ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 15:1-29

15  ദാവീദ്‌ രാജാവ്‌ ദാവീ​ദി​ന്റെ നഗരത്തിൽ തനിക്കു​വേണ്ടി പിന്നെ​യും ഭവനങ്ങൾ പണിതു. കൂടാതെ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടക​ത്തി​നു​വേണ്ടി ഒരു സ്ഥലം ഒരുക്കു​ക​യും ഒരു കൂടാരം നിർമി​ക്കു​ക​യും ചെയ്‌തു.+ 2  അക്കാലത്താണ്‌ ദാവീദ്‌ ഇങ്ങനെ പറഞ്ഞത്‌: “ലേവ്യ​ര​ല്ലാ​തെ മറ്റാരും സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം ചുമക്ക​രുത്‌. യഹോ​വ​യു​ടെ പെട്ടകം ചുമക്കാ​നും എല്ലാ കാലത്തും തനിക്കു ശുശ്രൂഷ ചെയ്യാ​നും വേണ്ടി യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ അവരെ​യാണ്‌.”+ 3  താൻ ഒരുക്കിയ സ്ഥലത്തേക്ക്‌ യഹോ​വ​യു​ടെ പെട്ടകം കൊണ്ടു​വ​രാൻവേണ്ടി ഇസ്രാ​യേ​ലി​നെ മുഴുവൻ ദാവീദ്‌ യരുശ​ലേ​മിൽ വിളി​ച്ചു​കൂ​ട്ടി.+ 4  ദാവീദ്‌ അഹരോ​ന്റെ വംശജരിൽനിന്നും+ ലേവ്യരിൽനിന്നും+ കൂട്ടി​വ​രു​ത്തി​യവർ ഇവരാണ്‌: 5  കൊഹാത്യരിൽനിന്ന്‌ അവരുടെ തലവനായ ഊരി​യേ​ലും 120 സഹോ​ദ​ര​ന്മാ​രും; 6  മെരാര്യരിൽനിന്ന്‌ അവരുടെ തലവനായ അസായയും+ 220 സഹോ​ദ​ര​ന്മാ​രും; 7  ഗർശോമ്യരിൽനിന്ന്‌ അവരുടെ തലവനായ യോവേലും+ 130 സഹോ​ദ​ര​ന്മാ​രും; 8  എലീസാഫാന്റെ+ വംശജ​രിൽനിന്ന്‌ അവരുടെ തലവനായ ശെമയ്യ​യും 200 സഹോ​ദ​ര​ന്മാ​രും; 9  ഹെബ്രോന്റെ വംശജ​രിൽനിന്ന്‌ അവരുടെ തലവനായ എലീ​യേ​ലും 80 സഹോ​ദ​ര​ന്മാ​രും; 10  ഉസ്സീയേലിന്റെ+ വംശജ​രിൽനിന്ന്‌ അവരുടെ തലവനായ അമ്മീനാ​ദാ​ബും 112 സഹോ​ദ​ര​ന്മാ​രും. 11  കൂടാതെ ദാവീദ്‌ പുരോ​ഹി​ത​ന്മാ​രായ സാദോ​ക്ക്‌,+ അബ്യാഥാർ+ എന്നിവ​രെ​യും ലേവ്യ​രായ ഊരി​യേൽ, അസായ, യോവേൽ, ശെമയ്യ, എലീയേൽ, അമ്മീനാ​ദാബ്‌ എന്നിവ​രെ​യും വിളി​ച്ചു​കൂ​ട്ടി. 12  ദാവീദ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രാ​ണ​ല്ലോ. നിങ്ങ​ളെ​യും നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ​യും വിശു​ദ്ധീ​ക​രി​ച്ചിട്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ പെട്ടകം ഞാൻ അതിനു​വേണ്ടി ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടു​വ​രുക. 13  അന്നു നിങ്ങൾ അതു ചുമന്ന്‌ കൊണ്ടുവരാഞ്ഞതുകൊണ്ടാണു+ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ കോപം നമ്മുടെ നേരെ ജ്വലി​ച്ചത്‌.+ അതു കൊണ്ടു​വ​രേണ്ട ശരിയായ വിധം+ എന്താ​ണെന്നു നമ്മൾ അന്വേ​ഷി​ച്ച​റി​ഞ്ഞു​മില്ല.” 14  അങ്ങനെ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ പെട്ടകം കൊണ്ടു​വ​രാൻവേണ്ടി പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും തങ്ങളെ​ത്തന്നെ വിശു​ദ്ധീ​ക​രി​ച്ചു. 15  യഹോവ മോശ​യി​ലൂ​ടെ കല്‌പി​ച്ച​ത​നു​സ​രിച്ച്‌, ലേവ്യർ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം അതിന്റെ തണ്ടുകൾ തോളിൽ വെച്ച്‌ ചുമന്നു.+ 16  തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ സന്തോ​ഷ​ത്തോ​ടെ പാട്ടു പാടാൻവേണ്ടി, ഗായക​രായ അവരുടെ സഹോ​ദ​ര​ന്മാ​രെ നിയമി​ക്കാൻ ദാവീദ്‌ ലേവ്യ​രു​ടെ തലവന്മാ​രോട്‌ ആവശ്യ​പ്പെട്ടു. 