കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 11:1-34
11 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുക.+
2 നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ കൈമാറിത്തന്ന പാരമ്പര്യങ്ങൾ അങ്ങനെതന്നെ പിൻപറ്റുന്നതുകൊണ്ടും ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു.
3 എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു;+ സ്ത്രീയുടെ തല പുരുഷൻ;+ ക്രിസ്തുവിന്റെ തല ദൈവം.+ ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
4 ഒരു പുരുഷൻ തല മൂടിക്കൊണ്ട് പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്നെങ്കിൽ അയാൾ തന്റെ തലയെ അപമാനിക്കുകയാണ്.
5 എന്നാൽ ഒരു സ്ത്രീ തല മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ+ ചെയ്യുന്നെങ്കിൽ അവൾ തന്റെ തലയെ അപമാനിക്കുകയാണ്. തല മുണ്ഡനം ചെയ്തവൾക്കു തുല്യയാണ് ആ സ്ത്രീ.
6 ശിരോവസ്ത്രം ധരിക്കാൻ കൂട്ടാക്കാത്ത സ്ത്രീ തന്റെ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തല മുണ്ഡനം ചെയ്യുന്നതോ നാണക്കേടാണെന്നു തോന്നുന്നെങ്കിൽ ആ സ്ത്രീ ശിരോവസ്ത്രം ധരിക്കട്ടെ.
7 പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും+ തേജസ്സും ആയതുകൊണ്ട് തല മൂടേണ്ടതില്ല. എന്നാൽ സ്ത്രീ പുരുഷന്റെ തേജസ്സാണ്.
8 കാരണം പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്.+
9 മാത്രമല്ല, പുരുഷനെ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീയെ പുരുഷനുവേണ്ടിയാണു സൃഷ്ടിച്ചത്.+
10 ഈ കാരണംകൊണ്ടും ദൂതന്മാർ നിമിത്തവും സ്ത്രീയുടെ തലയിൽ കീഴ്പെടലിന്റെ ഒരു അടയാളം ഉണ്ടായിരിക്കട്ടെ.+
11 എന്നാൽ കർത്താവിന്റെ ക്രമീകരണത്തിൽ പുരുഷനെ കൂടാതെ സ്ത്രീയോ സ്ത്രീയെ കൂടാതെ പുരുഷനോ ഇല്ല.
12 സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ,+ പുരുഷൻ സ്ത്രീയിലൂടെ ഉണ്ടാകുന്നു. എന്നാൽ എല്ലാം ഉണ്ടാകുന്നതു ദൈവത്തിൽനിന്നാണ്.+
13 നിങ്ങൾതന്നെ ഒന്നു വിലയിരുത്തുക: തല മൂടാതെ ഒരു സ്ത്രീ ദൈവത്തോടു പ്രാർഥിക്കുന്നത് ഉചിതമാണോ?
14 നീണ്ട മുടി പുരുഷന് അപമാനമാണെന്നും
15 എന്നാൽ സ്ത്രീക്ക് അത് അലങ്കാരമാണെന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലേ? സ്ത്രീക്കു തലമുടി നൽകിയിരിക്കുന്നതു ശിരോവസ്ത്രത്തിനു പകരമായിട്ടാണ്.
16 ഇനി, ആരെങ്കിലും ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊന്നിനുവേണ്ടി വാദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതല്ലാതെ മറ്റൊരു കീഴ്വഴക്കം ഞങ്ങൾക്കോ ദൈവത്തിന്റെ സഭകൾക്കോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ.
17 ഞാൻ ഈ നിർദേശങ്ങളൊക്കെ തരുന്നെങ്കിലും നിങ്ങളെ അഭിനന്ദിക്കുന്നില്ല. കാരണം നിങ്ങൾ കൂടിവരുന്നതുകൊണ്ട് ഗുണമല്ല, ദോഷമാണ് ഉണ്ടാകുന്നത്.
18 ഒന്നാമതായി, നിങ്ങൾ സഭയിൽ കൂടിവരുമ്പോൾ നിങ്ങൾക്കിടയിൽ ചേരിതിരിവ് ഉള്ളതായി ഞാൻ കേൾക്കുന്നു. ഞാൻ അതു കുറെയൊക്കെ വിശ്വസിക്കുകയും ചെയ്യുന്നു.
19 നിങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്.+ അങ്ങനെ, ദൈവാംഗീകാരമുള്ളത് ആർക്കെല്ലാമാണെന്നു വെളിപ്പെടുമല്ലോ.
20 നിങ്ങൾ കൂടിവരുന്നതു ശരിക്കും കർത്താവിന്റെ അത്താഴം+ കഴിക്കാനല്ല.
21 കാരണം അത്താഴം നേരത്തേതന്നെ കഴിച്ചിട്ടാണു നിങ്ങളിൽ പലരും അതിനുവേണ്ടി വരുന്നത്. അതുകൊണ്ട്, ആ സമയത്ത് ഒരാൾ വിശന്നും മറ്റൊരാൾ ലഹരിപിടിച്ചും ഇരിക്കുന്നു.
22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലേ? അല്ല, നിങ്ങൾ ദൈവത്തിന്റെ സഭയെ നിന്ദിച്ച് ഒന്നുമില്ലാത്ത പാവങ്ങളെ അവഹേളിക്കുകയാണോ? നിങ്ങളോടു ഞാൻ എന്തു പറയാനാണ്? ഇതിനു ഞാൻ നിങ്ങളെ അഭിനന്ദിക്കണോ? ഒരിക്കലും ഞാൻ അതു ചെയ്യില്ല.
23 കാരണം കർത്താവിൽനിന്ന് എനിക്കു കിട്ടിയതും ഞാൻ നിങ്ങൾക്കു കൈമാറിയതും ഇതാണ്: കർത്താവായ യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത്
24 നന്ദി പറഞ്ഞ് പ്രാർഥിച്ച് നുറുക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരത്തിന്റെ പ്രതീകമാണ്.+ എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+
25 അത്താഴം കഴിച്ചശേഷം പാനപാത്രം+ എടുത്തും യേശു അതുപോലെതന്നെ ചെയ്തു. യേശു പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീകമാണ്.+ ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക.”+
26 കർത്താവ് വരുന്നതുവരെ, നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെ കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുകയാണ്.
27 അതുകൊണ്ട് യോഗ്യതയില്ലാത്ത ആരെങ്കിലും കർത്താവിന്റെ അപ്പം തിന്നുകയോ പാനപാത്രം കുടിക്കുകയോ ചെയ്താൽ കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് അയാൾ കുറ്റക്കാരനാകും.
28 ഓരോ മനുഷ്യനും അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുന്നതിനു മുമ്പ് അതിനു യോഗ്യനാണോ എന്നു സ്വയം സൂക്ഷ്മമായി വിലയിരുത്തണം.+
29 ശരീരത്തെ വിവേചിച്ചറിയാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നയാൾ തനിക്കുതന്നെ ശിക്ഷാവിധി വരുത്തിവെക്കുകയാണ്.
30 ഇതുകൊണ്ടാണു നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്. നല്ലൊരു സംഖ്യ ആളുകൾ മരിക്കുകയും* ചെയ്തിരിക്കുന്നു.+
31 പക്ഷേ നമ്മൾതന്നെ നമ്മളെ വിവേചിച്ചറിയുന്നെങ്കിൽ ആരും നമ്മളെ വിധിക്കില്ല.
32 ഇനി, വിധിക്കുന്നെങ്കിൽത്തന്നെ അത് യഹോവ* നമുക്കു ശിക്ഷണം തരുന്നതാണ്.+ അങ്ങനെയാകുമ്പോൾ നമ്മൾ ലോകത്തോടൊപ്പം ശിക്ഷാവിധിയിൽ അകപ്പെടില്ല.+
33 അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ആ അത്താഴത്തിനായി കൂടിവരുമ്പോൾ മറ്റുള്ളവർക്കുവേണ്ടി കാത്തിരിക്കുക.
34 വിശക്കുന്നയാൾ വീട്ടിൽനിന്ന് ആഹാരം കഴിച്ചുകൊള്ളണം. അങ്ങനെയാകുമ്പോൾ നിങ്ങൾ കൂടിവരുന്നതു ന്യായവിധിക്കുവേണ്ടിയാകില്ല.+ ബാക്കി കാര്യങ്ങൾ ഞാൻ അവിടെ വരുമ്പോൾ നേരെയാക്കാം.
അടിക്കുറിപ്പുകള്
^ അക്ഷ. “ഉറങ്ങുകയും.” സാധ്യതയനുസരിച്ച്, ഇത് ആത്മീയമരണമാണ്.