കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത് 7:1-40
7 ഇനി, നിങ്ങൾ എഴുതിച്ചോദിച്ച കാര്യങ്ങളെക്കുറിച്ച് പറയാം: സ്ത്രീയെ തൊടാതിരിക്കുന്നതാണു* പുരുഷനു നല്ലത്.
2 എന്നാൽ ലൈംഗിക അധാർമികത* സർവസാധാരണമായിരിക്കുന്ന സ്ഥിതിക്ക് ഓരോ പുരുഷനും സ്വന്തം ഭാര്യയും,+ ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ.+
3 ഭർത്താവ് ഭാര്യക്കു കടപ്പെട്ടിരിക്കുന്നതു കൊടുക്കട്ടെ. അതുപോലെതന്നെ ഭാര്യയും ചെയ്യട്ടെ.+
4 ഭാര്യയുടെ ശരീരത്തിന്മേൽ ഭാര്യക്കല്ല, ഭർത്താവിനാണ് അധികാരമുള്ളത്. അതുപോലെ, ഭർത്താവിന്റെ ശരീരത്തിന്മേൽ ഭർത്താവിനല്ല, ഭാര്യക്കാണ് അധികാരമുള്ളത്.
5 പ്രാർഥനയ്ക്കുവേണ്ടി പരസ്പരസമ്മതത്തോടെ നിശ്ചിതസമയത്തേക്കല്ലാതെ ഭാര്യാഭർത്താക്കന്മാർ പരസ്പരം അതു നിഷേധിക്കരുത്. അതിനു ശേഷം വീണ്ടും ഒന്നിച്ചുചേരണം. അങ്ങനെയാകുമ്പോൾ നിങ്ങളുടെ ആത്മനിയന്ത്രണത്തിന്റെ കുറവ് മുതലെടുത്ത് സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാൻ ഇടവരില്ല.
6 ഇതൊരു കല്പനയല്ല, ആനുകൂല്യമാണ്.
7 എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ! എന്നാൽ ഓരോരുത്തർക്കുമുള്ള ദൈവദത്തമായ കഴിവ്*+ വ്യത്യസ്തമാണ്. ഒരാൾക്ക് ഒരു കഴിവാണെങ്കിൽ* മറ്റൊരാൾക്കു മറ്റൊന്ന്.
8 ഇനി, അവിവാഹിതരോടും വിധവമാരോടും ഞാൻ പറയുന്നു: അവർ എന്നെപ്പോലെതന്നെ കഴിയുന്നതാണു നല്ലത്.+
9 എന്നാൽ ആത്മനിയന്ത്രണമില്ലെങ്കിൽ അവർ വിവാഹം കഴിക്കട്ടെ. വികാരംകൊണ്ട് എരിയുന്നതിനെക്കാൾ വിവാഹം കഴിക്കുന്നതാണു നല്ലത്.+
10 വിവാഹിതർക്കും ഞാൻ നിർദേശങ്ങൾ നൽകുന്നു. ഞാനല്ല, കർത്താവുതന്നെയാണു നിർദേശിക്കുന്നത്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്.*+
11 ഇനി, വേർപിരിയുകയാണെങ്കിൽ ആ സ്ത്രീ വിവാഹം കഴിക്കാതെ ജീവിക്കണം. അല്ലെങ്കിൽ ഭർത്താവുമായി രമ്യതയിലാകണം. ഭർത്താവും ഭാര്യയെ ഉപേക്ഷിക്കരുത്.*+
12 മറ്റുള്ളവരോടു കർത്താവല്ല, ഞാൻതന്നെ പറയുന്നു:+ ഒരു സഹോദരന്റെ ഭാര്യ അവിശ്വാസിയാണെങ്കിലും ഭർത്താവിന്റെകൂടെ താമസിക്കാൻ സമ്മതമാണെങ്കിൽ അദ്ദേഹം ഭാര്യയെ ഉപേക്ഷിക്കരുത്.
13 ഒരു സ്ത്രീയുടെ ഭർത്താവ് അവിശ്വാസിയാണെങ്കിലും ഭാര്യയുടെകൂടെ താമസിക്കാൻ അദ്ദേഹത്തിനു സമ്മതമാണെങ്കിൽ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കരുത്.
14 കാരണം അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യയിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യയും വിശ്വാസിയായ ഭർത്താവിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. അപ്പോൾ നിങ്ങളുടെ മക്കളും വിശുദ്ധരായിരിക്കും. അല്ലെങ്കിൽ അവർ അശുദ്ധരാണെന്നു വരും.
15 ഇനി, അവിശ്വാസി വേർപിരിയാൻ തീരുമാനിക്കുന്നെങ്കിൽ വേർപിരിഞ്ഞുകൊള്ളട്ടെ. അത്തരം സാഹചര്യങ്ങളിൽ, വിശ്വാസിയായ സഹോദരനോ സഹോദരിക്കോ ആ വ്യക്തിയോടു കടപ്പാടൊന്നുമില്ല. സമാധാനത്തോടെ ജീവിക്കാനാണല്ലോ+ ദൈവം നിങ്ങളെ വിളിച്ചത്.
