ഹോശേയ 12:1-14
12 “കാറ്റാണ് എഫ്രയീമിന്റെ ആഹാരം,
അവൻ ദിവസം മുഴുവൻ കിഴക്കൻ കാറ്റിനു പിന്നാലെ പായുന്നു.
അവന്റെ നുണകളും അക്രമവും പെരുകുന്നു.
അവൻ അസീറിയയുമായി ഉടമ്പടി ചെയ്യുന്നു;+ ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.+
2 യഹോവയ്‌ക്ക് യഹൂദയുമായി ഒരു കേസുണ്ട്.+യാക്കോബിന്റെ വഴികൾക്കനുസരിച്ച് ദൈവം അവനോടു കണക്കു ചോദിക്കും;അവന്റെ പ്രവൃത്തികൾക്കു ചേർച്ചയിൽ അവനു പകരം കൊടുക്കും.+
3 ഗർഭപാത്രത്തിൽവെച്ച് അവൻ അവന്റെ സഹോദരന്റെ ഉപ്പൂറ്റിയിൽ പിടിച്ചു,+സർവശക്തിയും എടുത്ത് അവൻ ദൈവവുമായി മല്ലുപിടിച്ചു.+
4 അവൻ ദൈവദൂതനോടു മല്ലിട്ട് ജയിച്ചു,
അനുഗ്രഹത്തിനായി അവൻ കരഞ്ഞപേക്ഷിച്ചു.”+
ദൈവം അവനെ ബഥേലിൽവെച്ച് കണ്ടു; അവിടെവെച്ച് നമ്മളോടു സംസാരിച്ചു.+
5 യഹോവ സൈന്യങ്ങളുടെ ദൈവം!+യഹോവ എന്ന പേരിലാണു ജനങ്ങൾ ദൈവത്തെ ഓർക്കുന്നത്.+
6 “അതുകൊണ്ട് നിന്റെ ദൈവത്തിലേക്കു മടങ്ങുക,+അചഞ്ചലമായ സ്നേഹവും നീതിയും കാത്തുസൂക്ഷിക്കുക,+എപ്പോഴും നിന്റെ ദൈവത്തിൽ പ്രത്യാശ വെക്കുക.
7 പക്ഷേ വ്യാപാരിയുടെ കൈയിൽ കള്ളത്തുലാസ് ഇരിക്കുന്നു.വഞ്ചന കാട്ടാൻ അവൻ കൊതിക്കുന്നു.+
8 എഫ്രയീം പറയുന്നു: ‘കണ്ടോ, ഞാൻ ധനവാനായിരിക്കുന്നു;+ എനിക്കു സമ്പത്തുണ്ട്.+ഞാൻ ഈ അധ്വാനിച്ചുകൂട്ടിയതിലൊന്നും അവർക്ക് ഒരു തെറ്റും കുറ്റവും കണ്ടുപിടിക്കാനാകില്ല.’
9 യഹോവ എന്ന ഞാൻ ഈജിപ്ത് മുതലേ നിങ്ങളുടെ ദൈവമാണ്.+
നിശ്ചയിച്ച സമയത്ത്* എന്നപോലെനിങ്ങൾ വീണ്ടും കൂടാരങ്ങളിൽ കഴിയാൻ ഞാൻ ഇടയാക്കും.
10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു,+അവർക്കു ധാരാളം ദർശനങ്ങൾ നൽകി,പ്രവാചകന്മാരിലൂടെ ഞാൻ അവരോടു ദൃഷ്ടാന്തകഥകൾ പറഞ്ഞു.
11 ഗിലെയാദിൽ കള്ളവും ചതിയും* ഉണ്ട്,+
ഗിൽഗാലിൽ അവർ കാളകളെ ബലി അർപ്പിച്ചു.+അവരുടെ യാഗപീഠങ്ങൾ ഉഴവുചാലിലെ കൽക്കൂമ്പാരങ്ങൾപോലെയാണ്.+
12 യാക്കോബ് അരാമിലേക്ക്* ഓടിപ്പോയി,+ഒരു ഭാര്യയെ കിട്ടാനായി ഇസ്രായേൽ+ അവിടെ പണിയെടുത്തു.+അതിനായി യാക്കോബ് ആടുകളെ മേയ്‌ച്ചു.+
13 ഒരു പ്രവാചകനെ ഉപയോഗിച്ച് യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് കൊണ്ടുവന്നു.+ഒരു പ്രവാചകനിലൂടെ അവനെ കാത്തുരക്ഷിച്ചു.+
14 എഫ്രയീം ദൈവത്തെ അങ്ങേയറ്റം വേദനിപ്പിച്ചു;+രക്തച്ചൊരിച്ചിലിന്റെ കുറ്റം അവന്റെ മേൽത്തന്നെ ഇരിക്കും.അവൻ വരുത്തിയ നിന്ദയ്‌ക്ക് അവന്റെ കർത്താവ് അവനു പകരം കൊടുക്കും.”+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ഉത്സവസമയത്ത്.”
^ അഥവാ “നിഗൂഢമായതും; അതീന്ദ്രിയമായതും.”
^ അഥവാ “സിറിയയിലേക്ക്.”