ദിനവൃത്താന്തം ഒന്നാം ഭാഗം 12:1-40
12 കീശിന്റെ മകനായ ശൗൽ കാരണം+ ദാവീദ് സിക്ലാഗിൽ+ ഒളിച്ചുകഴിയുന്ന കാലത്ത് ദാവീദിന്റെ അടുത്ത് വന്നവർ ഇവരായിരുന്നു. യുദ്ധത്തിൽ ദാവീദിനെ സഹായിച്ച വീരയോദ്ധാക്കളിൽപ്പെട്ടവരായിരുന്നു ഇവർ.+
2 ഇവർ വില്ലാളികളായിരുന്നു. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും+ കവണ ചുഴറ്റാനും+ അമ്പ് എയ്യാനും സമർഥരായ ഇവർ ശൗലിന്റെ സഹോദരന്മാരായ ബന്യാമീന്യരായിരുന്നു.+
3 അഹിയേസെരായിരുന്നു അവരുടെ തലവൻ; അഹിയേസെരിനോടൊപ്പം യോവാശുമുണ്ടായിരുന്നു. അവർ രണ്ടും ഗിബെയക്കാരനായ+ ശെമായയുടെ ആൺമക്കളായിരുന്നു. കൂടാതെ അസ്‌മാവെത്തിന്റെ+ ആൺമക്കളായ യസീയേലും പേലത്തും. പിന്നെ ബരാഖ, അനാഥോത്യനായ യേഹു,
4 ഗിബെയോന്യനായ+ യിശ്‌മയ്യ. ഒരു വീരയോദ്ധാവായ യിശ്‌മയ്യ മുപ്പതു പേരിൽപ്പെട്ടവനും+ അവരുടെ തലവനും ആയിരുന്നു. കൂടാതെ യിരെമ്യ, യഹസീയേൽ, യോഹാനാൻ, ഗദേരാത്യനായ യോസാബാദ്,
5 എലൂസായി, യരീമോത്ത്, ബയല്യ, ശെമര്യ, ഹരുഫ്യനായ ശെഫത്യ,
6 എൽക്കാന, യിശ്യ, അസരേൽ. കൂടാതെ യോവേസെർ, യാശോബെയാം. ഇവർ കോരഹ്യരായിരുന്നു.+
7 പിന്നെ ഗദോരിലെ യരോഹാമിന്റെ ആൺമക്കളായ യോവേലയും സെബദ്യയും.
8 ദാവീദ് വിജനഭൂമിയിലെ ഒളിസങ്കേതത്തിലായിരിക്കുമ്പോൾ+ ചില ഗാദ്യർ ദാവീദിന്റെ പക്ഷം ചേർന്നു. എപ്പോഴും പരിചയും കുന്തവും ഏന്തി യുദ്ധസജ്ജരായി നിന്നിരുന്ന ഈ വീരയോദ്ധാക്കൾ നല്ല പരിശീലനം ലഭിച്ചവരായിരുന്നു. സിംഹങ്ങളുടേതുപോലുള്ള മുഖമുള്ളവരും മലകളിലെ മാനുകളെപ്പോലെ വേഗതയുള്ളവരും ആയിരുന്നു അവർ.
9 ഏസെരായിരുന്നു അവരുടെ തലവൻ. രണ്ടാമൻ ഓബദ്യ, മൂന്നാമൻ എലിയാബ്,
10 നാലാമൻ മിശ്‌മന്ന, അഞ്ചാമൻ യിരെമ്യ,
11 ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,
12 എട്ടാമൻ യോഹാനാൻ, ഒൻപതാമൻ എൽസാബാദ്,
13 പത്താമൻ യിരെമ്യ, പതിനൊന്നാമൻ മഖ്ബന്നായി.
14 ഇവരായിരുന്നു ഗാദ്യരിൽപ്പെട്ട+ സൈന്യത്തലവന്മാർ. ഇവരിൽ ഏറ്റവും ദുർബലൻ 100 പേർക്കും ഏറ്റവും ശക്തൻ 1,000 പേർക്കും സമനായിരുന്നു.+
15 ഒന്നാം മാസം യോർദാൻ നദി കരകവിഞ്ഞ് ഒഴുകുമ്പോൾ അതു കുറുകെ കടന്ന് സമതലപ്രദേശത്ത് താമസിച്ചിരുന്നവരെയെല്ലാം കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചുകളഞ്ഞത് ഇവരാണ്.
16 ബന്യാമീനിലും യഹൂദയിലും ഉള്ള ചില പുരുഷന്മാരും ദാവീദിന്റെ ഒളിസങ്കേതത്തിൽ+ വന്നു.
