കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 15:1-58
15 സഹോദരങ്ങളേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും ആയ സന്തോഷവാർത്തയെപ്പറ്റി ഞാൻ ഇപ്പോൾ നിങ്ങളെ ഓർമിപ്പിക്കുന്നു.+ നിങ്ങൾ അതിനുവേണ്ടി ഉറച്ച നിലപാട് എടുത്തവരാണല്ലോ.
2 എന്നിൽനിന്ന് കേട്ട ഈ സന്തോഷവാർത്തയിൽ നിങ്ങൾ ഉറച്ചുനിന്നാൽ നിങ്ങൾക്ക് അതിലൂടെ രക്ഷ കിട്ടും. അല്ലാത്തപക്ഷം നിങ്ങൾ വിശ്വാസികളായതു വെറുതേയായിപ്പോകും.
3 എനിക്കു കിട്ടിയ, ഞാൻ നിങ്ങൾക്കു കൈമാറിത്തന്ന, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാണ്: തിരുവെഴുത്തുകളനുസരിച്ച് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച്+
4 അടക്കപ്പെട്ട്+ തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നതുപോലെ+ മൂന്നാം ദിവസം+ ഉയിർത്തെഴുന്നേറ്റു.+
5 ക്രിസ്തു കേഫയ്ക്കും*+ പിന്നെ പന്ത്രണ്ടു പേർക്കും* പ്രത്യക്ഷനായി.+
6 അതിനു ശേഷം ഒരു അവസരത്തിൽ 500-ലധികം സഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി.+ അവരിൽ ചിലർ മരിച്ചുപോയെങ്കിലും* മിക്കവരും ഇന്നും നമ്മളോടൊപ്പമുണ്ട്.
7 പിന്നീട് ക്രിസ്തു യാക്കോബിനും+ പിന്നെ എല്ലാ അപ്പോസ്തലന്മാർക്കും പ്രത്യക്ഷനായി.+
8 ഏറ്റവും ഒടുവിൽ, മാസം തികയാതെ പിറന്നവനെപ്പോലുള്ള എനിക്കും പ്രത്യക്ഷനായി.+
9 കാരണം ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച ഞാൻ+ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല.
10 ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്. എന്നോടുള്ള ദൈവത്തിന്റെ അനർഹദയ വെറുതേയായിപ്പോയില്ല. കാരണം ഞാൻ അവരെക്കാളെല്ലാം അധികം അധ്വാനിച്ചു. എന്നാൽ അത് എന്റെ മിടുക്കുകൊണ്ടല്ല, ദൈവം എന്നോട് അനർഹദയ കാണിച്ചതുകൊണ്ടാണ്.
11 ഞാനായാലും അവരായാലും ഞങ്ങൾ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്. നിങ്ങൾ വിശ്വസിക്കുന്നതും ഇതുതന്നെ.
12 മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്തു ഉയിർപ്പിക്കപ്പെട്ടു+ എന്നു പ്രസംഗിക്കുന്ന സ്ഥിതിക്ക്, മരിച്ചവരുടെ പുനരുത്ഥാനമില്ല എന്നു നിങ്ങളിൽ ചിലർ പറഞ്ഞാൽ അത് എങ്ങനെ ശരിയാകും?
13 മരിച്ചവരുടെ പുനരുത്ഥാനമില്ലെങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല.
14 ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വെറുതേയാണ്, നിങ്ങളുടെ വിശ്വാസവും വെറുതേയാണ്.
15 മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചിട്ടില്ല. അപ്പോൾ, ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചു+ എന്നു പറഞ്ഞ ഞങ്ങൾ ദൈവത്തിന് എതിരെ സാക്ഷി പറഞ്ഞ കള്ളസാക്ഷികളാണെന്നു വരും.+
16 മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല.
17 ഇനി, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപത്തിൽത്തന്നെ കഴിയുകയാണ്.+
18 ക്രിസ്തുവിനോടു യോജിപ്പിലായിരുന്ന മരിച്ചവരും* നശിച്ചുപോയി എന്നാകും.+
19 ഈ ജീവിതത്തിനുവേണ്ടി മാത്രമാണു നമ്മൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നതെങ്കിൽ നമ്മുടെ സ്ഥിതി മറ്റെല്ലാവരുടേതിനെക്കാളും ദയനീയമാണ്!
20 എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്നുള്ള* ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+
21 ഒരു മനുഷ്യനിലൂടെ മരണം വന്നതുപോലെ+ മരിച്ചവരുടെ പുനരുത്ഥാനവും ഒരു മനുഷ്യനിലൂടെയാണ് വരുന്നത്.+
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ+ ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും.+
23 എന്നാൽ എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും: ആദ്യഫലം ക്രിസ്തു;+ പിന്നീട്, ക്രിസ്തുവിനുള്ളവർ ക്രിസ്തുവിന്റെ സാന്നിധ്യകാലത്ത്.+
24 പിന്നെ, ക്രിസ്തു എല്ലാ ഗവൺമെന്റുകളെയും അധികാരങ്ങളെയും ശക്തികളെയും നീക്കിക്കളഞ്ഞിട്ട്+ രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ അവസാനം.
