പത്രോസ് എഴുതിയ ഒന്നാമത്തെ കത്ത് 4:1-19
4 അതുകൊണ്ട് ജഡത്തിൽ* കഷ്ടത അനുഭവിച്ച ക്രിസ്തുവിന്റെ+ അതേ മനോഭാവം* നിങ്ങളും ഒരു ആയുധമായി ധരിക്കുക. കാരണം, ജഡത്തിൽ കഷ്ടത അനുഭവിച്ചിട്ടുള്ളവൻ പാപത്തിൽനിന്ന് അകന്നിരിക്കുന്നു.+
2 അങ്ങനെ അയാൾക്ക്, ജഡത്തിൽ ശേഷിച്ചിരിക്കുന്ന കാലം മനുഷ്യമോഹങ്ങൾക്കു കീഴ്പെടാതെ+ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനാകും.+
3 കഴിഞ്ഞ കാലത്ത് നിങ്ങൾ, ജനതകളിൽപ്പെട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ+ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും* അനിയന്ത്രിതമായ മോഹങ്ങളിലും അമിതമായ മദ്യപാനത്തിലും വന്യമായ ആഘോഷങ്ങളിലും മത്സരിച്ചുള്ള കുടിയിലും മ്ലേച്ഛമായ* വിഗ്രഹാരാധനയിലും മുഴുകി വേണ്ടുവോളം ജീവിച്ചു.+
4 അധഃപതിച്ചതും കുത്തഴിഞ്ഞതും ആയ ജീവിതരീതിയിൽ നിങ്ങൾ ഇപ്പോൾ അവരോടൊപ്പം ചേരാത്തതിൽ ജനതകളിൽപ്പെട്ടവർ അതിശയിക്കുകയും നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നു.+
5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കാൻപോകുന്നവനോട് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.+
6 മരിച്ചവരോടും സന്തോഷവാർത്ത അറിയിച്ചത്,+ മനുഷ്യർ തങ്ങൾ കാണുന്നതുപോലെ അവരെ വിധിക്കുമെങ്കിലും അവർക്കു ദൈവത്തിന്റെ വീക്ഷണത്തിൽ ദൈവാത്മാവ് നയിക്കുന്നതുപോലെ ജീവിക്കാൻ കഴിയേണ്ടതിനാണ്.
7 എന്നാൽ എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു. അതുകൊണ്ട് സുബോധമുള്ളവരും+ പ്രാർഥിക്കുന്ന കാര്യത്തിൽ ഉത്സാഹമുള്ളവരും* ആയിരിക്കുക.+
8 ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.+
9 മുറുമുറുപ്പു കൂടാതെ പരസ്പരം ആതിഥ്യമരുളുക.+
10 പല വിധങ്ങളിൽ ദൈവം കാണിക്കുന്ന അനർഹദയയുടെ നല്ല കാര്യസ്ഥരെന്ന നിലയിൽ നിങ്ങളുടെ കഴിവ്,* നിങ്ങൾക്ക് ഓരോരുത്തർക്കും അതു കിട്ടിയതിന്റെ അളവനുസരിച്ച് പരസ്പരം ശുശ്രൂഷ ചെയ്യാൻ ഉപയോഗിക്കണം.+
11 ആരെങ്കിലും പ്രസംഗിക്കുന്നെങ്കിൽ ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നയാളെപ്പോലെ പ്രസംഗിക്കട്ടെ; ശുശ്രൂഷിക്കുന്നെങ്കിൽ ദൈവം നൽകുന്ന ശക്തിയിൽ ആശ്രയിച്ച് ശുശ്രൂഷിക്കട്ടെ.+ അങ്ങനെ, എല്ലാ കാര്യങ്ങളിലും യേശുക്രിസ്തുവിലൂടെ ദൈവം മഹത്ത്വപ്പെടട്ടെ.+ മഹത്ത്വവും ശക്തിയും എന്നുമെന്നേക്കും ദൈവത്തിനുള്ളത്. ആമേൻ.
12 പ്രിയപ്പെട്ടവരേ, അഗ്നിപരീക്ഷകളിലൂടെ കടന്നുപോകുന്ന നിങ്ങൾ എന്തോ അസാധാരണമായതു സംഭവിക്കുന്നു എന്നതുപോലെ അത്ഭുതപ്പെടരുത്.+
13 പകരം, ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുംതോറും+ കൂടുതൽക്കൂടുതൽ സന്തോഷിക്കുക.+ അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ മഹത്ത്വം വെളിപ്പെടുമ്പോഴും നിങ്ങൾക്ക് ആനന്ദിച്ചുല്ലസിക്കാൻ കഴിയും.+
14 ക്രിസ്തുവിന്റെ പേരിനെപ്രതി നിന്ദ സഹിക്കേണ്ടിവരുന്നെങ്കിൽ* നിങ്ങൾക്കു സന്തോഷിക്കാം.+ കാരണം മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെ മേൽ വസിക്കുന്നുണ്ട്.
15 നിങ്ങളിൽ ആരും കൊലപാതകിയോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവനോ ആയി കഷ്ടത സഹിക്കാൻ ഇടവരാതിരിക്കട്ടെ.+
16 എന്നാൽ ക്രിസ്ത്യാനിയായിട്ടു കഷ്ടത സഹിക്കേണ്ടിവന്നാൽ ലജ്ജിക്കരുത്.+ പകരം ആ പേര് വഹിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിൽ തുടരുക.
17 കാരണം ന്യായവിധിക്കു നിശ്ചയിച്ചിരിക്കുന്ന സമയം ഇതാണ്. അതു ദൈവഭവനത്തിൽനിന്ന് തുടങ്ങും.+ അങ്ങനെ അതു നമ്മളിൽ തുടങ്ങുമെങ്കിൽ+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത കേട്ടനുസരിക്കാത്തവരുടെ ഗതി എന്താകും?+
18 “നീതിമാൻപോലും രക്ഷപ്പെടുന്നതു ബുദ്ധിമുട്ടിയാണെങ്കിൽ ഭക്തിയില്ലാത്തവരുടെയും പാപികളുടെയും സ്ഥിതി എന്താകും?”+
19 അതുകൊണ്ട് ദൈവേഷ്ടം ചെയ്തുകൊണ്ട് കഷ്ടത അനുഭവിക്കുന്നവർ തുടർന്നും നന്മ പ്രവർത്തിക്കുകയും വിശ്വസ്തനായ സ്രഷ്ടാവിൽ തങ്ങളെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യട്ടെ.+
അടിക്കുറിപ്പുകള്
^ അഥവാ “നിശ്ചയദാർഢ്യം; ദൃഢനിശ്ചയം.”
^ അഥവാ “നിയമവിരുദ്ധമായ.”
^ അഥവാ “ഉണർന്നിരിക്കുന്നവരും; ശ്രദ്ധയോടിരിക്കുന്നവരും.”
^ അഥവാ “സമ്മാനം.”
^ അഥവാ “അപമാനിക്കപ്പെടുന്നെങ്കിൽ.”