സെഫന്യ 1:1-18
1 യഹൂദാരാജാവായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത് ഹിസ്കിയയുടെ മകനായ അമര്യയുടെ മകനായ ഗദല്യയുടെ മകനായ കൂശിയുടെ മകനായ സെഫന്യക്ക്* യഹോവയിൽനിന്ന് ലഭിച്ച സന്ദേശം:
2 “ദേശത്തുനിന്ന് സകലവും ഞാൻ തൂത്തെറിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
3 “മനുഷ്യരെയും മൃഗങ്ങളെയും ഞാൻ തൂത്തെറിയും.
ആകാശത്തിലെ പക്ഷികളെയും കടലിലെ മത്സ്യങ്ങളെയുംഇടറിക്കുന്ന കല്ലുകളെയും*+ ദുഷ്ടന്മാരെയും തുടച്ചുനീക്കും.+ഞാൻ മനുഷ്യകുലത്തെ ഇവിടെനിന്ന് നീക്കിക്കളയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
4 “ഞാൻ യഹൂദയ്ക്കു നേരെയും യരുശലേമിലുള്ളവർക്കു നേരെയും എന്റെ കൈ ഓങ്ങും.ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ എല്ലാ കണികയും നീക്കിക്കളയും;+ഞാൻ പുരോഹിതന്മാരെ ഇല്ലാതാക്കും;അന്യദൈവങ്ങളുടെ പുരോഹിതന്മാരുടെ പേരുകളും ഞാൻ തുടച്ചുനീക്കും.+
5 പുരമുകളിൽനിന്ന് ആകാശത്തിലെ സൈന്യത്തെ കുമ്പിടുന്നവരെയും+മൽക്കാമിനോടു കൂറു പ്രഖ്യാപിക്കുമ്പോൾത്തന്നെ+യഹോവയോടും കൂറു പ്രഖ്യാപിച്ച് എന്റെ മുമ്പാകെ കുമ്പിടുന്നവരെയും+
6 യഹോവയുടെ വഴി വിട്ടുമാറിയവരെയും+യഹോവയെ അന്വേഷിക്കുകയോ ദൈവത്തോട് ഉപദേശം ചോദിക്കുകയോ ചെയ്യാത്തവരെയും ഞാൻ ഇല്ലാതാക്കും.”+
7 യഹോവയുടെ ദിവസം അടുത്ത് എത്തിയിരിക്കുന്നു;അതിനാൽ പരമാധികാരിയായ യഹോവയുടെ മുന്നിൽ മിണ്ടാതിരിക്കുക.+
യഹോവ ഒരു ബലി ഒരുക്കിയിരിക്കുന്നു, താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.
8 “യഹോവയുടെ ബലിയുടെ ദിവസം ഞാൻ പ്രഭുക്കന്മാരോടുംരാജകുമാരന്മാരോടും+ വിദേശവസ്ത്രം ധരിച്ചിരിക്കുന്ന സകലരോടും കണക്കു ചോദിക്കും.
9 വേദിയിൽ* കയറുന്ന എല്ലാവരോടും ഞാൻ അന്നു കണക്കു ചോദിക്കും;യജമാനന്റെ ഭവനം അക്രമവും വഞ്ചനയും കൊണ്ട് നിറയ്ക്കുന്നവരോടു ഞാൻ കണക്കു ചോദിക്കും.”
10 യഹോവ പ്രഖ്യാപിക്കുന്നു:“അന്നു മത്സ്യകവാടത്തിൽനിന്ന് ഒരു നിലവിളി കേൾക്കും;+നഗരത്തിന്റെ പുതിയ ഭാഗത്തുനിന്ന് കരച്ചിലും+കുന്നുകളിൽനിന്ന് ഒരു വലിയ ശബ്ദവും കേൾക്കും.
11 മക്തേശിൽ* താമസിക്കുന്നവരേ, വിലപിക്കൂ!വ്യാപാരികളെയെല്ലാം കൊന്നുകളഞ്ഞല്ലോ;*വെള്ളി തൂക്കിക്കൊടുക്കുന്നവരെല്ലാം ഇല്ലാതായിരിക്കുന്നു.