17 ദാവീദ് പുറത്ത് ചെന്ന് അവരോടു പറഞ്ഞു: “സദുദ്ദേശ്യത്തോടെ എന്നെ സഹായിക്കാനാണ് എന്റെ അടുത്ത് വന്നിരിക്കുന്നതെങ്കിൽ നിങ്ങൾ എന്റെ സുഹൃത്തുക്കളായിരിക്കും. അല്ല, എന്റെ കൈകൾ തെറ്റു ചെയ്യാതിരിക്കെ എന്നെ എന്റെ എതിരാളികൾക്ക് ഒറ്റിക്കൊടുക്കാനാണു നിങ്ങൾ വന്നതെങ്കിൽ നമ്മുടെ പൂർവികരുടെ ദൈവം അതു കണ്ട് ന്യായം വിധിക്കട്ടെ.”+
18 അപ്പോൾ മുപ്പതു പേരുടെ തലവനായ അമസായിയുടെ മേൽ ദൈവാത്മാവ് വന്നു.*+ അമസായി പറഞ്ഞു:
“ദാവീദേ, ഞങ്ങൾ അങ്ങയുടേതാണ്; യിശ്ശായിയുടെ മകനേ, ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്.+
സമാധാനം! അങ്ങയ്‌ക്കും അങ്ങയെ സഹായിക്കുന്നവനും സമാധാനം,ദൈവം അങ്ങയുടെ സഹായത്തിനുണ്ടല്ലോ.”+
അങ്ങനെ ദാവീദ് അവരെ സ്വീകരിച്ച് അവരെയും തന്റെ സൈന്യത്തിന്റെ തലവന്മാരാക്കി.
19 ശൗലിനോടു യുദ്ധം ചെയ്യാൻ ദാവീദ് ഫെലിസ്ത്യരോടൊപ്പം വന്നപ്പോൾ ചില മനശ്ശെയരും ദാവീദിന്റെ പക്ഷം ചേർന്നു. എന്നാൽ ദാവീദിനു ഫെലിസ്ത്യരെ സഹായിക്കേണ്ടിവന്നില്ല. കാരണം ഫെലിസ്‌ത്യപ്രഭുക്കന്മാർ+ കൂടിയാലോചിച്ചശേഷം, “അയാൾ അയാളുടെ യജമാനനായ ശൗലിന്റെ പക്ഷം ചേരും; പോകുന്നതു നമ്മുടെ തലയായിരിക്കും”+ എന്നു പറഞ്ഞ് ദാവീദിനെ പറഞ്ഞയച്ചു.
20 ദാവീദ് സിക്ലാഗിലേക്കു+ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് ദാവീദിന്റെ പക്ഷം ചേർന്നവർ ഇവരാണ്: അദ്നാഹ്, യോസാബാദ്, യദിയയേൽ, മീഖായേൽ, യോസാബാദ്, എലീഹു, സില്ലെഥായി. ഇവരെല്ലാം മനശ്ശെയിലെ സഹസ്രാധിപന്മാരായിരുന്നു.*+
21 ധീരരും വീരരും ആയ യോദ്ധാക്കളായിരുന്നു+ അവരെല്ലാം. കവർച്ചപ്പടയെ നേരിടാൻ അവർ ദാവീദിനെ സഹായിച്ചു. അവർ സൈന്യത്തിന്റെ തലവന്മാരായിത്തീർന്നു.
22 ദാവീദിന്റെ പക്ഷം ചേർന്ന് ദാവീദിനെ സഹായിക്കാൻ ഓരോ ദിവസവും ആളുകൾ വന്നുകൊണ്ടിരുന്നു.+ അങ്ങനെ ദാവീദിന്റെ പാളയം വളർന്ന് ദൈവത്തിന്റെ പാളയംപോലെ വലുതായിത്തീർന്നു.+
23 യഹോവയുടെ ആജ്ഞയനുസരിച്ച്, ശൗലിന്റെ രാജാധികാരം ദാവീദിനു നൽകാൻ+ ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് വന്ന+ യുദ്ധസജ്ജരായ യോദ്ധാക്കൾ ഇത്രയുമായിരുന്നു:
24 വലിയ പരിചയും കുന്തവും ഏന്തിയ യഹൂദയിലെ പുരുഷന്മാർ, യുദ്ധസജ്ജരായ 6,800 പേർ.
25 ശിമെയോന്യരിൽനിന്ന്, ധീരരും വീരരും ആയ സൈനികർ 7,100.
26 ലേവ്യരിൽനിന്ന് 4,600.
27 യഹോയാദയായിരുന്നു+ അഹരോന്റെ പുത്രന്മാരുടെ+ നേതാവ്. യഹോയാദയോടുകൂടെ 3,700 പേർ.
28 ധീരനും വീരനും ആയ സാദോക്ക്+ എന്ന യുവാവും സാദോക്കിന്റെ പിതൃഭവനത്തിൽനിന്ന് 22 തലവന്മാരും അവരോടൊപ്പമുണ്ടായിരുന്നു.
