ഹോശേയ 1:1-11
1 ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്കിയ+ എന്നിവർ യഹൂദയിലും+ യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രായേലിലും ഭരണം നടത്തുന്ന കാലത്ത് ബയേരിയുടെ മകൻ ഹോശേയയ്ക്ക്* യഹോവയിൽനിന്ന് ലഭിച്ച സന്ദേശം.
2 യഹോവ ഹോശേയയിലൂടെ സംസാരിച്ചുതുടങ്ങി. യഹോവ പറഞ്ഞു: “ഈ നാടു വേശ്യാവൃത്തിയിൽ ഏർപ്പെട്ട്* യഹോവയെ പൂർണമായി ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് നീ ചെന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുക. അവൾ ഒരു വേശ്യയായിത്തീരും. അവളുടെ വേശ്യാവൃത്തിയിലൂടെ* നിനക്കു മക്കൾ ഉണ്ടാകും.”+
3 അങ്ങനെ ഹോശേയ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമെരിനെ വിവാഹം കഴിച്ചു. അവൾ ഗർഭിണിയായി അവന് ഒരു മകനെ പ്രസവിച്ചു.
4 അപ്പോൾ യഹോവ ഹോശേയയോടു പറഞ്ഞു: “അവനു ജസ്രീൽ* എന്നു പേരിടുക. കാരണം, ജസ്രീലിൽ ചൊരിഞ്ഞ രക്തത്തിനു ഞാൻ അധികം വൈകാതെതന്നെ യേഹുവിന്റെ ഭവനത്തോടു കണക്കു ചോദിക്കും.+ ഇസ്രായേൽഗൃഹത്തിന്റെ രാജഭരണം ഞാൻ അവസാനിപ്പിക്കും.+
5 അന്നു ഞാൻ ജസ്രീൽ താഴ്വരയിൽവെച്ച് ഇസ്രായേലിന്റെ വില്ല് ഒടിക്കും.”
6 അവൾ വീണ്ടും ഗർഭിണിയായി. അവൾ ഒരു മകളെ പ്രസവിച്ചു. ദൈവം ഹോശേയയോടു പറഞ്ഞു: “അവൾക്കു ലോ-രൂഹമ* എന്നു പേരിടുക. കാരണം, ഞാൻ ഇനി ഒരിക്കലും ഇസ്രായേൽഗൃഹത്തോടു കരുണ കാണിക്കില്ല.+ ഞാൻ അവരെ ഓടിച്ചുകളയും.+
7 എന്നാൽ യഹൂദാഭവനത്തോടു ഞാൻ കരുണ കാണിക്കും.+ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരെ രക്ഷിക്കും.+ അതു വില്ലുകൊണ്ടോ വാളുകൊണ്ടോ യുദ്ധംകൊണ്ടോ ആയിരിക്കില്ല, കുതിരകളെയോ കുതിരക്കാരെയോ കൊണ്ടുമായിരിക്കില്ല.”+
8 ലോ-രൂഹമയുടെ മുലകുടി നിറുത്തിയശേഷം ഗോമെർ വീണ്ടും ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.
9 അപ്പോൾ ദൈവം പറഞ്ഞു: “അവനു ലോ-അമ്മീ* എന്നു പേരിടുക. കാരണം നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കില്ല.
10 “ഇസ്രായേൽ ജനം കടലിലെ മണൽത്തരികൾപോലെയാകും. അവരെ എണ്ണാനോ അളക്കാനോ ആകില്ല.+ ‘നിങ്ങൾ എന്റെ ജനമല്ല’+ എന്ന് അവരോടു പറഞ്ഞ സ്ഥലത്തുവെച്ചുതന്നെ ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ പുത്രന്മാർ’+ എന്ന് അവരോടു പറയും.
11 യഹൂദയിലെയും ഇസ്രായേലിലെയും ജനം ഐക്യത്തിലാകും;+ അവർ ഒന്നിക്കും. അവർ ഒരു നേതാവിനെ തിരഞ്ഞെടുത്ത് ആ ദേശത്തുനിന്ന് പുറത്ത് വരും. ആ ദിവസം ജസ്രീലിന്+ അവിസ്മരണീയമായ ഒന്നായിരിക്കും.
അടിക്കുറിപ്പുകള്
^ ഹോശയ്യ എന്നതിന്റെ മറ്റൊരു രൂപം. “യാഹിനാൽ രക്ഷിക്കപ്പെട്ടു; യാഹ് രക്ഷിച്ചു” എന്ന് അർഥം.
^ അഥവാ “അസാന്മാർഗികതയിൽ ഏർപ്പെട്ട്; അഴിഞ്ഞാടി നടന്ന്.”
^ അഥവാ “അസാന്മാർഗികതയിലൂടെ; അഴിഞ്ഞാട്ടത്തിലൂടെ.”
^ അർഥം: “ദൈവം വിത്തു വിതയ്ക്കും.”
^ അർഥം: “കരുണ ലഭിക്കാത്തവൾ.”
^ അർഥം: “എന്റെ ജനമല്ല.”