സെഖര്യ 13:1-9
13 “ദാവീദുഗൃഹത്തിനും യരുശലേംനിവാസികൾക്കും പാപവും അശുദ്ധിയും കഴുകിക്കളയാൻ അന്ന് ഒരു കിണർ കുഴിക്കും.”+
2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേരുകൾ മായ്ച്ചുകളയും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തുനിന്ന് പ്രവാചകന്മാരെയും അശുദ്ധിയുടെ ആത്മാവിനെയും നീക്കിക്കളയും.+
3 വീണ്ടും ആരെങ്കിലും പ്രവചിച്ചാൽ അവനു ജന്മം നൽകിയ അപ്പനും അമ്മയും, ‘യഹോവയുടെ നാമത്തിൽ നുണകൾ പറഞ്ഞതുകൊണ്ട് നീ മരിക്കണം’ എന്നു പറയും. അവൻ പ്രവചിച്ചതുകൊണ്ട് അവനു ജന്മം നൽകിയ അപ്പനും അമ്മയും അവനെ കുത്തിത്തുളയ്ക്കും.+
4 “അന്നു പ്രവചിക്കുന്ന എല്ലാ പ്രവാചകന്മാരും അവർ കാണുന്ന ദിവ്യദർശനം നിമിത്തം നാണംകെടും. വഞ്ചിക്കാനായി അവർ ഇനി രോമംകൊണ്ടുള്ള ഔദ്യോഗികവസ്ത്രം ധരിക്കില്ല.+
5 അവൻ പറയും: ‘ഞാൻ പ്രവാചകനല്ല, മണ്ണിൽ കൃഷി ചെയ്യുന്നവനാണ്. ചെറുപ്പത്തിലേ എന്നെ ഒരാൾ വിലയ്‌ക്കു വാങ്ങിയതാണ്.’
6 ‘എങ്ങനെയാണു നിന്റെ ശരീരത്തിൽ* ഈ മുറിവുകൾ ഉണ്ടായത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കൂട്ടുകാരുടെ* വീട്ടിൽവെച്ച് മുറിഞ്ഞതാണ്’ എന്ന് അവൻ പറയും.”
7 “വാളേ, എന്റെ ഇടയന്റെ നേരെ,എന്റെ കൂട്ടുകാരന് എതിരെ, എഴുന്നേൽക്കുക”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
“ഇടയനെ വെട്ടുക,+ ആട്ടിൻപറ്റം* ചിതറിപ്പോകട്ടെ;+എളിയവർക്കെതിരെ ഞാൻ എന്റെ കൈ ഓങ്ങും.”
8 യഹോവ പ്രഖ്യാപിക്കുന്നു:“ദേശത്തിലെ മൂന്നിൽ രണ്ടു ഭാഗത്തെ വെട്ടിക്കളയും, അവർ നശിച്ചുപോകും;*മൂന്നിൽ ഒന്നു മാത്രം അതിൽ ബാക്കിയാകും.
9 മൂന്നിൽ ഒന്നിനെ ഞാൻ തീയിലൂടെ കൊണ്ടുവരും;വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞാൻ അവരെ ശുദ്ധീകരിക്കും;സ്വർണം പരിശോധിക്കുന്നതുപോലെ അവരെ പരിശോധിക്കും.+
അവർ എന്റെ പേര് വിളിച്ചപേക്ഷിക്കും;ഞാൻ ഉത്തരം കൊടുക്കും.
‘ഇവർ എന്റെ ജനം’ എന്നു ഞാൻ പറയും;+
‘യഹോവയാണു ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “കൈകൾക്കു നടുവിൽ.” അതായത്, നെഞ്ചിലോ പുറത്തോ.
^ അഥവാ “എന്നെ സ്നേഹിക്കുന്നവരുടെ.”
^ അഥവാ “ആടുകൾ.”
^ അഥവാ “മരിക്കും.”