൂഹത്തിന്റെയും മധ്യേ.”
^ അഥവാ “കിണറ്റിൽനിന്നുള്ള ശുദ്ധജലവും.”
^ അഥവാ “പൊതുചത്വരങ്ങളിലേക്ക്.”
^ അഥവാ “ജലസ്രോതസ്സ്.”
^ അഥവാ “ലഹരി പിടിപ്പിക്കട്ടെ.”