12 അന്നു ഞാൻ വിളക്കുകൾ കത്തിച്ച് യരുശലേമിൽ സൂക്ഷ്മപരിശോധന നടത്തും;‘യഹോവ നന്മയൊന്നും ചെയ്യില്ല, തിന്മയും ചെയ്യില്ല’ എന്നു ഹൃദയത്തിൽ പറഞ്ഞ്,+ആത്മസംതൃപ്തിയടഞ്ഞ് കഴിയുന്നവരോടു* ഞാൻ കണക്കു ചോദിക്കും.
13 ആളുകൾ അവരുടെ സമ്പത്തു കൊള്ളയടിക്കും, വീടുകൾ നശിപ്പിക്കും.+
അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസിക്കില്ല;അവർ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനിന്ന് വീഞ്ഞു കുടിക്കില്ല.+
14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+
അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം* പാഞ്ഞടുക്കുന്നു!+
യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+
അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+
15 അത് ഉഗ്രകോപത്തിന്റെ ദിവസം!+അതിവേദനയുടെയും പരിഭ്രമത്തിന്റെയും ദിവസം!+കൊടുങ്കാറ്റിന്റെയും ശൂന്യതയുടെയും ദിവസം!അന്ധകാരത്തിന്റെയും മൂടലിന്റെയും ദിവസം!+മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+
16 കോട്ടമതിലുള്ള നഗരങ്ങൾക്കും അവയുടെ കോണിലെ ഉയർന്ന ഗോപുരങ്ങൾക്കും എതിരെ+കൊമ്പുവിളിയും പോർവിളിയും മുഴങ്ങുന്ന ദിവസം!+
17 ഞാൻ മനുഷ്യകുലത്തിനു കഷ്ടതകൾ വരുത്തും;അവർ അന്ധരെപ്പോലെ നടക്കും;+യഹോവയ്ക്കെതിരെയാണ് അവർ പാപം ചെയ്തിരിക്കുന്നത്.+
അവരുടെ രക്തം പൊടിപോലെയുംഅവരുടെ മാംസം* കാഷ്ഠംപോലെയും തൂകും.+
18 യഹോവയുടെ ഉഗ്രകോപത്തിന്റെ ദിവസം അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ രക്ഷിക്കാനാകില്ല;+കാരണം ദൈവത്തിന്റെ തീക്ഷ്ണത ഒരു തീപോലെ ഭൂമിയെ ദഹിപ്പിക്കും;+അന്നു ദൈവം ഭയാനകമായ ഒരു സംഹാരം നടത്തും, ഭൂമിയിലുള്ള സകലരെയും ഇല്ലാതാക്കും.”+
അടിക്കുറിപ്പുകള്
^ അർഥം: “യഹോവ ഒളിപ്പിച്ചിരിക്കുന്നു (സൂക്ഷിച്ചുവെച്ചിരിക്കുന്നു).”
^ തെളിവനുസരിച്ച് വിഗ്രഹാരാധനയോടു ബന്ധപ്പെട്ട വസ്തുക്കളെയോ പ്രവർത്തനങ്ങളെയോ കുറിക്കുന്നു.
^ അഥവാ “വാതിൽപ്പടിയിൽ.” രാജസിംഹാസനമുള്ള ഉയർന്ന തറയെയായിരിക്കാം പരാമർശിക്കുന്നത്.
^ യരുശലേമിലെ മത്സ്യകവാടത്തിന് അടുത്തുള്ള ഒരു ഭാഗമായിരിക്കാനാണു സാധ്യത.
^ അക്ഷ. “നിശ്ശബ്ദരാക്കിയല്ലോ.”
^ അക്ഷ. (ഒരു വീഞ്ഞുഭരണിയിൽ എന്നപോലെ) “തങ്ങളുടെ മട്ടിന്മേൽ ഉറഞ്ഞുകൂടിയവരോട്.”
^ അഥവാ “ധൃതിപ്പെട്ട്.”
^ അക്ഷ. “കുടലുകൾ.”