കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 16:1-24
16 വിശുദ്ധർക്കുവേണ്ടിയുള്ള ധനശേഖരണത്തിന്റെ+ കാര്യത്തിൽ ഗലാത്യയിലെ സഭകളോടു ഞാൻ പറഞ്ഞതുപോലെതന്നെ നിങ്ങളും ചെയ്യുക.
2 നിങ്ങൾ എല്ലാവരും ഓരോ ആഴ്ചയുടെയും ആദ്യദിവസംതന്നെ ഓരോരുത്തർക്കും പറ്റുന്നതുപോലെ ഒരു തുക നീക്കിവെക്കണം. അങ്ങനെയാകുമ്പോൾ ഞാൻ വന്നുകഴിഞ്ഞ് ധനശേഖരണം നടത്തേണ്ടിവരില്ല.
3 ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മതരെന്ന് എഴുതി അറിയിക്കുന്ന പുരുഷന്മാരെ,+ നിങ്ങൾ ഉദാരമായി നൽകുന്ന സംഭാവനയുമായി യരുശലേമിലേക്ക് അയയ്ക്കാം.
4 ഇനി, ഞാനും അവരോടൊപ്പം പോകേണ്ടതുണ്ടെങ്കിൽ അങ്ങനെയുമാകാം.
5 പക്ഷേ എനിക്കു മാസിഡോണിയയിലേക്കു+ പോകേണ്ടതുണ്ട്. അവിടെ പോയിട്ട് ഞാൻ നിങ്ങളുടെ അടുത്ത് വരും.
6 ഞാൻ ചിലപ്പോൾ കുറച്ച് കാലം നിങ്ങളുടെകൂടെ താമസിക്കും, ഒരുപക്ഷേ മഞ്ഞുകാലം കഴിയുന്നതുവരെ. അവിടെനിന്ന് ഞാൻ യാത്ര തിരിക്കുമ്പോൾ നിങ്ങൾ കുറച്ച് ദൂരം എന്റെകൂടെ വരുമല്ലോ.
7 എന്തായാലും, ഇപ്പോൾ അവിടേക്കു പോകുന്ന വഴിക്കു തിടുക്കത്തിൽ നിങ്ങളെ കണ്ടിട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യഹോവ* അനുവദിക്കുന്നെങ്കിൽ കുറച്ച് കാലം നിങ്ങളുടെകൂടെ താമസിക്കണമെന്നാണ്+ എന്റെ ആഗ്രഹം.
8 എന്നാൽ പെന്തിക്കോസ്തുവരെ ഞാൻ എഫെസൊസിൽത്തന്നെ+ കഴിയും.
9 കാരണം പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു.+ എന്നാൽ എതിരാളികളും ധാരാളമുണ്ട്.
10 തിമൊഥെയൊസ്+ വന്നാൽ പരിഭ്രമമൊന്നും കൂടാതെ നിങ്ങളോടൊപ്പം കഴിയാൻ വേണ്ടതെല്ലാം ചെയ്തുകൊടുക്കണം. കാരണം എന്നെപ്പോലെതന്നെ യഹോവയുടെ* ജോലി ചെയ്യുന്ന ആളാണല്ലോ തിമൊഥെയൊസ്.+
11 അതുകൊണ്ട് ആരും തിമൊഥെയൊസിനെ വിലകുറച്ച് കാണരുത്. സമാധാനത്തോടെ എന്റെ അടുത്തേക്കു യാത്രയാക്കണം. ഞാനും സഹോദരങ്ങളും തിമൊഥെയൊസിന്റെ വരവും കാത്തിരിക്കുന്നുണ്ടാകും.
12 മറ്റു സഹോദരന്മാരുടെകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ നമ്മുടെ സഹോദരനായ അപ്പൊല്ലോസിനെ+ ഞാൻ കുറെ നിർബന്ധിച്ചതാണ്. പക്ഷേ ഇപ്പോഴല്ല, മറ്റൊരു അവസരത്തിൽ വരാമെന്നാണ് അപ്പൊല്ലോസ് വിചാരിക്കുന്നത്.
13 ഉണർന്നിരിക്കുക.+ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക.+ പുരുഷത്വം കാണിക്കുക.*+ കരുത്തു നേടുക.+
14 ചെയ്യുന്നതെല്ലാം സ്നേഹത്തോടെ ചെയ്യുക.+
15 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്: സ്തെഫനാസിന്റെ വീട്ടുകാർ അഖായയിലെ ആദ്യഫലമാണെന്നും വിശുദ്ധരുടെ ശുശ്രൂഷയ്ക്കുവേണ്ടി അവർ തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ചെന്നും നിങ്ങൾക്ക് അറിയാമല്ലോ.
16 അങ്ങനെയുള്ളവർക്കും നിങ്ങളോടു സഹകരിച്ച് കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും നിങ്ങൾ കീഴ്പെട്ടിരിക്കണം.+
17 സ്തെഫനാസും+ ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതിൽ ഞാൻ സന്തോഷിക്കുന്നു. കാരണം നിങ്ങളില്ലാത്തതിന്റെ കുറവ് നികത്തിയത് അവരാണ്.
18 അവർ എന്റെയും നിങ്ങളുടെയും മനസ്സിന് ഉന്മേഷം പകർന്നല്ലോ. അതുകൊണ്ട് ഇങ്ങനെയുള്ളവരെ ആദരിക്കുക.
19 ഏഷ്യയിലെ സഭകൾ നിങ്ങളെ സ്നേഹാന്വേഷണം അറിയിക്കുന്നു. അക്വിലയും പ്രിസ്കയും അവരുടെ വീട്ടിലുള്ള സഭയും+ കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അന്വേഷണം അറിയിക്കുന്നു.
20 എല്ലാ സഹോദരങ്ങളും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. വിശുദ്ധചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുക.
21 പൗലോസ് എന്ന ഞാൻ സ്വന്തം കൈപ്പടയിൽ എന്റെ അഭിവാദനം രേഖപ്പെടുത്തുന്നു.
22 കർത്താവിനെ സ്നേഹിക്കാത്ത ഏതൊരാളും ശപിക്കപ്പെട്ടവൻ. ഞങ്ങളുടെ കർത്താവേ, വരേണമേ!
23 കർത്താവായ യേശുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
24 എന്റെ സ്നേഹം ക്രിസ്തുയേശുവിനോടു യോജിപ്പിലുള്ള നിങ്ങളുടെയെല്ലാംകൂടെയുണ്ടായിരിക്കട്ടെ!