രാജാക്കന്മാർ ഒന്നാം ഭാഗം 13:1-34
13 യൊരോബെയാം യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യാഗപീഠത്തിന് അരികിൽ നിൽക്കുമ്പോൾ,+ യഹോവയുടെ കല്പനപ്രകാരം ഒരു ദൈവപുരുഷൻ+ യഹൂദയിൽനിന്ന് ബഥേലിലേക്കു വന്നു.
2 യഹോവയുടെ ആജ്ഞയനുസരിച്ച് അയാൾ യാഗപീഠത്തെ നോക്കി ഇങ്ങനെ വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ, യഹോവ പറയുന്നു: ‘ദാവീദുഗൃഹത്തിൽ യോശിയ+ എന്നു പേരുള്ള ഒരു മകൻ ജനിക്കും! നിന്റെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുന്ന ആരാധനാസ്ഥലങ്ങളിലെ* പുരോഹിതന്മാരെ അയാൾ നിന്റെ മേൽ ബലി അർപ്പിക്കും. അയാൾ മനുഷ്യരുടെ അസ്ഥികൾ നിന്നിൽ ദഹിപ്പിക്കും.’”+
3 അന്ന് അയാൾ ഒരു അടയാളവും കൊടുത്തു. ദൈവപുരുഷൻ പറഞ്ഞു: “യഹോവ നൽകുന്ന അടയാളം ഇതാണ്: യാഗപീഠം രണ്ടായി പിളർന്ന് അതിന്മേലുള്ള ചാരം* തൂകിപ്പോകും!”
4 ദൈവപുരുഷൻ ബഥേലിലെ യാഗപീഠത്തിന് എതിരെ വിളിച്ചുപറഞ്ഞ വാക്കുകൾ കേട്ട ഉടൻ യൊരോബെയാം രാജാവ് യാഗപീഠത്തിൽനിന്ന് കൈ നീട്ടി, “അവനെ പിടിക്കൂ!”+ എന്നു കല്പിച്ചു. അപ്പോൾത്തന്നെ, ദൈവപുരുഷനു നേരെ നീട്ടിയ യൊരോബെയാമിന്റെ കൈ ശോഷിച്ചുപോയി!* അയാൾക്ക് അതു മടക്കാൻ കഴിഞ്ഞില്ല.+
5 അപ്പോൾ, യഹോവയുടെ കല്പനപ്രകാരം ദൈവപുരുഷൻ കൊടുത്ത അടയാളംപോലെ, യാഗപീഠം പിളർന്ന് അതിൽനിന്ന് ചാരം തൂകിപ്പോയി!
6 രാജാവ് ദൈവപുരുഷനോടു പറഞ്ഞു: “എനിക്കു കരുണ ലഭിക്കാൻ ദയവുചെയ്ത് അങ്ങയുടെ ദൈവമായ യഹോവയോടു യാചിക്കൂ. എന്റെ കൈ പഴയ സ്ഥിതിയിലാകാൻ എനിക്കുവേണ്ടി പ്രാർഥിക്കണേ.”+ അങ്ങനെ ദൈവപുരുഷൻ യഹോവയോടു കരുണയ്ക്കായി യാചിച്ചു; രാജാവിന്റെ കൈ പഴയ സ്ഥിതിയിലായി.
7 അപ്പോൾ രാജാവ് ദൈവപുരുഷനോടു പറഞ്ഞു: “എന്നോടൊപ്പം എന്റെ കൊട്ടാരത്തിലേക്കു വന്ന് അൽപ്പം ഭക്ഷണം കഴിക്കണേ. ഞാൻ അങ്ങയ്‌ക്ക് ഒരു സമ്മാനവും തരാം.”
8 എന്നാൽ ദൈവപുരുഷൻ രാജാവിനോട്: “കൊട്ടാരത്തിന്റെ പകുതി തന്നാൽപ്പോലും ഞാൻ കൂടെ വരില്ല; ഈ സ്ഥലത്തുവെച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ഇല്ല.
9 കാരണം, ‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്; പോയ വഴിയേ തിരിച്ചുവരാനും പാടില്ല’ എന്ന് യഹോവ എന്നോടു കല്പിച്ചിട്ടുണ്ട്.”
10 അങ്ങനെ, വന്ന വഴിയേ മടങ്ങിപ്പോകാതെ ദൈവപുരുഷൻ ബഥേലിൽനിന്ന് മറ്റൊരു വഴിക്കു തിരിച്ചുപോയി.
11 വൃദ്ധനായ ഒരു പ്രവാചകൻ ബഥേലിൽ താമസിക്കുന്നുണ്ടായിരുന്നു. അയാളുടെ ആൺമക്കൾ വീട്ടിൽ വന്ന്, ആ ദിവസം ദൈവപുരുഷൻ ബഥേലിൽ ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും രാജാവിനോടു പറഞ്ഞതിനെക്കുറിച്ചും വിവരിച്ചു. അവർ ഇക്കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ
12 അവരുടെ അപ്പൻ ചോദിച്ചു: “ദൈവപുരുഷൻ ഏതു വഴിക്കാണു പോയത്?” അയാളുടെ ആൺമക്കൾ യഹൂദയിൽനിന്നുള്ള ആ ദൈവപുരുഷൻ പോയ വഴി കാണിച്ചുകൊടുത്തു.
