ഹഗ്ഗായി 2:1-23
2 ഏഴാം മാസം 21-ാം ദിവസം ഹഗ്ഗായി പ്രവാചകന്+ യഹോവയുടെ സന്ദേശം ലഭിച്ചു:
2 “യഹൂദയുടെ ഗവർണറും+ ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിനോടും+ യഹോസാദാക്കിന്റെ+ മകനായ യോശുവ+ എന്ന മഹാപുരോഹിതനോടും ബാക്കിയെല്ലാവരോടും ഇങ്ങനെ ചോദിക്കുക:
3 ‘ഈ ഭവനത്തിന്റെ* പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും ഇപ്പോൾ നിങ്ങളുടെ ഇടയിലുണ്ടോ?+ എങ്കിൽ ഇപ്പോൾ ഇതിന്റെ അവസ്ഥ കണ്ടിട്ട് എന്തു തോന്നുന്നു? മുമ്പത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒന്നുമല്ലല്ലോ.’+
4 “എന്നാൽ യഹോവ പറയുന്നു: ‘സെരുബ്ബാബേലേ, ശക്തനായിരിക്കുക! യഹോസാദാക്കിന്റെ മകനും മഹാപുരോഹിതനും ആയ യോശുവേ, നീയും ശക്തനായിരിക്കുക!’
“‘ദേശത്തെ ജനങ്ങളേ, നിങ്ങളെല്ലാവരും ധൈര്യമായി ജോലി തുടരൂ,’+ എന്ന് യഹോവ പറയുന്നു.
“‘ഞാൻ നിങ്ങളുടെകൂടെയുണ്ട്’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
5 ‘നിങ്ങൾ ഈജിപ്തിൽനിന്ന് പുറത്ത് വന്നപ്പോൾ ഞാൻ നൽകിയ വാഗ്ദാനം ഓർത്തുകൊള്ളുക.+ കൂടാതെ എന്റെ ആത്മാവ് നിങ്ങളോടൊപ്പമുണ്ട്,*+ പേടിക്കേണ്ടാ.’”+
6 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘അൽപ്പം കഴിഞ്ഞ് ഞാൻ വീണ്ടും ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.’+
7 “‘സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്തുക്കൾ* വന്നുചേരും.+ ഞാൻ ഈ ഭവനം മഹത്ത്വംകൊണ്ട് നിറയ്ക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
8 “‘വെള്ളിയും സ്വർണവും എന്റേതാണ്,’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
9 “‘പണ്ടുണ്ടായിരുന്നതിനെക്കാൾ വലിയ മഹത്ത്വമാണ് ഇനി ഈ ഭവനത്തിനു ലഭിക്കാൻപോകുന്നത്,’+ സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
“‘ഈ സ്ഥലത്ത് ഞാൻ സമാധാനം നൽകും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.”
10 ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം ഒൻപതാം മാസം 24-ാം ദിവസം ഹഗ്ഗായി പ്രവാചകന് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു:+
11 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘നിയമത്തെക്കുറിച്ച്* പുരോഹിതന്മാരോടു ചോദിക്കൂ:+
12 “ഒരാൾ തന്റെ വസ്ത്രത്തിന്റെ മടക്കിൽ വിശുദ്ധമാംസം എടുത്തുകൊണ്ടുപോകുന്നെന്നിരിക്കട്ടെ. ആ വസ്ത്രം അപ്പത്തിലോ കറിയിലോ വീഞ്ഞിലോ എണ്ണയിലോ ഏതെങ്കിലും ആഹാരപദാർഥത്തിലോ മുട്ടിയാൽ അതു വിശുദ്ധമായിത്തീരുമോ?”’”
“ഇല്ല!”എന്നു പുരോഹിതന്മാർ പറഞ്ഞു.
13 അപ്പോൾ ഹഗ്ഗായി ചോദിച്ചു: “ശവശരീരത്തെ സ്പർശിച്ച് അശുദ്ധനായിത്തീർന്ന ഒരുവൻ ഈ വസ്തുക്കളിലെങ്ങാനും തൊട്ടാൽ അത് അശുദ്ധമാകുമോ?”+
പുരോഹിതന്മാർ പറഞ്ഞു: “അശുദ്ധമാകും!”
