തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത് 4:1-16
4 പക്ഷേ ഭാവികാലത്ത് ചിലർ വഴിതെറ്റിക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോപദേശങ്ങൾക്കും ചെവി കൊടുത്ത് വിശ്വാസത്തിൽനിന്ന് വീണുപോകുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു.
2 ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ മനസ്സാക്ഷി പൊള്ളിത്തഴമ്പിച്ച കാപട്യക്കാരുടെ നുണകളായിരിക്കും+ ഇതിനു വഴിവെക്കുക.
3 ഇവർ വിവാഹം വിലക്കുകയും+ ചില തരം ഭക്ഷണം വർജിക്കണം+ എന്നു കല്പിക്കുകയും ചെയ്യും. പക്ഷേ അവയെല്ലാം വിശ്വാസവും സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവും ഉള്ളവർ+ തന്നോടു നന്ദി പറഞ്ഞുകൊണ്ട് കഴിക്കാൻ ദൈവം സൃഷ്ടിച്ചതാണ്.+
4 ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ്.+ ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ടാണു കഴിക്കുന്നതെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല.+
5 കാരണം ദൈവവചനത്താലും പ്രാർഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നു.
6 സഹോദരങ്ങൾക്ക് ഈ ഉപദേശം കൊടുത്താൽ നീ ക്രിസ്തുയേശുവിന്റെ ഒരു നല്ല ശുശ്രൂഷകനായിരിക്കും—നീ അടുത്ത് പിൻപറ്റിപ്പോന്നിട്ടുള്ള ശ്രേഷ്ഠമായ പഠിപ്പിക്കലിന്റെയും വിശ്വാസത്തിന്റെയും വാക്കുകളാൽ പോഷിപ്പിക്കപ്പെട്ട ഒരു ശുശ്രൂഷകൻ.+
7 മുത്തശ്ശിക്കഥകൾപോലുള്ള ദൈവദൂഷണപരമായ കെട്ടുകഥകൾ തള്ളിക്കളയുക.+ പകരം, ദൈവഭക്തനാകുക എന്ന ലക്ഷ്യംവെച്ച് നിന്നെത്തന്നെ പരിശീലിപ്പിക്കുക.
8 കായികപരിശീലനംകൊണ്ട്* അൽപ്പം പ്രയോജനമേ ഉള്ളൂ. പക്ഷേ ദൈവഭക്തി എല്ലാ കാര്യങ്ങൾക്കും ഉപകരിക്കുന്നു. കാരണം അത് ഇപ്പോഴത്തെ ജീവിതം മാത്രമല്ല വരാനിരിക്കുന്ന ജീവിതവും വാഗ്ദാനം ചെയ്യുന്നു.+
9 വിശ്വസനീയമായ ഈ പ്രസ്താവന അങ്ങനെതന്നെ സ്വീകരിക്കേണ്ടതാണ്.
10 അതുകൊണ്ടാണ് നമ്മൾ ഇങ്ങനെ അധ്വാനിക്കുന്നതും യത്നിക്കുന്നതും.+ കാരണം നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത് എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേകിച്ച് വിശ്വാസികളുടെ രക്ഷകനായ, ജീവനുള്ള ദൈവത്തിലാണ്.
11 ഈ കല്പനകളെല്ലാം അവരെ അറിയിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുക.
12 നീ ചെറുപ്പമാണെന്ന കാരണത്താൽ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്. പകരം, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും* വിശ്വസ്തർക്ക് ഒരു മാതൃകയായിരിക്കുക.
13 ഞാൻ വരുന്നതുവരെ വിശുദ്ധലിഖിതങ്ങൾ പരസ്യമായി വായിക്കുന്നതിലും+ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതനായിരിക്കുക.
14 മൂപ്പന്മാരുടെ* സംഘം നിന്റെ മേൽ കൈകൾ വെച്ചപ്പോൾ നിനക്കു കിട്ടിയ സമ്മാനം നീ അവഗണിച്ചുകളയരുത്. ഒരു പ്രവചനത്തിലൂടെയാണല്ലോ നിനക്ക് അതു കിട്ടിയത്.+
15 ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക. ഇവയിൽ മുഴുകിയിരിക്കുക. അങ്ങനെ നിന്റെ പുരോഗതി എല്ലാവരും വ്യക്തമായി കാണട്ടെ.
16 നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.+ ഇതെല്ലാം ചെയ്യുന്നതിൽ മടുത്തുപോകരുത്. എങ്കിൽ, നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും നീ രക്ഷിക്കും.+
അടിക്കുറിപ്പുകള്
^ അക്ഷ. “വഴിതെറ്റിക്കുന്ന ആത്മാക്കൾക്കും.”
^ അഥവാ “സൂക്ഷ്മമായ.”
^ അഥവാ “വ്യായാമം.”
^ അഥവാ “ശുദ്ധിയിലും.”