29 ശൗലിന്റെ സഹോദരന്മാരായ ബന്യാമീന്യരിൽനിന്ന്+ 3,000 പേർ. അവരിൽ ഭൂരിഭാഗവും മുമ്പ് ശൗലിന്റെ ഭവനത്തിനു കാവൽ നിന്നവരായിരുന്നു.
30 എഫ്രയീമ്യരിൽനിന്ന് അവരുടെ പിതൃഭവനങ്ങളിലുള്ള ധീരരും വീരരും പ്രശസ്തരും ആയ 20,800 പേർ.
31 മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന്, ദാവീദിനെ രാജാവാക്കാൻ ചെല്ലുന്നതിനു പേര് വിളിച്ച് തിരഞ്ഞെടുത്ത 18,000 പേർ.
32 യിസ്സാഖാർ ഗോത്രത്തിൽനിന്ന് 200 തലവന്മാരും അവരുടെ കീഴിലുള്ള അവരുടെ എല്ലാ സഹോദരന്മാരും. സാഹചര്യങ്ങൾക്കനുസരിച്ച് പെട്ടെന്നു തീരുമാനമെടുത്ത് ഇസ്രായേലിനു നിർദേശങ്ങൾ നൽകാൻ കഴിവുള്ളവരായിരുന്നു ഈ തലവന്മാർ.
33 സെബുലൂൻ ഗോത്രത്തിൽനിന്ന് സൈന്യത്തിൽ സേവിക്കാൻ പ്രാപ്തരായ 50,000 പേർ. എല്ലാ തരം ആയുധങ്ങളും സഹിതം യുദ്ധത്തിനു സജ്ജരായിരുന്ന ഇവർ ദാവീദിന്റെ പക്ഷം ചേർന്ന് വിശ്വസ്തമായി പറ്റിനിന്നു.*
34 നഫ്‌താലിയിൽനിന്ന്, 1,000 തലവന്മാരും അവരോടുകൂടെ, വലിയ പരിചയും കുന്തവും ഏന്തിയ 37,000 പേരും.
35 ദാന്യരിൽനിന്ന് യുദ്ധസജ്ജരായ 28,600 പേർ.
36 ആശേരിൽനിന്ന്, യുദ്ധത്തിന് അണിനിരക്കാൻ പ്രാപ്തരായ 40,000 പേർ.
37 യോർദാന് അക്കരെ+ രൂബേന്യരിൽനിന്നും ഗാദ്യരിൽനിന്നും മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്നും എല്ലാ തരം യുദ്ധായുധങ്ങളുമായി 1,20,000 പടയാളികൾ.
38 സൈന്യത്തിൽ അണിനിരക്കാൻ പ്രാപ്തരായ ഈ യുദ്ധവീരന്മാരെല്ലാം ദാവീദിനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കാൻ പൂർണഹൃദയത്തോടെ ഹെബ്രോനിലേക്കു വന്നു. ദാവീദിനെ രാജാവാക്കുന്ന കാര്യത്തിൽ മറ്റ് ഇസ്രായേല്യരും ഒറ്റക്കെട്ടായിരുന്നു.*+
39 അവർ അവിടെ ദാവീദിനോടൊപ്പം തിന്നുകുടിച്ച് മൂന്നു ദിവസം കഴിഞ്ഞു. അവരുടെ സഹോദരന്മാർ അവർക്കുവേണ്ടി ഭക്ഷണം ഒരുക്കി.
40 കൂടാതെ അവരുടെ അടുത്തുള്ളവരും ദൂരെ യിസ്സാഖാർ, സെബുലൂൻ, നഫ്താലി എന്നിവിടങ്ങളിലുള്ളവരും കഴുതകളുടെയും ഒട്ടകങ്ങളുടെയും കോവർകഴുതകളുടെയും കന്നുകാലികളുടെയും പുറത്ത് ഭക്ഷണവുമായി വന്നു. അവർ വളരെയധികം ധാന്യപ്പൊടിയും അത്തിയടയും* ഉണക്ക മുന്തിരിയും വീഞ്ഞും എണ്ണയും കൊണ്ടുവന്നു; കുറെ ആടുമാടുകളെയും കൊണ്ടുവന്നു. ഇസ്രായേല്യരെല്ലാം ആഹ്ലാദത്തിമിർപ്പിലായിരുന്നു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “പൊതിഞ്ഞു.”
^ അതായത്, ആയിരം പേരുടെ അധിപന്മാർ.
^ അഥവാ “സജ്ജരായി ദാവീദിന്റെ പക്ഷം ചേർന്നവർ ആരും ഇരുമനസ്സുള്ളവരല്ലായിരുന്നു.”
^ അക്ഷ. “ഏകഹൃദയമുള്ളവരായിരുന്നു.”
^ അതായത്, അത്തിക്കായ്കൾ അമർത്തി ഉണ്ടാക്കിയ ഒരു അട.