പത്രോസ് എഴുതിയ ഒന്നാമത്തെ കത്ത് 1:1-25
1 യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പത്രോസ്,+ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും+ ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക് എഴുതുന്നത്:
2 നിങ്ങൾ അനുസരണമുള്ളവരായിരിക്കുന്നതിനും നിങ്ങളുടെ മേൽ യേശുക്രിസ്തുവിന്റെ രക്തം തളിക്കുന്നതിനും+ വേണ്ടി, പിതാവായ ദൈവം തനിക്കു മുന്നമേ അറിയാമായിരുന്നതുപോലെ+ നിങ്ങളെ ദൈവാത്മാവിനാൽ വിശുദ്ധീകരിച്ച്+ തിരഞ്ഞെടുത്തല്ലോ.
നിങ്ങൾക്ക് അനർഹദയയും സമാധാനവും സമൃദ്ധമായി ലഭിക്കട്ടെ!
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ചവരിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതുജനനം നൽകിയിരിക്കുന്നു.+
4 സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന+ ആ അവകാശം അക്ഷയവും നിർമലവും ഒളി മങ്ങാത്തതും ആണ്.+
5 അവസാനകാലത്ത് വെളിപ്പെടാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവം തന്റെ ശക്തിയാൽ നിങ്ങളെ നിങ്ങളുടെ വിശ്വാസം നിമിത്തം കാത്തുസൂക്ഷിക്കുന്നു.
6 അതുകൊണ്ടാണ്, കുറച്ച് കാലത്തേക്കു പല തരം പരീക്ഷണങ്ങളാൽ കഷ്ടപ്പെടേണ്ടത് ആവശ്യമാണെങ്കിലും+ നിങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തോടിരിക്കുന്നത്.
7 ഇങ്ങനെ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റു തെളിയുകയും+ അതു യേശുക്രിസ്തു വെളിപ്പെടുന്ന സമയത്ത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമതിക്കും കാരണമായിത്തീരുകയും ചെയ്യും.+ തീകൊണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോയിട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെക്കാൾ എത്രയോ ശ്രേഷ്ഠമാണു നിങ്ങളുടെ ഈ വിശ്വാസം!
8 ക്രിസ്തുവിനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്തുവിനെ കാണുന്നില്ലെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുകയും അവർണനീയവും മഹനീയവും ആയ ആനന്ദത്തോടെ ആഹ്ലാദിക്കുകയും ചെയ്യുന്നു.
9 കാരണം നിങ്ങളുടെ വിശ്വാസം രക്ഷയിലേക്കു നയിക്കുന്നെന്നു നിങ്ങൾക്ക് അറിയാം.+
10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+
11 ക്രിസ്തു സഹിക്കേണ്ടിയിരുന്ന കഷ്ടതകളെയും+ അതിനു ശേഷം ലഭിക്കാനിരുന്ന മഹത്ത്വത്തെയും കുറിച്ച് അവരിലുള്ള ദൈവാത്മാവ് മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ അതു സൂചിപ്പിച്ച സമയവും സന്ദർഭവും ഏതായിരിക്കുമെന്ന്+ അവർ പരിശോധിച്ചു.
12 എന്നാൽ അവർ ശുശ്രൂഷ ചെയ്യുന്നത് അവർക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണെന്ന് അവരോടു വെളിപ്പെടുത്തിയിരുന്നു. സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിനാൽ*+ നിങ്ങളോടു സന്തോഷവാർത്ത പറഞ്ഞവർ, പ്രവാചകന്മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നിങ്ങളെ അറിയിച്ചിരിക്കുന്നു. ആ കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവദൂതന്മാർപോലും അതിയായി ആഗ്രഹിക്കുന്നു.
13 അതുകൊണ്ട് പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ ശക്തമാക്കുക;+ നല്ല സുബോധമുള്ളവരായിരിക്കുക;+ യേശുക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന അനർഹദയയിൽ പ്രത്യാശ വെക്കുക.
14 അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവില്ലായ്മയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു* നിറുത്തുക.
15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+
16 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
17 പക്ഷപാതമില്ലാതെ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ, ഈ ലോകത്ത് താത്കാലികമായി താമസിക്കുമ്പോൾ നിങ്ങൾ ഭയത്തോടെ ജീവിക്കണം.+
18 പൂർവികരിൽനിന്ന്* നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്തുക്കളാലല്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ.
19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്തുവിന്റെ+ വിലയേറിയ രക്തത്താൽ,+ ആണ് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്.
20 ക്രിസ്തുവിനെ ലോകാരംഭത്തിനു* മുമ്പേ+ തിരഞ്ഞെടുത്തതാണെങ്കിലും* നിങ്ങൾക്കുവേണ്ടി കാലത്തിന്റെ* അവസാനമാണു ക്രിസ്തു പ്രത്യക്ഷനായത്.+
21 ക്രിസ്തുവിലൂടെ നിങ്ങൾ ദൈവവിശ്വാസികളായിത്തീർന്നിരിക്കുന്നു.+ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യാൻ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച്+ മഹത്ത്വം അണിയിച്ചു.+
22 സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്.+ അതുകൊണ്ട് പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.+
23 കാരണം, നശിച്ചുപോകുന്ന വിത്തിനാലല്ല നശിച്ചുപോകാത്ത വിത്തിനാൽ,*+ ജീവനുള്ള നിത്യദൈവത്തിന്റെ വാക്കിനാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചിരിക്കുന്നു.
24 “എല്ലാ മനുഷ്യരും പുൽക്കൊടിപോലെയും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെയും ആണ്. പുല്ലു വാടുന്നു; പൂവ് കൊഴിയുന്നു.
25 എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കുന്നു.”+ നിങ്ങളെ അറിയിച്ച സന്തോഷവാർത്തയാണ് ആ “വാക്കുകൾ.”+
അടിക്കുറിപ്പുകള്
^ അഥവാ “ശുദ്ധീകരണത്തിലൂടെ.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അഥവാ “മോഹങ്ങൾക്കനുസരിച്ച് രൂപപ്പെടുന്നത്.”
^ അഥവാ “പരമ്പരാഗതമായി.”
^ അക്ഷ. “വീണ്ടെടുത്തിരിക്കുന്നത്.”
^ അഥവാ “കാലങ്ങളുടെ.”
^ അഥവാ “അറിഞ്ഞതാണെങ്കിലും.”
^ ‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
^ അതായത്, ഫലം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വിത്ത്.