25 ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്തു രാജാവായി ഭരിക്കേണ്ടതാണല്ലോ.
26 അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും.+
27 ദൈവം, “എല്ലാം അവന്റെ കാൽക്കീഴാക്കി” എന്നുണ്ടല്ലോ.+ എന്നാൽ, ‘എല്ലാം കീഴാക്കിക്കൊടുത്തു’+ എന്നു പറയുമ്പോൾ, എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തി അതിൽ ഉൾപ്പെടുന്നില്ല എന്നതു വ്യക്തമാണ്.+
28 എന്നാൽ എല്ലാം പുത്രനു കീഴാക്കിക്കൊടുത്തുകഴിയുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്,+ എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തിക്കു+ പുത്രനും കീഴ്പെട്ടിരിക്കും.
29 പുനരുത്ഥാനമില്ലെങ്കിൽ, മരണത്തിലേക്കു നയിക്കുന്ന* സ്നാനം ഏൽക്കുന്നവർ എന്തു ചെയ്യും?+ മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ അവർ അത്തരമൊരു സ്നാനം ഏൽക്കുന്നത് എന്തിനാണ്?
30 നമ്മൾ ഓരോ നിമിഷവും* ആപത്തു മുന്നിൽ കണ്ട് ജീവിക്കുന്നതും എന്തിനാണ്?+
31 സഹോദരങ്ങളേ, ദിവസവും ഞാൻ മരണത്തെ മുഖാമുഖം കാണുന്നു. നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിങ്ങളെപ്രതി ഞാൻ അഭിമാനിക്കുന്നു എന്ന കാര്യംപോലെതന്നെ സത്യമാണ് ഇതും.
32 എഫെസൊസിൽവെച്ച് മറ്റു മനുഷ്യരെപ്പോലെയാണു ഞാനും വന്യമൃഗങ്ങളുമായി മല്ലിട്ടതെങ്കിൽ+ അതുകൊണ്ട്* എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ, “നമുക്കു തിന്നുകുടിച്ച് ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ.”+
33 വഴിതെറ്റിക്കപ്പെടരുത്. ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ* നശിപ്പിക്കുന്നു.+
34 നീതി പ്രവർത്തിച്ചുകൊണ്ട് സുബോധത്തിലേക്കു വരുക. പാപത്തിൽ നടക്കരുത്. ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല. നിങ്ങൾക്കു നാണക്കേടു തോന്നാനാണു ഞാൻ ഇതൊക്കെ പറയുന്നത്.
35 പക്ഷേ ചിലർ ഇങ്ങനെ ചോദിച്ചേക്കാം: “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടാനാണ്? അവർ ഏതുതരം ശരീരത്തോടെയായിരിക്കും വരുക?”+
36 ബുദ്ധിയില്ലാത്ത മനുഷ്യാ, നീ വിതയ്ക്കുന്നത് ആദ്യം അഴുകിയാലല്ലേ* അതു മുളയ്ക്കൂ.*
37 നീ വിതയ്ക്കുന്നതു മുളച്ചുവരാനിരിക്കുന്ന ചെടിയല്ലല്ലോ,* ഗോതമ്പിന്റെയോ മറ്റ് ഏതെങ്കിലുമൊരു ധാന്യത്തിന്റെയോ വെറും മണിയല്ലേ?
38 എന്നാൽ ദൈവം തനിക്ക് ഇഷ്ടമുള്ളതുപോലെ അതിന് ഒരു ശരീരം കൊടുക്കുന്നു; ഓരോ ധാന്യത്തിനും അതതിന്റെ ശരീരം.
39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം വേറെ; ആടുമാടുകളുടെ മാംസം വേറെ; പക്ഷികളുടെ മാംസം വേറെ; മത്സ്യത്തിന്റെ മാംസവും വേറെ.
40 സ്വർഗീയശരീരങ്ങളും+ ഭൗമികശരീരങ്ങളും+ ഉണ്ട്. സ്വർഗീയശരീരങ്ങളുടെ ശോഭ വേറെ; ഭൗമികശരീരങ്ങളുടെ ശോഭ വേറെ.
41 സൂര്യന്റെ ശോഭ വേറെ; ചന്ദ്രന്റെ ശോഭ വേറെ;+ നക്ഷത്രങ്ങളുടെ ശോഭയും വേറെ. ഒരു നക്ഷത്രത്തിന്റെ ശോഭയിൽനിന്ന് വ്യത്യസ്തമാണല്ലോ മറ്റൊരു നക്ഷത്രത്തിന്റെ ശോഭ.