17  അങ്ങനെ ലേവ്യർ യോ​വേ​ലി​ന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോ​ദ​ര​ന്മാ​രിൽ, ബേരെ​ഖ്യ​യു​ടെ മകനായ ആസാഫിനെയും+ അവരുടെ സഹോ​ദ​ര​ന്മാ​രായ മെരാ​ര്യ​രിൽനിന്ന്‌ കൂശാ​യ​യു​ടെ മകൻ ഏഥാനെയും+ നിയമി​ച്ചു. 18  അവരോടൊപ്പം രണ്ടാം വിഭാഗത്തിലെ+ അവരുടെ സഹോ​ദ​ര​ന്മാ​രായ സെഖര്യ, ബേൻ, യാസീ​യേൽ, ശെമീ​രാ​മോത്ത്‌, യഹീയേൽ, ഉന്നി, എലിയാ​ബ്‌, ബനയ, മയസേയ, മത്ഥിഥ്യ, എലീ​ഫെ​ലേഹു, മിക്‌നേയ, കാവൽക്കാ​രായ ഓബേദ്‌-ഏദോം, യയീയേൽ എന്നിവ​രെ​യും നിയമി​ച്ചു. 19  ഗായകരായ ഹേമാൻ,+ ആസാഫ്‌,+ ഏഥാൻ എന്നിവ​രാ​യി​രു​ന്നു ചെമ്പു​കൊ​ണ്ടുള്ള ഇലത്താളം+ വായി​ക്കേ​ണ്ടത്‌. 20  സെഖര്യ, അസിയേൽ, ശെമീ​രാ​മോത്ത്‌, യഹീയേൽ, ഉന്നി, എലിയാ​ബ്‌, മയസേയ, ബനയ എന്നിവർ അലാമോത്ത്‌*+ രാഗത്തിൽ തന്ത്രി​വാ​ദ്യ​ങ്ങൾ വായിച്ചു. 21  മത്ഥിഥ്യ,+ എലീ​ഫെ​ലേഹു, മിക്‌നേയ, ഓബേദ്‌-ഏദോം, യയീയേൽ, ആസസ്യ എന്നിവർ ശെമിനീത്ത്‌*+ രാഗത്തിൽ കിന്നരം വായിച്ചു; അവരാ​യി​രു​ന്നു സംഗീ​ത​സം​ഘ​നാ​യ​ക​ന്മാർ. 22  ലേവ്യരുടെ തലവനായ കെനന്യയായിരുന്നു+ പെട്ടകം കൊണ്ടു​വ​രു​ന്ന​തി​നു നേതൃ​ത്വം വഹിച്ചത്‌; കെനന്യ സമർഥ​നാ​യി​രു​ന്നു. 23  ബേരെഖ്യയും എൽക്കാ​ന​യും പെട്ടക​ത്തി​ന്റെ കാവൽക്കാ​രാ​യി​രു​ന്നു. 24  പുരോഹിതന്മാരായ ശെബന്യ, യോശാ​ഫാത്ത്‌, നെഥന​യേൽ, അമസായി, സെഖര്യ, ബനയ, എലീ​യേ​സെർ എന്നിവർ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടക​ത്തി​നു മുമ്പാകെ വലിയ ശബ്ദത്തിൽ കാഹളം മുഴക്കി.+ ഓബേദ്‌-ഏദോം, യഹീയ എന്നിവ​രും പെട്ടക​ത്തി​ന്റെ കാവൽക്കാ​രാ​യി​രു​ന്നു. 25  അങ്ങനെ ദാവീ​ദും ഇസ്രാ​യേ​ലി​ലെ മൂപ്പന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ഓബേദ്‌-ഏദോ​മി​ന്റെ വീട്ടിൽനിന്ന്‌+ സന്തോഷത്തോടെ+ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തോ​ടൊ​പ്പം നടന്നു. 26  യഹോവയുടെ ഉടമ്പടി​പ്പെ​ട്ടകം ചുമക്കാൻ സത്യ​ദൈവം ലേവ്യരെ സഹായി​ച്ച​തു​കൊണ്ട്‌ അവർ ഏഴു കാളക്കു​ട്ടി​ക​ളെ​യും ഏഴ്‌ ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും ബലി അർപ്പിച്ചു.+ 27  ദാവീദും പെട്ടകം ചുമന്നി​രുന്ന എല്ലാ ലേവ്യ​രും ഗായക​രും, ഗായക​രു​ടെ​യും പെട്ടകം ചുമന്ന​വ​രു​ടെ​യും തലവനായ കെനന്യ​യും മേത്തരം തുണി​കൊ​ണ്ടുള്ള, കൈയി​ല്ലാത്ത മേലങ്കി ധരിച്ചി​രു​ന്നു. ദാവീദ്‌ ഒരു ലിനൻ ഏഫോ​ദും ധരിച്ചി​രു​ന്നു.+ 28  ആർപ്പുവിളിച്ചും+ കൊമ്പും കാഹളവും+ മുഴക്കി​യും ഇലത്താളം കൊട്ടി​യും തന്ത്രി​വാ​ദ്യ​ങ്ങൾ, കിന്നരം+ എന്നിവ ഉച്ചത്തിൽ വായി​ച്ചും കൊണ്ട്‌ എല്ലാ ഇസ്രാ​യേ​ല്യ​രും​കൂ​ടി യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ടകം കൊണ്ടു​വന്നു. 29  യഹോവയുടെ ഉടമ്പടി​പ്പെ​ട്ടകം ദാവീ​ദി​ന്റെ നഗരത്തിൽ+ എത്തിയ​പ്പോൾ ശൗലിന്റെ മകളായ മീഖൾ+ ജനലി​ലൂ​ടെ താഴേക്കു നോക്കി. ദാവീദ്‌ രാജാവ്‌ തുള്ളി​ച്ചാ​ടി നൃത്തം ചെയ്യു​ന്നതു കണ്ടപ്പോൾ മീഖളി​നു ഹൃദയ​ത്തിൽ ദാവീ​ദി​നോ​ടു പുച്ഛം തോന്നി.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം