ഹോശേയ 13:1-16
13 “എഫ്രയീം സംസാരിച്ചപ്പോൾ ജനം പേടിച്ചുവിറച്ചു;അവൻ ഇസ്രായേലിൽ പ്രമുഖനായിരുന്നു.+
പക്ഷേ ബാലിനെ ആരാധിച്ച്+ കുറ്റക്കാരനായിത്തീർന്ന അവൻ മരിച്ചു.
2 ഇപ്പോൾ അവർ ഒന്നിനു പുറകേ ഒന്നായി പാപങ്ങൾ ചെയ്തുകൂട്ടുന്നു,അവരുടെ വെള്ളികൊണ്ട് അവർ പ്രതിമകൾ* ഉണ്ടാക്കുന്നു.+അവർ വൈഭവത്തോടെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു, അവയെല്ലാം ശില്പികളുടെ കരവേല!
‘ബലി അർപ്പിക്കുന്നവർ കാളക്കുട്ടിയെ ചുംബിക്കട്ടെ’+ എന്ന് അവർ പറയുന്നു.
3 അതുകൊണ്ട് അവർ പ്രഭാതത്തിലെ മേഘംപോലെയുംരാവിലെ മാഞ്ഞുപോകുന്ന മഞ്ഞുപോലെയും ആകും;മെതിക്കളത്തിൽനിന്ന് കാറ്റു പറത്തിക്കളയുന്ന പതിരുപോലെയുംചിമ്മിനിയിൽനിന്ന് ഉയരുന്ന പുകപോലെയും ആയിത്തീരും.
4 എന്നാൽ ഈജിപ്തിൽനിന്നേ യഹോവ എന്ന ഞാൻ നിങ്ങളുടെ ദൈവമാണ്.+എന്നെയല്ലാതെ മറ്റൊരു ദൈവത്തെയും നിങ്ങൾക്ക് അറിയില്ലായിരുന്നു.ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല.+
5 വിജനഭൂമിയിൽ, വരൾച്ചയുടെ ദേശത്തുവെച്ച്, ഞാൻ നിന്നെ അറിഞ്ഞു.+
6 അവർ അവരുടെ മേച്ചിൽപ്പുറങ്ങളിൽ തൃപ്തരായിരുന്നു.+
തൃപ്തരായപ്പോൾ അവർ അഹങ്കാരികളായിത്തീർന്നു.
അങ്ങനെ അവർ എന്നെ മറന്നു.+
7 ഞാൻ ഒരു യുവസിംഹത്തെപ്പോലെ അവരുടെ നേരെ ചെല്ലും.+പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികെ പതുങ്ങി ഇരിക്കും.
8 കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരുടെ നേരെ ചെല്ലും.ഞാൻ അവരുടെ നെഞ്ചു* കീറിപ്പിളർക്കും.
അവിടെവെച്ച് സിംഹത്തെപ്പോലെ ഞാൻ അവരെ തിന്നുകളയും.ഒരു വന്യമൃഗം അവരെ പിച്ചിച്ചീന്തും.
9 നിന്നെ സഹായിക്കുന്ന എനിക്ക് എതിരെ നീ തിരിഞ്ഞിരിക്കുന്നതുകൊണ്ട്ഇസ്രായേലേ, അതു നിന്നെ നശിപ്പിക്കും.
10 നിന്നെയും നിന്റെ നഗരങ്ങളെയും രക്ഷിക്കേണ്ട നിന്റെ രാജാവ് എവിടെപ്പോയി?+‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരൂ’+ എന്നു പറഞ്ഞ്നീ ചോദിച്ചുവാങ്ങിയ നിന്റെ ഭരണാധികാരികളൊക്കെ* ഇപ്പോൾ എവിടെ?
11 എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു.+എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളയും.+
12 എഫ്രയീമിന്റെ തെറ്റുകൾ എഴുതിവെച്ചിരിക്കുന്നു.*അവന്റെ പാപം ശേഖരിച്ചുവെച്ചിട്ടുണ്ട്.
13 പ്രസവവേദനപോലുള്ള വേദന അവന് ഉണ്ടാകും.
അവൻ വിവേകമില്ലാത്ത കുട്ടിയാണ്.ജനിക്കാൻ സമയമായിട്ടും അവൻ പുറത്ത് വരാൻ തയ്യാറാകുന്നില്ല.
14 ശവക്കുഴിയുടെ* പിടിയിൽനിന്ന് ഞാൻ എന്റെ ജനത്തെ മോചിപ്പിക്കും.*മരണത്തിൽനിന്ന് ഞാൻ അവരെ വീണ്ടെടുക്കും.+
മരണമേ, നിന്റെ വിഷമുള്ള് എവിടെ?+
ശവക്കുഴിയേ, നിന്റെ സംഹാരശേഷി എവിടെ?+
എന്നാൽ, അനുകമ്പ എന്റെ കണ്ണിന് അന്യമായിരിക്കും.
15 അവൻ ഈറ്റകൾക്കിടയിൽ തഴച്ചുവളർന്നാലുംയഹോവ അയയ്ക്കുന്ന ഒരു കിഴക്കൻ കാറ്റ് അവന്റെ നേരെ വരും.അവന്റെ കിണറുകളും നീരുറവകളും വറ്റിക്കാൻ മരുഭൂമിയിൽനിന്ന് അതു വരും.
അവന്റെ വിലയേറിയ വസ്തുക്കളുടെ ഖജനാവ് ഒരാൾ കൊള്ളയടിക്കും.+
16 ദൈവത്തിന് എതിരെ ധിക്കാരം കാണിച്ചതുകൊണ്ട്+ ശമര്യ കുറ്റക്കാരിയാകും.+
അവർ വാളാൽ വീഴും.+അവരുടെ കുട്ടികളെ ഛിന്നഭിന്നമാക്കും.അവരുടെ ഗർഭിണികളെ കുത്തിപ്പിളർക്കും.”
അടിക്കുറിപ്പുകള്
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
^ അക്ഷ. “ഹൃദയത്തിന്റെ കവചം.”
^ അക്ഷ. “ന്യായാധിപന്മാരൊക്കെ.”
^ അഥവാ “സൂക്ഷിച്ചുവെച്ചിരിക്കുന്നു.”
^ അക്ഷ. “വീണ്ടെടുക്കും.”