സെഖര്യ 3:1-10
3 മഹാപുരോഹിതനായ യോശുവ+ ദൈവദൂതന്റെ മുന്നിൽ നിൽക്കുന്നത് യഹോവ എനിക്കു കാണിച്ചുതന്നു. യോശുവയെ എതിർക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്ത്+ നിൽക്കുന്നുണ്ടായിരുന്നു.
2 യഹോവയുടെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, യഹോവ നിന്നെ ശാസിക്കട്ടെ!+ യരുശലേമിനെ തിരഞ്ഞെടുത്ത യഹോവതന്നെ+ നിന്നെ ശാസിക്കട്ടെ! തീയിൽനിന്ന് വലിച്ചെടുത്ത ഒരു തീക്കൊള്ളിയല്ലേ ഇവൻ?”
3 അഴുക്കു പുരണ്ട വസ്‌ത്രങ്ങൾ ധരിച്ചാണു യോശുവ ദൈവദൂതന്റെ മുന്നിൽ നിന്നത്.
4 അവിടെയുണ്ടായിരുന്നവരോടു ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞ വസ്‌ത്രങ്ങൾ മാറ്റുക.” പിന്നെ ദൂതൻ യോശുവയോടു പറഞ്ഞു: “ഇതാ, ഞാൻ നിന്റെ തെറ്റുകൾ* നിന്നിൽനിന്ന് നീക്കിയിരിക്കുന്നു. ഇനി നിന്നെ നല്ല വസ്‌ത്രങ്ങൾ* ധരിപ്പിക്കും.”+
5 ഞാൻ പറഞ്ഞു: “അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവ് ധരിപ്പിക്കുക.”+ അവർ അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവും വസ്ത്രങ്ങളും ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അരികെ നിൽക്കുന്നുണ്ടായിരുന്നു.
6 യഹോവയുടെ ദൂതൻ യോശുവയോടു പറഞ്ഞു:
7 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീ എന്റെ വഴികളിൽ നടന്ന് ഞാൻ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റിയാൽ നീ എന്റെ ഭവനത്തിൽ ന്യായാധിപനായിരിക്കും,+ നീയായിരിക്കും എന്റെ മുറ്റങ്ങൾ പരിപാലിക്കുന്നത്.* ഈ നിൽക്കുന്നവരോടൊപ്പം നിനക്കു ഞാൻ പ്രവേശനാനുമതിയും നൽകും.’
8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+
9 യോശുവയുടെ മുന്നിൽ ഞാൻ വെച്ചിരിക്കുന്ന കല്ലു നോക്കുക. ആ കല്ലിന് ഏഴു കണ്ണുണ്ട്. ഞാൻ ഇതാ, അതിൽ ഒരു ലിഖിതം കൊത്തിവെക്കുന്നു’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ ആ ദേശത്തിന്റെ കുറ്റങ്ങൾ ഒറ്റ ദിവസംകൊണ്ട് നീക്കിക്കളയും.’+
10 “‘നിങ്ങൾ ഓരോരുത്തരും അന്നു നിങ്ങളുടെ അയൽക്കാരനെ നിങ്ങളുടെ മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിലേക്കു ക്ഷണിക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.”
അടിക്കുറിപ്പുകള്‍
^ അഥവാ “കുറ്റങ്ങൾ.”
^ അഥവാ “വിശേഷവസ്ത്രങ്ങൾ.”
^ അഥവാ “നിനക്കായിരിക്കും എന്റെ മുറ്റങ്ങളുടെ ചുമതല; നീയായിരിക്കും എന്റെ മുറ്റങ്ങൾ കാക്കുന്നത്.”