തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത് 1:1-20
1 നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും+ കല്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിത്തീർന്ന പൗലോസ്,
2 വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു യഥാർഥമകനായ+ തിമൊഥെയൊസിന്*+ എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്ക് അനർഹദയയും കരുണയും സമാധാനവും!
3 ഞാൻ മാസിഡോണിയയിലേക്കു പോകാൻനേരത്ത് ആവശ്യപ്പെട്ടതുപോലെതന്നെ വീണ്ടും ആവശ്യപ്പെടുകയാണ്. നീ എഫെസൊസിൽത്തന്നെ താമസിച്ച്, വിപരീതോപദേശങ്ങൾ പഠിപ്പിക്കുന്നവരെയും
4 കെട്ടുകഥകൾക്കും+ വംശാവലികൾക്കും ശ്രദ്ധ കൊടുക്കുന്നവരെയും വിലക്കണം. കാരണം അതെല്ലാം ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങളാണ്.+ മാത്രമല്ല, അനാവശ്യമായ ഊഹാപോഹങ്ങൾക്ക് ഇടയാക്കുമെന്നല്ലാതെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ദൈവികകാര്യങ്ങളൊന്നും അതിൽനിന്ന് കിട്ടില്ല.
5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യമില്ലാത്ത വിശ്വാസം+ എന്നിവയിൽനിന്ന് ഉളവാകുന്ന സ്നേഹം+ നമുക്കെല്ലാമുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു നിർദേശം* തരുന്നത്.
6 ചിലർ ഇതെല്ലാം വിട്ടുകളഞ്ഞ് കഴമ്പില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നു.+
7 നിയമം* പഠിപ്പിക്കുന്നവരാകാനാണ്+ അവർ നോക്കുന്നത്. പക്ഷേ അവർ പറയുന്നത് എന്താണെന്നോ എന്തിനുവേണ്ടിയാണ് ഇത്ര ശക്തമായി വാദിക്കുന്നതെന്നോ അവർക്കുതന്നെ നിശ്ചയമില്ല.
8 ശരിയായ രീതിയിലാണ്* ഉപയോഗിക്കുന്നതെങ്കിൽ നിയമം നല്ലതാണെന്നു നമുക്ക് അറിയാം.
9 നിയമം നിലവിൽവന്നതു നീതിമാന്മാരെ ഉദ്ദേശിച്ചല്ല, നിയമലംഘകർ,+ ധിക്കാരികൾ, ഭക്തിയില്ലാത്തവർ, പാപികൾ, വിശ്വസ്തതയില്ലാത്തവർ,* വിശുദ്ധമായതിനെ തുച്ഛീകരിക്കുന്നവർ, അമ്മയപ്പന്മാരെ കൊല്ലുന്നവർ, കൊലയാളികൾ,
10 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ, സ്വവർഗരതിക്കാർ,* തട്ടിക്കൊണ്ടുപോകുന്നവർ, നുണയന്മാർ, കള്ളസ്സാക്ഷികൾ* എന്നിവരെയും പ്രയോജനകരമായ* പഠിപ്പിക്കലിന്,+
11 അതായത് സന്തോഷമുള്ള ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന+ മഹത്ത്വമാർന്ന സന്തോഷവാർത്തയ്ക്കു ചേർച്ചയിലുള്ള പഠിപ്പിക്കലിന്, എതിരായിട്ടുള്ള മറ്റെല്ലാ കാര്യങ്ങളെയും ഉദ്ദേശിച്ചാണ്.
12 എന്നെ ശക്തിപ്പെടുത്തിയ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനോടു ഞാൻ നന്ദിയുള്ളവനാണ്. കാരണം ശുശ്രൂഷയ്ക്കുവേണ്ടി നിയോഗിച്ചുകൊണ്ട്+ ക്രിസ്തു എന്നെ വിശ്വസ്തനായി കണക്കാക്കിയല്ലോ.
13 മുമ്പ് ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും+ ആയിരുന്ന എന്നെയാണ് ഇങ്ങനെ വിശ്വസ്തനായി കണക്കാക്കിയത്. അതൊക്കെ വിശ്വാസമില്ലാതിരുന്ന കാലത്ത് അറിവില്ലാതെ ചെയ്തതായിരുന്നതുകൊണ്ട് എനിക്കു കരുണ ലഭിച്ചു.
14 നമ്മുടെ കർത്താവിന്റെ അനർഹദയ എന്നിലേക്കു കവിഞ്ഞൊഴുകി, വിശ്വാസവും ക്രിസ്തുയേശുവിലുള്ള സ്നേഹവും എനിക്കു കിട്ടി.
15 ഞാൻ പറയുന്ന ഇക്കാര്യം വിശ്വാസയോഗ്യവും മുഴുവനായും സ്വീകരിക്കാവുന്നതും ആണ്: ക്രിസ്തുയേശു ലോകത്തേക്കു വന്നതു പാപികളെ രക്ഷിക്കാനാണ്.+ ആ പാപികളിൽ ഒന്നാമൻ ഞാൻതന്നെയാണ്.+
16 എങ്കിലും എനിക്കു കരുണ ലഭിച്ചു. അങ്ങനെയാകുമ്പോൾ പാപികളിൽ ഒന്നാമനായ എന്നിലൂടെ ക്രിസ്തുയേശുവിനു തന്റെ ക്ഷമ മുഴുവനും വെളിപ്പെടുത്താനാകുമായിരുന്നു. അങ്ങനെ, ക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് നിത്യജീവൻ+ നേടാനിരിക്കുന്നവർക്കു ഞാൻ ഒരു ദൃഷ്ടാന്തമായി.
17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
18 എന്റെ മോനേ, തിമൊഥെയൊസേ, നിന്നെപ്പറ്റിയുള്ള പ്രവചനങ്ങൾക്കു ചേർച്ചയിൽ, ഈ നിർദേശങ്ങൾ* ഞാൻ നിന്നെ ഭരമേൽപ്പിക്കുകയാണ്. അങ്ങനെ ഇവ ഉപയോഗിച്ച് നിനക്ക് ആ നല്ല പോരാട്ടത്തിൽ+ പോരാടാൻ കഴിയും.
19 നീ വിശ്വാസവും നല്ല മനസ്സാക്ഷിയും+ നിലനിറുത്തുകയും വേണം. ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞതുകൊണ്ട് അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി.
20 ഹുമനയൊസും+ അലക്സാണ്ടറും അങ്ങനെയുള്ളവരാണ്. ദൈവത്തെ നിന്ദിക്കരുതെന്ന കാര്യം ഒരു ശിക്ഷണത്തിലൂടെ അവരെ പഠിപ്പിക്കാൻ ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തു.+
അടിക്കുറിപ്പുകള്
^ അർഥം: “ദൈവത്തെ ആദരിക്കുന്നവൻ.”
^ അഥവാ “കല്പന; ആജ്ഞ.”
^ അക്ഷ. “നിയമാനുസൃതമായിട്ടാണ്.”
^ അഥവാ “അചഞ്ചലസ്നേഹമില്ലാത്തവർ.”
^ അഥവാ “ആരോഗ്യകരമായ.”
^ അഥവാ “കള്ളസത്യം ചെയ്യുന്നവർ.”
^ അഥവാ “പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ.”
^ ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
^ അഥവാ “കല്പനകൾ; ആജ്ഞകൾ.”