സെഖര്യ 12:1-14
12 ഒരു പ്രഖ്യാപനം:
ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക് അടിസ്ഥാനം ഇടുകയും ചെയ്ത,+മനുഷ്യന്റെ ഉള്ളിൽ ജീവശക്തിക്കു* രൂപം കൊടുത്ത,യഹോവ പ്രഖ്യാപിക്കുന്നു:“ഇസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ.
2 “ഇതാ, ഞാൻ യരുശലേമിനെ ഒരു പാനപാത്രമാക്കുന്നു;* അതിനു ചുറ്റുമുള്ളവരെല്ലാം ആടിയാടിനടക്കാൻ ഇടയാക്കുന്ന ഒരു പാനപാത്രം. യഹൂദയ്ക്കും യരുശലേമിനും നേരെ ഒരു ഉപരോധം ഉയരും.+
3 അന്നു ഞാൻ യരുശലേമിനെ ചുറ്റുമുള്ളവർക്കെല്ലാം ഭാരമുള്ള ഒരു കല്ലാക്കും. അത് എടുത്ത് ഉയർത്തുന്നവർക്കെല്ലാം മാരകമായി പരിക്കേൽക്കും.+ ഭൂമിയിലെ എല്ലാ ജനതകളും അവൾക്കെതിരെ ഒരുമിച്ചുകൂടും.”+
4 യഹോവ പ്രഖ്യാപിക്കുന്നു: “അന്നു ഞാൻ കുതിരകൾക്കെല്ലാം പരിഭ്രാന്തിയും കുതിരക്കാർക്കു ഭ്രാന്തും പിടിപ്പിക്കും. എന്റെ കണ്ണുകൾ എപ്പോഴും യഹൂദാഗൃഹത്തിന്മേലുണ്ടായിരിക്കും. എന്നാൽ ജനങ്ങളുടെ എല്ലാ കുതിരകൾക്കും ഞാൻ അന്ധത വരുത്തും.
5 യഹൂദയിലെ പ്രഭുക്കന്മാർ* ഇങ്ങനെ മനസ്സിൽ പറയും: ‘സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിലുള്ളവരുടെ ദൈവമായതിനാൽ അവർ എനിക്കൊരു ബലമാണ്.’+
6 അന്നു ഞാൻ യഹൂദയിലെ പ്രഭുക്കന്മാരെ തടിക്കഷണങ്ങൾക്കിടയിലിരിക്കുന്ന കനൽപ്പാത്രംപോലെയും കറ്റകൾക്കിടയിലെ തീപ്പന്തംപോലെയും ആക്കും.+ അവർ ഇടത്തും വലത്തും ഉള്ള സകല ജനങ്ങളെയും ദഹിപ്പിക്കും.+ യരുശലേം അവളുടെ സ്ഥാനത്ത്,* യരുശലേമിൽത്തന്നെ, വീണ്ടും താമസിക്കും.+
7 “ദാവീദുഗൃഹത്തിന്റെ സൗന്ദര്യവും* യരുശലേംനിവാസികളുടെ സൗന്ദര്യവും* യഹൂദയുടെ സൗന്ദര്യത്തെക്കാൾ കൂടാതിരിക്കാൻ യഹോവ യഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
8 അന്ന് യരുശലേമിലുള്ളവർക്കു ചുറ്റും യഹോവ ഒരു പ്രതിരോധമായി നിൽക്കും.+ അവരുടെ കൂട്ടത്തിൽ ഇടറിവീഴുന്നവർ* ദാവീദിനെപ്പോലെയായിരിക്കും. ദാവീദുഗൃഹം ദൈവത്തെപ്പോലെ, അവർക്കു മുമ്പേ പോകുന്ന യഹോവയുടെ ദൂതനെപ്പോലെ, ആയിരിക്കും.+
9 യരുശലേമിന് എതിരെ വരുന്ന എല്ലാ ജനതകളെയും അന്നു ഞാൻ നശിപ്പിക്കും.+
10 “ഞാൻ ദാവീദുഗൃഹത്തിന്മേലും യരുശലേമിലുള്ളവരുടെ മേലും പ്രീതിയുടെയും ഉള്ളുരുകിയുള്ള പ്രാർഥനയുടെയും ആത്മാവിനെ പകരും. അവർ കുത്തിത്തുളച്ചവനെ അവർ നോക്കും.+ ഒരേ ഒരു മകനെ ഓർത്ത് കരയുന്നതുപോലെ അവർ അവനെ ഓർത്ത് കരയും. മൂത്ത മകനെ ഓർത്ത് നിലവിളിക്കുന്നതുപോലെ അവർ അവനെ ഓർത്ത് വാവിട്ട് നിലവിളിക്കും.
11 അന്ന് യരുശലേമിൽ കേൾക്കുന്ന നിലവിളി മെഗിദ്ദോ+ സമതലത്തിലുള്ള ഹദദ്-രിമ്മോനിൽ കേട്ട വലിയ നിലവിളിപോലെയായിരിക്കും.
12 ദേശം വിലപിക്കും. ഓരോ കുടുംബവും വെവ്വേറെയിരുന്ന് വിലപിക്കും. ദാവീദിന്റെ കുലവും അതിലെ സ്ത്രീകളും നാഥാന്റെ+ കുലവും അതിലെ സ്ത്രീകളും
13 ലേവിയുടെ കുലവും+ അതിലെ സ്ത്രീകളും ശിമെയിയരുടെ കുലവും+ അതിലെ സ്ത്രീകളും
14 ബാക്കി കുടുംബങ്ങളിലുള്ള എല്ലാവരും, ഓരോ കുടുംബവും അതിലെ സ്ത്രീകളും, വെവ്വേറെയിരുന്ന് വിലപിക്കും.
അടിക്കുറിപ്പുകള്
^ അഥവാ “ആത്മാവിന്; ശ്വാസത്തിന്.”
^ അഥവാ “കുഴിയൻപാത്രമാക്കുന്നു.”
^ അഥവാ “ഷെയ്ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
^ അഥവാ “യഥാസ്ഥാനത്ത്.”
^ അഥവാ “തേജസ്സും.”
^ അഥവാ “തേജസ്സും.”
^ അഥവാ “ദുർബലർ.”