42 മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെ. ജീർണിച്ചുപോകുന്നതു വിതയ്ക്കപ്പെടുന്നു; എന്നാൽ ജീർണിക്കാത്തത് ഉയിർപ്പിക്കപ്പെടുന്നു.+
43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു; തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു.+ ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.+
44 ഭൗതികശരീരം വിതയ്ക്കപ്പെടുന്നു. ആത്മീയശരീരം ഉയിർപ്പിക്കപ്പെടുന്നു. ഭൗതികശരീരമുണ്ടെങ്കിൽ ആത്മീയശരീരവുമുണ്ട്.
45 “ആദ്യമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായിത്തീർന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.*+
46 ആദ്യത്തേത് ആത്മീയമായതല്ല, ഭൗതികമായതാണ്. ആത്മീയമായത് അതിനു ശേഷമാണു വരുന്നത്.
47 ആദ്യമനുഷ്യൻ ഭൂമിയിൽനിന്നുള്ളവൻ, പൊടികൊണ്ട് നിർമിക്കപ്പെട്ടവൻ.+ രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.+
48 പൊടികൊണ്ട് നിർമിക്കപ്പെട്ടവനെപ്പോലെയാണു പൊടികൊണ്ടുള്ള എല്ലാവരും. സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണു സ്വർഗീയരായ എല്ലാവരും.+
49 നമ്മൾ പൊടികൊണ്ടുള്ളവന്റെ പ്രതിരൂപം ധരിച്ചതുപോലെ+ സ്വർഗീയനായവന്റെ പ്രതിരൂപവും ധരിക്കും.+
50 സഹോദരങ്ങളേ, ഞാൻ ഒരു കാര്യം പറയാം: മാംസത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ല; നശ്വരമായതിന് അനശ്വരമായതിനെ അവകാശമാക്കാനും കഴിയില്ല.
51 ഇതാ, ഞാൻ ഒരു പാവനരഹസ്യം നിങ്ങളെ അറിയിക്കുന്നു: നമ്മൾ എല്ലാവരും മരണത്തിൽ നിദ്രകൊള്ളുകയില്ല; പക്ഷേ, നമ്മളെല്ലാം രൂപാന്തരപ്പെടും;+
52 അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമിഷനേരംകൊണ്ട് അതു സംഭവിക്കും. കാഹളനാദം മുഴങ്ങും;+ മരിച്ചവർ അനശ്വരമായ ശരീരത്തോടെ ഉയിർപ്പിക്കപ്പെടുകയും നമ്മൾ രൂപാന്തരപ്പെടുകയും ചെയ്യും.
53 ഈ നശ്വരമായത് അനശ്വരതയെയും+ മർത്യമായത് അമർത്യതയെയും ധരിക്കും.+
54 ഈ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുമ്പോൾ, “മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതു+ നിറവേറും.
55 “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമുള്ള് എവിടെ?”+
56 മരണത്തിന് ഇടയാക്കുന്ന വിഷമുള്ളു പാപമാണ്.+ പാപത്തിന്റെ ശക്തിയോ നിയമവും.*+
57 പക്ഷേ ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു വിജയം തരുന്നതുകൊണ്ട് ദൈവത്തിനു നന്ദി!+
58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക.+ കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല+ എന്ന് ഓർത്ത് കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുക.+
അടിക്കുറിപ്പുകള്
^ പത്രോസ് എന്നും വിളിച്ചിരുന്നു.
^ അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
^ അക്ഷ. “ഉറങ്ങിയെങ്കിലും.”
^ അക്ഷ. “ഉറങ്ങിയവരും.”
^ അക്ഷ. “ഉറങ്ങിയവരിൽനിന്നുള്ള.”
^ അഥവാ “മരിച്ചവരാകാനുള്ള.”
^ അഥവാ “എപ്പോഴും.”
^ മറ്റൊരു സാധ്യത “മാനുഷികമായി നോക്കിയാൽ, എഫെസൊസിൽവെച്ച് ഞാൻ വന്യമൃഗങ്ങളുമായി മല്ലിട്ടതുകൊണ്ട്.”
^ അഥവാ “നല്ല ധാർമികമൂല്യങ്ങളെ.”
^ അക്ഷ. “ചത്താലല്ലേ.”
^ അക്ഷ. “ജീവിക്കൂ.”
^ അക്ഷ. “ശരീരമല്ലല്ലോ.”
^ അഥവാ “ആത്മവ്യക്തിയായി.”
^ അഥവാ “പാപത്തിനു ശക്തി പകരുന്നതോ നിയമവും.”