യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്ത് 3:1-24
3 പിതാവ് നമ്മളോടു കാണിച്ച സ്നേഹം എത്ര വലുതാണെന്നു+ നോക്കുക! അതുകൊണ്ടാണ് നമ്മളെ ദൈവമക്കളെന്നു വിളിക്കുന്നത്!+ നമ്മൾ അങ്ങനെയാണുതാനും. ലോകം ദൈവത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട്+ അതിനു നമ്മളെയും അറിഞ്ഞുകൂടാ.+
2 പ്രിയപ്പെട്ടവരേ, ഇപ്പോൾ നമ്മൾ ദൈവമക്കളാണെങ്കിലും+ നമ്മൾ എന്തായിത്തീരുമെന്ന്+ ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ ഒന്നു നമുക്ക് അറിയാം: ദൈവം വെളിപ്പെടുമ്പോൾ, ദൈവം എങ്ങനെയാണോ അതേ വിധത്തിൽ നമ്മൾ ദൈവത്തെ കാണുമെന്നതുകൊണ്ട് നമ്മൾ ദൈവത്തെപ്പോലെയായിരിക്കും.
3 ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ, ദൈവത്തിൽ* ഈ പ്രത്യാശയുള്ള എല്ലാവരും തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നു.+
4 പാപം ചെയ്യുന്ന ശീലമുള്ളവരെല്ലാം നിയമലംഘകരുമാണ്. പാപം നിയമലംഘനമാണ്.
5 യേശു നമ്മുടെ പാപങ്ങളെ നീക്കം ചെയ്യാനാണു വന്നതെന്നും+ നിങ്ങൾക്ക് അറിയാമല്ലോ. യേശുവിൽ പാപമില്ല.
6 യേശുവിനോടു യോജിപ്പിലായിരിക്കുന്ന ആരും പാപം ചെയ്യുന്നതു ശീലമാക്കില്ല.+ പാപം ചെയ്യുന്ന ശീലമുള്ളവർ യേശുവിനെ കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല.
7 കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്. യേശു നീതിമാനായിരിക്കുന്നതുപോലെ, നീതിമാർഗത്തിൽ നടക്കുന്നയാളും നീതിമാനാണ്.
8 എന്നാൽ പാപം ചെയ്യുന്നതു ശീലമാക്കിയവൻ പിശാചിന്റെ സന്തതിയാണ്. പിശാച് ആദ്യംമുതൽ* പാപം ചെയ്തുകൊണ്ടിരിക്കുന്നു.+ പിശാചിന്റെ പ്രവൃത്തികളെ തകർക്കാനാണു+ ദൈവപുത്രൻ വന്നത്.
9 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ല;+ കാരണം ദൈവത്തിന്റെ വിത്ത്* അവരിലുണ്ട്. അവർ ദൈവത്തിൽനിന്ന് ജനിച്ചതുകൊണ്ട്+ അവർക്കു പാപം ചെയ്യുന്നതു ശീലമാക്കാൻ കഴിയില്ല.
10 ദൈവത്തിന്റെ മക്കൾ ആരാണെന്നും പിശാചിന്റെ മക്കൾ ആരാണെന്നും ഇങ്ങനെ വെളിപ്പെടുന്നു: നീതി പ്രവർത്തിക്കാത്തവരും സ്വന്തം സഹോദരനെ സ്നേഹിക്കാത്തവരും ദൈവത്തിൽനിന്നുള്ളവരല്ല.+
11 നിങ്ങൾ ആദ്യംമുതൽ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്: പരസ്പരം സ്നേഹിക്കണം.+
12 ദുഷ്ടനിൽനിന്ന് ജനിച്ച കയീനെപ്പോലെയാകരുതു നമ്മൾ. കയീൻ സ്വന്തം സഹോദരനെ കൊന്നു.+ എന്തിനായിരുന്നു കയീൻ സഹോദരനെ കൊന്നത്? സ്വന്തം പ്രവൃത്തികൾ ദുഷ്ടത നിറഞ്ഞതും+ സഹോദരന്റേതു നീതിയുള്ളതും+ ആയിരുന്നതുകൊണ്ട്.
13 സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നതിൽ അത്ഭുതപ്പെടേണ്ടാ.+
14 സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട്+ നമ്മൾ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നെന്നു നമുക്ക് അറിയാം.+ എന്നാൽ സ്നേഹിക്കാത്തവൻ മരിച്ചവനായി തുടരുന്നു.+
15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.
16 യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചതിലൂടെ സ്നേഹം എന്താണെന്നു നമുക്കു മനസ്സിലായി.+ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കാൻ നമ്മളും ബാധ്യസ്ഥരാണ്.+
17 ഒരാൾക്കു വസ്തുവകകളുണ്ടായിട്ടും, സഹോദരൻ ബുദ്ധിമുട്ടിലാണെന്നു മനസ്സിലാക്കുമ്പോൾ അനുകമ്പ കാണിക്കുന്നില്ലെങ്കിൽ അയാൾക്കു ദൈവസ്നേഹമുണ്ടെന്ന് എങ്ങനെ പറയാൻ പറ്റും?+
18 കുഞ്ഞുങ്ങളേ, വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല,+ പ്രവൃത്തിയിലും+ സത്യത്തിലും+ ആണ് നമ്മൾ പരസ്പരം സ്നേഹിക്കേണ്ടത്.
19 നമ്മൾ സത്യത്തിന്റെ മക്കളാണെന്ന് ഇങ്ങനെ നമ്മൾ അറിയും. എന്തെങ്കിലും കാര്യത്തെപ്രതി ഹൃദയം നമ്മളെ കുറ്റപ്പെടുത്തുന്നെങ്കിൽ,
20 ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും+ ആയതുകൊണ്ട് നമുക്കു ദൈവമുമ്പാകെ നമ്മുടെ ഹൃദയത്തിനു ധൈര്യം പകരാം.*
21 പ്രിയപ്പെട്ടവരേ, ഹൃദയം നമ്മളെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ധൈര്യത്തോടെ നമുക്കു ദൈവത്തെ സമീപിക്കാനാകും.+
22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+
23 നമ്മളോടുള്ള ദൈവത്തിന്റെ കല്പന ഇതാണ്: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും+ യേശു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക.+
24 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നവർ ദൈവത്തോടും, ദൈവം അവരോടും യോജിപ്പിലാണ്.+ ദൈവം നമ്മളോടു യോജിപ്പിലാണെന്നു+ ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവിനാൽ* നമ്മൾ അറിയുന്നു.
അടിക്കുറിപ്പുകള്
^ യേശുവിനെയും അർഥമാക്കാം.
^ അഥവാ “അവന്റെ തുടക്കംമുതൽ.”
^ അതായത്, ഫലം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വിത്ത്.
^ അഥവാ “ഹൃദയത്തെ ബോധ്യപ്പെടുത്താം.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.