തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത് 2:1-15
2 ആദ്യംതന്നെ ഞാൻ ഒരു കാര്യം പറയട്ടെ, എല്ലാ തരം മനുഷ്യരെയുംകുറിച്ച് ഉള്ളുരുകി യാചിക്കുകയും പ്രാർഥിക്കുകയും അപേക്ഷിക്കുകയും* ദൈവത്തോടു നന്ദി പറയുകയും വേണം.
2 തികഞ്ഞ ദൈവഭക്തിയും കാര്യഗൗരവവും* ഉള്ളവരായി സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാൻ+ നമുക്കു കഴിയേണ്ടതിന്, രാജാക്കന്മാർക്കും ഉയർന്ന പദവികളിലുള്ള* എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക.+
3 ഇതു നമ്മുടെ രക്ഷകനായ ദൈവത്തിന്റെ സന്നിധിയിൽ+ നല്ലതും സ്വീകാര്യവും ആണ്.
4 എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും+ അവർ സത്യത്തിന്റെ ശരിയായ* അറിവ് നേടണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്.
5 ഒരു ദൈവമേ ഉള്ളൂ.+ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ+ മധ്യസ്ഥനും+ ഒരാളേ ഉള്ളൂ, ക്രിസ്തുയേശു.+ ആ മനുഷ്യനാണു
6 തത്തുല്യമായ ഒരു മോചനവിലയായി*+ എല്ലാവർക്കുംവേണ്ടി സ്വയം അർപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പറയേണ്ട ഉചിതമായ സമയത്ത് ആളുകൾ ഇതിനു സാക്ഷി പറയും.
7 ഇതെക്കുറിച്ച് സാക്ഷി പറയാനാണ്+ ഒരു പ്രസംഗകനായും അപ്പോസ്‌തലനായും+ എന്നെ നിയമിച്ചിരിക്കുന്നത്. അതെ, ജനതകളിൽപ്പെട്ടവരെ വിശ്വാസവും സത്യവും പഠിപ്പിക്കാൻ അവർക്ക് ഒരു അധ്യാപകനായി+ എന്നെ നിയോഗിച്ചിരിക്കുന്നു. ഞാൻ പറയുന്നതു നുണയല്ല, സത്യമാണ്.
8 അതുകൊണ്ട് കൂടിവരുന്നിടത്തെല്ലാം പുരുഷന്മാർ, കോപവും+ തർക്കവും+ ഇല്ലാതെ വിശുദ്ധകൈകൾ ഉയർത്തി+ പ്രാർഥിക്കണമെന്നാണ് എന്റെ ആഗ്രഹം.
9 അതുപോലെ, സ്ത്രീകൾ മാന്യമായി, സുബോധത്തോടെ,* അന്തസ്സുള്ള* വസ്‌ത്രം ധരിച്ചും കേശാലങ്കാരങ്ങൾ, സ്വർണം, മുത്ത്, വളരെ വിലപിടിപ്പുള്ള തുണിത്തരങ്ങൾ+ എന്നിവയ്ക്കു പകരം
10 ദൈവഭക്തിയുള്ള സ്‌ത്രീകൾക്കു+ ചേർന്ന രീതിയിൽ സത്പ്രവൃത്തികൾകൊണ്ടും അണിഞ്ഞൊരുങ്ങണം.
11 സ്‌ത്രീ പൂർണവിധേയത്വത്തോടെ മിണ്ടാതിരുന്ന്* പഠിക്കട്ടെ.+
12 പഠിപ്പിക്കാനോ പുരുഷന്റെ മേൽ അധികാരം പ്രയോഗിക്കാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല, സ്‌ത്രീ മിണ്ടാതിരിക്കട്ടെ.*+
13 കാരണം ആദ്യം സൃഷ്ടിച്ചത് ആദാമിനെയാണ്. പിന്നെയാണു ഹവ്വയെ സൃഷ്ടിച്ചത്.+
14 അതുപോലെ, ആദാമല്ല, സ്ത്രീയാണു പാടേ വഞ്ചിക്കപ്പെട്ട്+ ദൈവനിയമം ലംഘിച്ചത്.
15 പക്ഷേ സ്‌ത്രീ* സുബോധത്തോടെ,*+ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും നിലനിന്നാൽ മാതൃത്വത്തിലൂടെ+ സ്ത്രീക്കു സംരക്ഷണം കിട്ടും.
അടിക്കുറിപ്പുകള്‍
^ അതായത്, മറ്റുള്ളവർക്കുവേണ്ടിയുള്ള അപേക്ഷ.
^ അഥവാ “കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും.”
^ അഥവാ “അധികാരസ്ഥാനത്തുള്ള.”
^ അഥവാ “സൂക്ഷ്മമായ.”
^ അഥവാ “നല്ല വകതിരിവോടെ.”
^ അഥവാ “ആദരണീയമായ.”
^ അഥവാ “അടങ്ങിയൊതുങ്ങിയിരുന്ന്; ശാന്തയായിരുന്ന്.”
^ അഥവാ “അടങ്ങിയൊതുങ്ങിയിരിക്കട്ടെ; ശാന്തയായിരിക്കട്ടെ.”
^ അക്ഷ. “അവർ.”
^ അഥവാ “നല്ല വകതിരിവോടെ.”