കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 6:1-20
6 നിങ്ങളിൽ ഒരാൾക്കു മറ്റൊരാൾക്കെതിരെ പരാതിയുള്ളപ്പോൾ+ അതു പരിഹരിക്കാൻ വിശുദ്ധരുടെ അടുത്ത് ചെല്ലുന്നതിനു പകരം കോടതിയിൽ നീതികെട്ട മനുഷ്യരുടെ അടുത്ത് പോകാൻ മുതിരുന്നോ?
2 വിശുദ്ധർ ലോകത്തെ വിധിക്കും+ എന്നു നിങ്ങൾക്ക് അറിയില്ലേ? ഈ ലോകത്തെത്തന്നെ വിധിക്കാനുള്ള നിങ്ങൾ, നിസ്സാരകാര്യങ്ങൾക്കു തീർപ്പു കല്പിക്കാൻ കഴിവില്ലാത്തവരാണെന്നോ?
3 നമ്മൾ ദൂതന്മാരെപ്പോലും വിധിക്കും+ എന്നു നിങ്ങൾക്ക് അറിയില്ലേ? അങ്ങനെയെങ്കിൽ ഈ ജീവിതത്തിലെ കാര്യങ്ങൾക്കു തീർപ്പു കല്പിക്കാൻ നമുക്കു പറ്റില്ലേ?
4 ഈ ജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ+ സഭ ഒട്ടും മാനിക്കാത്തവരെയാണോ നിങ്ങൾ വിധികർത്താക്കളാക്കുന്നത്?
5 നിങ്ങൾക്കു നാണം തോന്നാനാണു ഞാൻ ഇതു നിങ്ങളോടു പറയുന്നത്. സഹോദരന്മാർ തമ്മിലുള്ള ഒരു കാര്യത്തിനു തീർപ്പു കല്പിക്കാൻ മാത്രം ജ്ഞാനമുള്ള ആരും നിങ്ങളുടെ ഇടയിലില്ലാഞ്ഞിട്ടാണോ
6 നിങ്ങൾ അതുമായി കോടതിയിൽ പോകുന്നത്, അതും അവിശ്വാസികളുടെ അടുത്ത്?
7 നിങ്ങളുടെ ഇടയിൽ ഒരു കേസ് ഉണ്ടാകുന്നു എന്നതുതന്നെ വലിയൊരു പോരായ്മയാണ്. അതിലും നല്ലത് അന്യായം സഹിക്കുന്നതല്ലേ?+ വഞ്ചിക്കപ്പെടുമ്പോഴും എന്തുകൊണ്ട് അതു സഹിച്ചുകൂടാ?
8 പകരം, നിങ്ങൾ അന്യായവും വഞ്ചനയും കാണിക്കുന്നു, അതും സ്വന്തം സഹോദരങ്ങളോട്!
9 അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ?+ വഞ്ചിക്കപ്പെടരുത്.* അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ വിഗ്രഹാരാധകർ,+ വ്യഭിചാരികൾ,+ സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ,+ സ്വവർഗരതിക്കാർ,*+
10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+
11 നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.+ നിങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു.+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.+
12 എല്ലാം എനിക്ക് അനുവദനീയമാണ്; എന്നാൽ എല്ലാം പ്രയോജനമുള്ളതല്ല.+ എല്ലാം എനിക്ക് അനുവദനീയം; എന്നാൽ എന്നെ നിയന്ത്രിക്കാൻ ഞാൻ ഒന്നിനെയും അനുവദിക്കില്ല.
13 ഭക്ഷണം വയറിനും വയറു ഭക്ഷണത്തിനും വേണ്ടിയാണ്. എന്നാൽ ദൈവം അവ രണ്ടും ഇല്ലാതാക്കും.+ ശരീരം ലൈംഗിക അധാർമികതയ്ക്കുവേണ്ടിയുള്ളതല്ല,* കർത്താവിനുവേണ്ടിയുള്ളതാണ്;+ കർത്താവ് ശരീരത്തിനുവേണ്ടിയുള്ളതും.
14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ ഉയിർപ്പിച്ചതുപോലെ+ നമ്മളെയും മരണത്തിൽനിന്ന് ഉയിർപ്പിക്കും.+
15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാണെന്ന് അറിഞ്ഞുകൂടേ?+ അങ്ങനെയിരിക്കെ ഞാൻ ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്ത് വേശ്യയോടു ചേർക്കുന്നതു ശരിയാണോ? ഒരിക്കലുമല്ല!
16 ഒരാൾ വേശ്യയോടു പറ്റിച്ചേരുമ്പോൾ അയാളും അവളും ഒരു ശരീരമായിത്തീരുന്നെന്നു നിങ്ങൾക്ക് അറിയില്ലേ? “രണ്ടു പേരും ഒരു ശരീരമായിത്തീരും”+ എന്നാണല്ലോ ദൈവം പറയുന്നത്.
17 എന്നാൽ ഒരാൾ കർത്താവിനോടു പറ്റിച്ചേരുമ്പോൾ അയാളും കർത്താവും ഒരേ ചിന്തയുള്ളവരായിത്തീരുന്നു.*+
18 അധാർമികപ്രവൃത്തികളിൽനിന്ന്* ഓടിയകലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീരത്തിനു പുറത്താണ്. എന്നാൽ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന് എതിരെ പാപം ചെയ്യുന്നു.+
19 ദൈവത്തിൽനിന്ന് ദാനമായി ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതും ആയ പരിശുദ്ധാത്മാവിന്റെ* ആലയമാണു+ നിങ്ങളുടെ ശരീരമെന്ന് അറിഞ്ഞുകൂടേ?+ നിങ്ങൾ നിങ്ങളുടെ സ്വന്തമല്ലെന്നും ഓർക്കണം.+
20 കാരണം നിങ്ങളെ വില കൊടുത്ത് വാങ്ങിയതാണ്.+ അതുകൊണ്ട് നിങ്ങൾ ശരീരംകൊണ്ട്+ ദൈവത്തെ മഹത്ത്വപ്പെടുത്തുക.+
അടിക്കുറിപ്പുകള്
^ അഥവാ “വഴിതെറ്റിക്കപ്പെടരുത്.”
^ അഥവാ “പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ.”
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ അഥവാ “അസഭ്യം പറയുന്നവർ.”
^ അഥവാ “അന്യായമായി കൈക്കലാക്കുന്നവർ.”
^ അഥവാ “ആത്മാവിൽ ഒന്നായിത്തീരുന്നു.”
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. ഗ്രീക്കിൽ പോർണിയ. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.