പത്രോസ് എഴുതിയ ഒന്നാമത്തെ കത്ത് 3:1-22
3 അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.+ അവരിൽ ആരെങ്കിലും ദൈവവചനം അനുസരിക്കാത്തവരാണെങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളുടെ പെരുമാറ്റത്താൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.+
2 ആഴമായ ബഹുമാനത്തോടെയുള്ള നിങ്ങളുടെ നിർമലമായ പെരുമാറ്റം അവർ ശ്രദ്ധിക്കാതെപോകില്ല.+
3 നിങ്ങളുടെ അലങ്കാരം പുറമേയുള്ളതായിരിക്കരുത്, അതായത് തലമുടി പിന്നുന്നതും സ്വർണാഭരണങ്ങൾ അണിയുന്നതും+ നല്ല വസ്ത്രം ധരിക്കുന്നതും ആയിരിക്കരുത്.
4 പകരം, ശാന്തതയും സൗമ്യതയും ഉള്ള മനസ്സ് എന്ന അനശ്വരമായ അലങ്കാരമണിഞ്ഞ, ആന്തരികമനുഷ്യനായിരിക്കണം.+ അതിനാണു ദൈവമുമ്പാകെ വിലയുള്ളത്.
5 ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, മുൻകാലങ്ങളിലെ വിശുദ്ധസ്ത്രീകൾ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരുന്ന് തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നത് അങ്ങനെയാണല്ലോ.
6 സാറ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ച് കീഴ്പെട്ടിരുന്നു.+ നന്മ ചെയ്യുന്നതു നിറുത്താതെയും ഭയത്തിന് അടിമപ്പെടാതെയും ഇരുന്നാൽ+ നിങ്ങൾ സാറയുടെ മക്കളാണ്.
7 അങ്ങനെതന്നെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ നന്നായി മനസ്സിലാക്കി* അവരോടൊപ്പം ജീവിക്കുക. നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കാൻ, സ്ത്രീകൾ നിങ്ങളെക്കാൾ ദുർബലമായ പാത്രമാണെന്ന് ഓർത്ത് അവരെ ആദരിക്കുക.+ തന്റെ അനർഹദയ കാരണം ദൈവം നൽകുന്ന ജീവനു നിങ്ങളോടൊപ്പം അവരും അവകാശികളാണല്ലോ.+
8 അവസാനമായി, നിങ്ങൾ എല്ലാവരും ഐക്യവും*+ സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും+ താഴ്മയും+ ഉള്ളവരായിരിക്കുക.
9 ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യാതെ,+ അവരെ അനുഗ്രഹിക്കുക.+ അതിനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. അപ്പോൾ നിങ്ങളും അനുഗ്രഹം അവകാശമാക്കും.
10 “ജീവിതത്തെ സ്നേഹിക്കുകയും നല്ല കാലം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം മോശമായതു സംസാരിക്കാതെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാരിക്കാതെ ചുണ്ടുകളെയും സൂക്ഷിക്കുക.
11 അയാൾ മോശമായ കാര്യങ്ങൾ വിട്ടകന്ന്+ നല്ല കാര്യങ്ങൾ ചെയ്യട്ടെ;+ സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരട്ടെ.+
12 യഹോവയുടെ* കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.+ അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്.”+
13 നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായാൽ പിന്നെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമോ?+
14 ഇനി, നീതി നിമിത്തം കഷ്ടത സഹിക്കേണ്ടിവന്നാലും നിങ്ങൾക്കു സന്തോഷിക്കാം.+ അവർ പേടിക്കുന്നതിനെ* നിങ്ങൾ പേടിക്കുകയോ അതിൽ അസ്വസ്ഥരാകുകയോ അരുത്.+
15 പകരം, ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുക. നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച് ചോദിക്കുന്ന ആർക്കും മറുപടി കൊടുക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുക. എന്നാൽ നിങ്ങളുടെ മറുപടി സൗമ്യവും+ ആഴമായ ബഹുമാനത്തോടുകൂടിയതും+ ആയിരിക്കണം.
16 എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.+ അങ്ങനെ, നിങ്ങൾക്കെതിരായി സംസാരിക്കുന്നവർ ക്രിസ്തുവിന്റെ അനുഗാമികളായ നിങ്ങളുടെ നല്ല പെരുമാറ്റം+ കണ്ട് ലജ്ജിച്ചുപോകട്ടെ.+
17 നിങ്ങൾ കഷ്ടതകൾ സഹിക്കണമെന്നതു ദൈവത്തിന്റെ ഇഷ്ടമാണെങ്കിൽ,+ തിന്മ ചെയ്തിട്ടല്ല നന്മ ചെയ്തിട്ട് അവ സഹിക്കുന്നതാണു നല്ലത്.+
18 നീതിമാനായ ക്രിസ്തു നീതികെട്ടവരുടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ചല്ലോ.+ നിങ്ങളെ ദൈവത്തോട് അടുപ്പിക്കാനാണു+ ക്രിസ്തു അങ്ങനെ ചെയ്തത്. ക്രിസ്തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനിലേക്കു വരുകയും ചെയ്തു.+
19 ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ക്രിസ്തു ചെന്ന് തടവിലുള്ള ആത്മവ്യക്തികളോടു* പ്രസംഗിച്ചു.+
20 പണ്ടു നോഹയുടെ കാലത്ത്, പെട്ടകം പണിയുന്ന സമയത്ത്,+ ദൈവം ക്ഷമയോടെ* കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ചവരായിരുന്നു ആ ആത്മവ്യക്തികൾ.+ എന്നാൽ കുറച്ച് ആളുകൾ, അതായത് എട്ടു പേർ,* വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.+
21 അതിനു സമാനമാണു സ്നാനം. സ്നാനം ശരീരത്തിലെ അഴുക്കുനീക്കലല്ല, ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷയാണ്.+ അതു യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.
22 യേശു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.+ കാരണം, സ്വർഗത്തിലേക്കു പോയ യേശുവിനു ദൈവം ദൂതന്മാരെയും അധികാരങ്ങളെയും ശക്തികളെയും കീഴ്പെടുത്തിക്കൊടുത്തിരിക്കുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “ഭാര്യമാരോടു പരിഗണന കാണിച്ചുകൊണ്ട്.”
^ അഥവാ “ഒരേ ചിന്തയും; ഒരേ മനസ്സും.”
^ മറ്റൊരു സാധ്യത “അവരുടെ ഭീഷണികളെ.”
^ അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
^ അഥവാ “ആത്മാവായി.”
^ അഥവാ “ആത്മാക്കളോട്.”
^ അക്ഷ. “ദൈവത്തിന്റെ ക്ഷമ.”
^ അഥവാ “ദേഹികൾ.”