16 ഭാര്യയേ, നീ നിന്റെ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ലെന്ന് ആരു കണ്ടു?+ ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ലെന്ന് ആരു കണ്ടു?
17 ഓരോരുത്തരും യഹോവ* നിയമിച്ചുതന്ന വഴിയിൽ, അതായത് ദൈവം വിളിച്ചപ്പോൾ നിങ്ങൾ എങ്ങനെയായിരുന്നോ അതുപോലെതന്നെ, നടക്കട്ടെ.+ അതുകൊണ്ട് ഞാൻ എല്ലാ സഭകൾക്കും കൊടുക്കുന്ന നിർദേശം ഇതാണ്:
18 ദൈവം വിളിച്ച സമയത്ത് ഒരാൾ പരിച്ഛേദനയേറ്റിട്ടുണ്ടായിരുന്നോ?*+ എങ്കിൽ അയാൾ അങ്ങനെതന്നെ കഴിയട്ടെ. ഒരാൾ അഗ്രചർമിയായിരുന്നപ്പോഴാണോ ദൈവം വിളിച്ചത്? എങ്കിൽ അയാൾ പരിച്ഛേദനയേൽക്കേണ്ട ആവശ്യമില്ല.+
19 പരിച്ഛേദനയോ അഗ്രചർമമോ അല്ല,+ ദൈവകല്പനകൾ പാലിക്കുന്നതാണു പ്രധാനം.+
20 ദൈവം വിളിച്ച സമയത്ത് എങ്ങനെയായിരുന്നോ അങ്ങനെതന്നെ ഓരോരുത്തരും കഴിയട്ടെ.+
21 ഒരു അടിമയായിരിക്കുമ്പോഴാണോ നിന്നെ വിളിച്ചത്? അത് ഓർത്ത് വിഷമിക്കേണ്ടാ.+ എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടിയാൽ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക.
22 അടിമയായിരിക്കുമ്പോൾ കർത്താവിൽ വിളിക്കപ്പെട്ടയാൾ കർത്താവിനുള്ളവനും സ്വതന്ത്രനാക്കപ്പെട്ടവനും ആണ്.+ അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോൾ വിളിക്കപ്പെട്ടയാൾ ക്രിസ്തുവിന്റെ അടിമയാണ്.
23 നിങ്ങളെ വില കൊടുത്ത് വാങ്ങിയതാണ്.+ അതുകൊണ്ട് നിങ്ങൾ മനുഷ്യർക്ക് അടിമകളാകുന്നതു മതിയാക്കുക.
24 സഹോദരങ്ങളേ, ദൈവം വിളിച്ച സമയത്ത് എങ്ങനെയായിരുന്നോ അങ്ങനെതന്നെ ഓരോരുത്തരും ദൈവമുമ്പാകെ കഴിയട്ടെ.
25 ഇനി, അവിവാഹിതരെക്കുറിച്ച്:* അവരെപ്പറ്റി എനിക്കു കർത്താവിൽനിന്ന് കല്പനയൊന്നുമില്ല. എങ്കിലും കർത്താവിന്റെ കാരുണ്യംകൊണ്ട് വിശ്വസ്തനായിരിക്കുന്നയാൾ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറയാം.+
26 നിലവിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, ഒരാൾ അയാളുടെ ഇപ്പോഴത്തെ അവസ്ഥയിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന് എനിക്കു തോന്നുന്നു.
27 നിങ്ങൾക്കൊരു ഭാര്യയുണ്ടോ? എങ്കിൽ മോചനത്തെക്കുറിച്ച് ചിന്തിക്കേണ്ടാ.+ നിങ്ങൾ ഭാര്യ നഷ്ടപ്പെട്ടയാളാണോ?* ഒരു ഭാര്യയെ അന്വേഷിക്കേണ്ടാ.
28 എന്നാൽ, നിങ്ങൾ വിവാഹം കഴിച്ചാലും അതു പാപമല്ല. അതുപോലെ, അവിവാഹിതനായ ഒരാൾ വിവാഹം കഴിച്ചാൽ അതും പാപമാകുന്നില്ല. പക്ഷേ വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ* കഷ്ടപ്പാടുകൾ ഉണ്ടാകും. അതു നിങ്ങൾക്ക് ഉണ്ടാകരുതെന്നു കരുതിയാണു ഞാൻ ഇതെല്ലാം പറയുന്നത്.
29 സഹോദരങ്ങളേ, ഒരു കാര്യം ഞാൻ പറയാം: ഇനി വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂ.+ അതുകൊണ്ട് ഇനിമുതൽ ഭാര്യയുള്ളവർ ഇല്ലാത്തവരെപ്പോലെയും
30 കരയുന്നവർ കരയാത്തവരെപ്പോലെയും ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും വാങ്ങുന്നവർ അതു കൈവശമില്ലാത്തവരെപ്പോലെയും
31 ലോകത്തെ ഉപയോഗിക്കുന്നവർ അതിനെ മുഴുവനായി ഉപയോഗിക്കാത്തവരെപ്പോലെയും കഴിയട്ടെ. കാരണം ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്.
32 നിങ്ങൾക്ക് ഉത്കണ്ഠകളില്ലാതിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അവിവാഹിതനായ പുരുഷൻ, എങ്ങനെ കർത്താവിന്റെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട് അയാളുടെ മനസ്സു നിറയെ കർത്താവിന്റെ കാര്യങ്ങളാണ്.
33 എന്നാൽ വിവാഹം കഴിച്ചയാൾ, എങ്ങനെ ഭാര്യയുടെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട് അയാളുടെ മനസ്സു നിറയെ ലൗകികകാര്യങ്ങളാണ്.+
34 അയാളുടെ മനസ്സ് ഏകാഗ്രമല്ല. അവിവാഹിതയുടെയും കന്യകയുടെയും മനസ്സു നിറയെ കർത്താവിന്റെ കാര്യങ്ങളാണ്.+ അങ്ങനെ അവളുടെ ശരീരവും മനസ്സും* വിശുദ്ധമായിത്തീരുന്നു. വിവാഹിതയോ എങ്ങനെ ഭർത്താവിന്റെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട് അവളുടെ മനസ്സു നിറയെ ലൗകികകാര്യങ്ങളാണ്.
35 ഞാൻ ഇതു പറയുന്നതു നിങ്ങൾക്കു കടിഞ്ഞാണിടാനല്ല,* പകരം നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്. ഉചിതമായ രീതിയിൽ ജീവിതം നയിക്കാനും എപ്പോഴും ഏകാഗ്രതയോടെ കർത്താവിനെ സേവിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നതിനാണ്.
36 അവിവാഹിതനായി കഴിയുന്നതു ശരിയല്ലെന്നു* നവയൗവനം പിന്നിട്ട ഒരാൾക്കു തോന്നുന്നെങ്കിൽ, അയാൾ ഇഷ്ടംപോലെ ചെയ്യട്ടെ. അയാൾ പാപം ചെയ്യുന്നില്ല. അങ്ങനെയുള്ളവർ വിവാഹം കഴിക്കട്ടെ.+
37 എന്നാൽ അങ്ങനെയൊരു ആവശ്യം തോന്നാത്ത ഒരാൾ ആത്മസംയമനം പാലിക്കാൻ കഴിയുമെന്നു തോന്നിയിട്ട് അവിവാഹിതനായി കഴിയാൻ ഹൃദയത്തിൽ തീരുമാനിച്ചുറയ്ക്കുന്നെങ്കിൽ അതു നല്ലതാണ്.+
38 അതുപോലെതന്നെ, വിവാഹം കഴിക്കുന്നെങ്കിൽ അതും നല്ലതാണ്. എന്നാൽ വിവാഹം കഴിക്കാതിരിക്കുന്നെങ്കിൽ അതാണു കുറച്ചുകൂടെ നല്ലത്.+
39 ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിക്കപ്പെട്ടിരിക്കുന്നു.+ എന്നാൽ ഭർത്താവ് മരിച്ചുപോയാൽ* തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ ആ സ്ത്രീക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, കർത്താവിൽ മാത്രമേ ആകാവൂ.+
40 എന്നാൽ ആ സ്ത്രീ അങ്ങനെതന്നെ കഴിഞ്ഞാൽ കൂടുതൽ സന്തോഷവതിയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എനിക്കും ദൈവാത്മാവുണ്ടെന്നാണ് എന്റെ വിശ്വാസം.
അടിക്കുറിപ്പുകള്
^ അതായത്, സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത്.
^ അഥവാ “വരം.”
^ അഥവാ “വരമാണെങ്കിൽ.”
^ അഥവാ “ഭാര്യ ഭർത്താവിനെ പിരിഞ്ഞ് ജീവിക്കരുത്.”
^ അഥവാ “ഭർത്താവും ഭാര്യയെ പിരിഞ്ഞ് ജീവിക്കരുത്.”
^ അക്ഷ. “കന്യകമാരെക്കുറിച്ച്.” ഇതിന്റെ ഗ്രീക്കുപദത്തിനു സ്ത്രീയെയും പുരുഷനെയും കുറിക്കാനാകും.
^ അതായത്, വിവാഹമോചനത്താലോ മരണത്താലോ.
^ അഥവാ “ആത്മാവും.”
^ അക്ഷ. “നിങ്ങൾക്കു കുടുക്കിടാനല്ല.”
^ അഥവാ “തന്റെ കന്യകാത്വത്തോടു താൻ ഉചിതമായല്ല പെരുമാറുന്നതെന്ന്.”
^ അക്ഷ. “ഉറങ്ങിയാൽ.”