ഹോശേയ 10:1-15
10 “ഇസ്രായേൽ ഒരു കാട്ടുമുന്തിരി!* അതു ഫലം കായ്ക്കുന്നു,+
ഫലമേറുന്നതനുസരിച്ച് യാഗപീഠങ്ങളും അതു പണിതുകൂട്ടുന്നു,+നിലത്തെ വിളവേറുന്നതനുസരിച്ച് അതിന്റെ പൂജാസ്‌തംഭങ്ങളുടെയും+ മോടിയേറുന്നു.
2 അവരുടെ ഹൃദയം കപടമാണ്,*അവർ കുറ്റക്കാരാണെന്നു തെളിയും.
അവരുടെ യാഗപീഠങ്ങൾ തകർക്കുകയും സ്തംഭങ്ങൾ നശിപ്പിച്ചുകളയുകയും ചെയ്യുന്ന ഒരുവനുണ്ട്.
3 അപ്പോൾ അവർ പറയും: ‘നമുക്കു രാജാവില്ല,+ കാരണം നമ്മൾ യഹോവയെ ഭയപ്പെട്ടില്ല.
ഇനി, ഒരു രാജാവുണ്ടെങ്കിൽത്തന്നെ അതുകൊണ്ട് എന്തു കാര്യം?’
4 അവർ വെറുംവാക്കു പറയുന്നു, കള്ളസത്യം ചെയ്യുന്നു,+ ഉടമ്പടികൾ ഉണ്ടാക്കുന്നു;അവർ കല്പിക്കുന്ന വിധികൾ വയലിലെ ഉഴവുചാലിൽ പൊട്ടിമുളയ്ക്കുന്ന വിഷച്ചെടികൾപോലെയാണ്.+
5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+
അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും.
6 അസീറിയയിലെ മഹാരാജാവിന്+ ഒരു സമ്മാനമായി അതിനെ കൊണ്ടുപോകും.
എഫ്രയീം നാണംകെടും,പിൻപറ്റിയ ഉപദേശം നിമിത്തം ഇസ്രായേൽ അപമാനിതയാകും.+
7 വെള്ളത്തിൽ വീണ മരച്ചില്ലപോലെ,
ശമര്യയും അവളുടെ രാജാവും നശിച്ചുപോകും.*+
8 ബേത്ത്-ആവെനിലെ+ ആരാധനാസ്ഥലങ്ങൾ* മൺമറയും.+
അവയായിരുന്നല്ലോ ഇസ്രായേലിന്റെ പാപം.+
അവരുടെ യാഗപീഠങ്ങളിൽ മുള്ളും മുൾച്ചെടികളും വളരും.+
ജനം മലകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും
കുന്നുകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും പറയും.+
9 ഇസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു.+
അവിടെവെച്ച് അവർക്കു മാറ്റമൊന്നും വന്നില്ല.
ഗിബെയയിലെ യുദ്ധം അനീതിയുടെ മക്കളെ കീഴടക്കിയില്ല.*
10 എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ അവർക്കു ശിക്ഷണം നൽകും.
അവരുടെ രണ്ടു തെറ്റുകൾ അവരുടെ മേൽ വെച്ചുകെട്ടുമ്പോൾ*
ജനതകൾ അവർക്കെതിരെ സംഘടിക്കും.
11 മെതിക്കാൻ ഇഷ്ടമുള്ള, പരിശീലനം ലഭിച്ച ഒരു പശുവായിരുന്നു എഫ്രയീം.അതുകൊണ്ട് അവളുടെ ഭംഗിയുള്ള കഴുത്തിൽ ഞാൻ നുകം വെച്ചില്ല.
എന്നാൽ ഇപ്പോൾ ഒരാൾ എഫ്രയീമിന്റെ പുറത്തിരുന്ന് അതിനെ തെളിക്കാൻ* ഞാൻ ഇടയാക്കും.+
യഹൂദ നിലം ഉഴും; യാക്കോബ് അവനുവേണ്ടി നിലം നിരപ്പാക്കും.
12 യഹോവയെ അന്വേഷിക്കാൻ ഇനിയും വൈകിയിട്ടില്ല.+
അതുകൊണ്ട്, ദൈവം വന്ന് നിങ്ങൾക്കു നീതി ഉപദേശിച്ച് തരുന്നതുവരെ,+നീ നീതിയിൽ വിത്തു വിതയ്‌ക്കുക, അചഞ്ചലമായ സ്‌നേഹം കൊയ്യുക;
കൃഷിയിടം ഉഴുതുമറിക്കുക.+
13 എന്നാൽ നിങ്ങൾ ദുഷ്ടത ഉഴുത് അനീതി കൊയ്‌തു.+വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു,സ്വന്തം വഴികളിലും നിന്റെ എണ്ണമറ്റ യോദ്ധാക്കളിലും നീ ആശ്രയിച്ചു.
14 നിന്റെ ജനത്തിന് എതിരെ ഒരു ആരവം മുഴങ്ങും,കോട്ടമതിലുള്ള നിന്റെ നഗരങ്ങൾ തകർന്നടിയും.+ശൽമാൻ, അർബേൽഗൃഹത്തിൽ വരുത്തിയ നാശംപോലെയായിരിക്കും അത്.ആ യുദ്ധത്തിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാരുടെയും ശരീരം ചിന്നിച്ചിതറി കിടന്നിരുന്നു.
15 ബഥേലേ, നിന്റെ കൊടിയ ദുഷ്ടത നിമിത്തം അതായിരിക്കും നിന്നോടു ചെയ്യാൻപോകുന്നത്!+
സൂര്യൻ ഉദിക്കുമ്പോഴേക്കും ഇസ്രായേലിന്റെ രാജാവ് വെറും ഓർമയായി മാറും.”*+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “പടർന്നുകയറുന്ന ഒരു മുന്തിരിവള്ളി.”
^ അഥവാ “വഴുവഴുപ്പുള്ളതാണ്; മിനുസമുള്ളതാണ്.”
^ അക്ഷ. “നിശ്ശബ്ദരാക്കപ്പെടും.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അഥവാ “നിശ്ശേഷം നശിപ്പിച്ചില്ല.”
^ അതായത്, ഒരു നുകമെന്നപോലെ അവർ ശിക്ഷ വഹിക്കുമ്പോൾ.
^ അഥവാ “അതിനു നുകം വെക്കാൻ.”
^ അക്ഷ. “നിശ്ശബ്ദനാക്കപ്പെടും.”