കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 4:1-21
4 ക്രിസ്തുവിന്റെ വേലക്കാരും* ദൈവത്തിന്റെ പാവനരഹസ്യങ്ങളുടെ+ കാര്യസ്ഥന്മാരും ആയിട്ടാണ് എല്ലാവരും ഞങ്ങളെ കാണേണ്ടത്.
2 കാര്യസ്ഥന്മാരിൽനിന്ന് സാധാരണ പ്രതീക്ഷിക്കുന്നതു വിശ്വസ്തതയാണ്.
3 നിങ്ങളോ മനുഷ്യരുടെ ഒരു കോടതിയോ എന്നെ വിചാരണ ചെയ്താൽ ഞാൻ അതു കാര്യമാക്കില്ല. ശരിക്കും പറഞ്ഞാൽ, ഞാൻപോലും എന്നെ വിചാരണ ചെയ്യുന്നില്ല.
4 കാരണം ഞാൻ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കു തോന്നുന്നില്ല. എന്നാൽ അതുകൊണ്ട് ഞാൻ നീതിമാനാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യുന്നത് യഹോവയാണ്.*+
5 അതുകൊണ്ട് നിശ്ചയിച്ചിരിക്കുന്ന സമയമാകുന്നതുവരെ, അതായത് കർത്താവ് വരുന്നതുവരെ, വിധിക്കരുത്.+ ദൈവം ഇരുട്ടിന്റെ രഹസ്യങ്ങൾ വെളിച്ചത്താക്കി ഹൃദയത്തിലെ ചിന്തകൾ പരസ്യമാക്കും. അപ്പോൾ, അർഹിക്കുന്ന പ്രശംസ ഓരോരുത്തർക്കും ദൈവത്തിൽനിന്ന് കിട്ടും.+
6 സഹോദരങ്ങളേ, ഇക്കാര്യങ്ങളെല്ലാം എന്നെയും അപ്പൊല്ലോസിനെയും+ വെച്ച് ഞാൻ പറഞ്ഞതു നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. “എഴുതിയിരിക്കുന്നതിന് അപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കാനും നിങ്ങൾ അഹങ്കരിച്ചിട്ട്+ ഒരാളെ എതിർക്കുകയോ മറ്റൊരാളെ അനുകൂലിക്കുകയോ ചെയ്യാതിരിക്കാനും ആണ് ഞാൻ ഇതെല്ലാം പറഞ്ഞത്.
7 നിനക്കു മറ്റുള്ളവരെക്കാൾ എന്താണു പ്രത്യേകത? ലഭിച്ചതല്ലാതെ നിനക്ക് എന്തെങ്കിലും സ്വന്തമായിട്ടുണ്ടോ?+ ലഭിച്ചതാണെങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോലെ നീ അഹങ്കരിക്കുന്നത് എന്തിനാണ്?
8 നിങ്ങൾ എല്ലാം തികഞ്ഞവരായെന്നാണോ? നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞെന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജാക്കന്മാരായി ഭരണവും തുടങ്ങിയോ?+ നിങ്ങൾ ഭരിക്കാൻ തുടങ്ങിയെങ്കിൽ എത്ര നന്നായിരുന്നു! അപ്പോൾ ഞങ്ങൾക്കും നിങ്ങളുടെകൂടെ ഭരിക്കാമായിരുന്നല്ലോ.+
9 ഞങ്ങൾ ലോകത്തിനും ദൂതന്മാർക്കും മനുഷ്യർക്കും വേദിയിലെ ഒരു ദൃശ്യവിരുന്നായിരിക്കുന്നു.+ മരണത്തിനു വിധിക്കപ്പെട്ടവരായി+ പ്രദർശനത്തിന്റെ ഏറ്റവും ഒടുവിൽ രംഗത്ത് വരാനിരിക്കുന്നവരെപ്പോലെ അപ്പോസ്തലന്മാരായ ഞങ്ങളെ ദൈവം നിറുത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നുന്നു.
10 ക്രിസ്തു നിമിത്തം ഞങ്ങൾ വിഡ്ഢികൾ;+ എന്നാൽ നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ. ഞങ്ങൾ ദുർബലർ; നിങ്ങളോ ബലവാന്മാർ. നിങ്ങൾ ആദരണീയർ; എന്നാൽ ഞങ്ങൾ അപമാനിതർ.