14 അപ്പോൾ ഹഗ്ഗായി പറഞ്ഞു: “‘ഈ ജനം അങ്ങനെതന്നെയാണ്! എന്റെ വീക്ഷണത്തിൽ ഈ ജനതയും അവരുടെ പ്രവൃത്തികളും അങ്ങനെതന്നെ. അവർ എനിക്ക് അർപ്പിക്കുന്നതെല്ലാം അശുദ്ധമാണ്,’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
15 “‘എന്നാൽ ഇന്നുമുതൽ നിങ്ങൾ ഇക്കാര്യത്തെക്കുറിച്ച് മനസ്സിരുത്തി ഒന്നു ചിന്തിച്ചുനോക്കൂ:* യഹോവയുടെ ആലയത്തിൽ കല്ലിന്മേൽ കല്ലു വെക്കുന്നതിനു മുമ്പ്+
16 കാര്യങ്ങൾ എങ്ങനെയായിരുന്നു? 20 അളവ് ധാന്യം പ്രതീക്ഷിച്ച് നിങ്ങൾ ധാന്യക്കൂമ്പാരത്തിന്റെ അടുത്ത് വന്നപ്പോൾ അതിൽ 10 അളവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്തിരിച്ചക്കിൽനിന്നുള്ള* 50 അളവ് വീഞ്ഞു കോരിയെടുക്കാൻ വന്നപ്പോൾ തൊട്ടിയിൽ വെറും 20 അളവേ ഉണ്ടായിരുന്നുള്ളൂ.+
17 നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ എല്ലാത്തിന്റെയും മേൽ ഉഷ്ണക്കാറ്റും പൂപ്പൽരോഗവും+ ആലിപ്പഴവും വരുത്തി ഞാൻ നിങ്ങളെ അടിച്ചു. എന്നിട്ടും നിങ്ങളിൽ ഒരാൾപ്പോലും എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.
18 “‘അതുകൊണ്ട് യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ട ഈ ദിവസംമുതൽ,+ അതായത് ഒൻപതാം മാസം 24-ാം ദിവസംമുതൽ, ഇക്കാര്യത്തെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക:*
19 നിങ്ങളുടെ സംഭരണശാലയിൽ* വിത്തു ശേഷിച്ചിട്ടുണ്ടോ?+ നിങ്ങളുടെ മുന്തിരിവള്ളിയും അത്തിയും മാതളനാരകവും ഒലിവ് മരവും ഇതുവരെ കായ്ച്ചിട്ടുണ്ടോ? പക്ഷേ ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.’”+
20 ആ മാസം 24-ാം ദിവസം യഹോവയുടെ സന്ദേശം രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കു ലഭിച്ചു:+
21 “യഹൂദയിലെ ഗവർണറായ സെരുബ്ബാബേലിനോട് ഇങ്ങനെ പറയണം: ‘ഞാൻ ആകാശത്തെയും ഭൂമിയെയും കുലുക്കാൻപോകുകയാണ്.+
22 ഞാൻ രാജ്യങ്ങളുടെ സിംഹാസനങ്ങളെ മറിച്ചിടുകയും ജനതകളുടെ രാജ്യങ്ങളുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യും;+ ഞാൻ യുദ്ധരഥങ്ങളെയും തേരാളികളെയും മറിച്ചിടും, കുതിരകളും കുതിരക്കാരും വീഴും. ഓരോരുത്തരും സ്വന്തം സഹോദരന്റെ വാളാൽ വീഴും.’”+
23 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ശെയൽതീയേലിന്റെ+ മകനായ എന്റെ ദാസനേ, സെരുബ്ബാബേലേ,+ ആ ദിവസം നിന്നെ ഞാൻ ഉപയോഗിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ നിന്നെ മുദ്രമോതിരംപോലെയാക്കും. കാരണം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നതു നിന്നെയാണ്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്
^ അഥവാ “ദേവാലയത്തിന്റെ.”
^ മറ്റൊരു സാധ്യത “അപ്പോൾ എന്റെ ആത്മാവ് നിങ്ങൾക്കിടയിലുണ്ടായിരുന്നു.”
^ അഥവാ “അഭികാമ്യവസ്തുക്കൾ.”
^ അഥവാ “ഇക്കാര്യങ്ങൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കൂ.”
^ അഥവാ “ഇക്കാര്യങ്ങൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക.”
^ അഥവാ “നിലവറയിൽ.”