11 ഈ സമയംവരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ് കഴിഞ്ഞിട്ടുള്ളത്. പലപ്പോഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്ത്രമോ കിടക്കാൻ കിടപ്പാടമോ ഇല്ലായിരുന്നു.
12 സ്വന്തകൈകൊണ്ട് അധ്വാനിച്ചാണു ഞങ്ങൾ ജീവിച്ചത്.+ ഞങ്ങളെ അപമാനിക്കുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു.+ ഞങ്ങളെ ഉപദ്രവിക്കുമ്പോൾ ഞങ്ങൾ ക്ഷമയോടെ അതെല്ലാം സഹിക്കുന്നു.+
13 ഞങ്ങളെക്കുറിച്ച് അപവാദം പറയുമ്പോൾ ഞങ്ങൾ സൗമ്യമായി മറുപടി പറയുന്നു.*+ ഇന്നുവരെ ഞങ്ങൾ ലോകത്തിന്റെ എച്ചിലും* എല്ലാത്തിന്റെയും ഉച്ഛിഷ്ടവും ആണ്.
14 നിങ്ങളെ നാണംകെടുത്താനല്ല, എന്റെ പ്രിയമക്കളെപ്പോലെ ഗുണദോഷിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ എഴുതുന്നത്.
15 ക്രിസ്തുവിൽ നിങ്ങൾക്ക് 10,000 രക്ഷാകർത്താക്കളുണ്ടായിരിക്കാം.* പക്ഷേ പിതാക്കന്മാർ അധികമില്ല. നിങ്ങളെ അറിയിച്ച സന്തോഷവാർത്തയിലൂടെ ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായല്ലോ.+
16 അതുകൊണ്ട് എന്നെ അനുകരിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.+
17 അതിനുവേണ്ടിയാണ് ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്. തിമൊഥെയൊസ് എനിക്കു കർത്താവിൽ വിശ്വസ്തനായ പ്രിയമകനാണ്. ക്രിസ്തുയേശുവിന്റെ സേവനത്തിൽ ഞാൻ പിൻപറ്റുന്ന രീതികൾ* തിമൊഥെയൊസ് നിങ്ങളെ ഓർമിപ്പിക്കും.+ ഞാൻ എല്ലായിടത്തും എല്ലാ സഭകൾക്കും പഠിപ്പിച്ചുകൊടുക്കുന്ന രീതികൾ തിമൊഥെയൊസ് അതേപടി നിങ്ങൾക്കും പറഞ്ഞുതരും.
18 ഞാൻ നിങ്ങളുടെ അടുത്ത് വരില്ലെന്ന മട്ടിൽ ചിലർ അഹങ്കരിക്കുന്നുണ്ട്.
19 എന്നാൽ യഹോവയുടെ* ഇഷ്ടമെങ്കിൽ ഞാൻ വൈകാതെതന്നെ നിങ്ങളുടെ അടുത്ത് വരും. അഹങ്കാരികളുടെ വാക്കുകൾ കേൾക്കാനല്ല, അവർ ദൈവശക്തിയുള്ളവരാണോ എന്നു കണ്ടറിയാനാണു ഞാൻ വരുന്നത്.
20 ദൈവരാജ്യം വാക്കുകളിലൂടെയല്ല, ദൈവശക്തിയിലൂടെയാണല്ലോ പ്രകടമാകുന്നത്.
21 നിങ്ങൾക്ക് ഏതാണ് ഇഷ്ടം? ഞാൻ ഒരു വടിയുമായി വരുന്നതാണോ,+ അതോ സ്നേഹത്തോടും സൗമ്യതയോടും കൂടെ വരുന്നതാണോ?
അടിക്കുറിപ്പുകള്
^ അഥവാ “ക്രിസ്തുവിനു കീഴിലുള്ളവരും.”
^ അക്ഷ. “ഞങ്ങൾ യാചിക്കുന്നു.”
^ അഥവാ “ചവറും.”
^ അഥവാ “ഗുരുക്കന്മാരുണ്ടായിരിക്കാം.”
^ അക്ഷ. “എന്റെ വഴികൾ.”