13 അയാൾ അവരോട്, “കഴുതയ്ക്കു കോപ്പിടുക” എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടു. അയാൾ അതിന്റെ പുറത്ത് കയറി.
14 വൃദ്ധനായ പ്രവാചകൻ ദൈവപുരുഷനെ പിന്തുടർന്ന് ചെന്നു. ദൈവപുരുഷൻ ഒരു വലിയ വൃക്ഷത്തിന്റെ കീഴെ ഇരിക്കുന്നതു കണ്ടു. പ്രവാചകൻ അയാളോട്, “നീയാണോ യഹൂദയിൽനിന്ന് വന്ന ആ ദൈവപുരുഷൻ”+ എന്നു ചോദിച്ചു. ദൈവപുരുഷൻ പറഞ്ഞു: “അതെ, ഞാൻതന്നെ.”
15 അയാൾ ദൈവപുരുഷനോട്, “എന്റെകൂടെ വീട്ടിലേക്കു വന്ന് അൽപ്പം ആഹാരം കഴിക്കുക” എന്നു പറഞ്ഞു.
16 എന്നാൽ ദൈവപുരുഷൻ പറഞ്ഞു: “എനിക്ക് അങ്ങയുടെകൂടെ വരാനോ അങ്ങയുടെ ക്ഷണം സ്വീകരിക്കാനോ കഴിയില്ല. ഈ സ്ഥലത്തുവെച്ച് അപ്പം കഴിക്കാനും വെള്ളം കുടിക്കാനും എനിക്ക് അനുവാദമില്ല.
17 കാരണം യഹോവ എന്നോട്, ‘നീ അവിടെവെച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്; പോയ വഴിയേ തിരിച്ചുവരാനും പാടില്ല’ എന്നു കല്പിച്ചിട്ടുണ്ട്.”
18 അപ്പോൾ അയാൾ പറഞ്ഞു: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്. യഹോവയുടെ കല്പനയനുസരിച്ച് ഒരു ദൈവദൂതൻ, ‘ദൈവപുരുഷനെ നിന്റെ വീട്ടിലേക്കു കൊണ്ടുവന്ന് കഴിക്കാൻ അപ്പവും കുടിക്കാൻ വെള്ളവും കൊടുക്കുക’ എന്ന് എന്നോടു പറഞ്ഞു.” (അയാൾ ദൈവപുരുഷനെ വഞ്ചിക്കുകയായിരുന്നു.)
19 അങ്ങനെ ദൈവപുരുഷൻ അയാളോടൊപ്പം അയാളുടെ വീട്ടിലേക്കു ചെന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്‌തു.
20 അവർ മേശയ്ക്കരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ദൈവപുരുഷനെ തിരികെ കൊണ്ടുവന്ന പ്രവാചകന് യഹോവയിൽനിന്ന് സന്ദേശം ലഭിച്ചു.
21 അയാൾ യഹൂദയിൽനിന്നുള്ള ആ പ്രവാചകനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നീ യഹോവയുടെ ആജ്ഞ ധിക്കരിച്ചതുകൊണ്ടും നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ കല്‌പന അനുസരിക്കാതിരുന്നതുകൊണ്ടും
22 “അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്” എന്നു പറഞ്ഞ സ്ഥലത്തേക്കു മടങ്ങിവന്ന് അവിടെവെച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ടും നിന്റെ മൃതദേഹം പൂർവികരുടെ കല്ലറയിൽ അടക്കപ്പെടില്ല.’”+
23 ദൈവപുരുഷൻ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്‌തു. അതിനു ശേഷം, വൃദ്ധനായ പ്രവാചകൻ താൻ തിരികെ കൊണ്ടുവന്ന പ്രവാചകനുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു.
24 ദൈവപുരുഷൻ യാത്ര തുടർന്നു. എന്നാൽ വഴിയിൽവെച്ച് ഒരു സിംഹം അയാളുടെ നേരെ വന്ന് അയാളെ കൊന്നുകളഞ്ഞു.+ അയാളുടെ ശവം വഴിയിൽ വീണുകിടന്നു. കഴുതയും സിംഹവും ആ ശവശരീരത്തിന് അടുത്തുനിന്ന് മാറിയില്ല.
25 അതുവഴി പോയ ആളുകൾ വഴിയിൽ ഒരാൾ മരിച്ചുകിടക്കുന്നതും ഒരു സിംഹം അതിന് അരികെ നിൽക്കുന്നതും കണ്ടു. അവർ അക്കാര്യം വൃദ്ധനായ പ്രവാചകൻ താമസിക്കുന്ന നഗരത്തിലുള്ളവരെ അറിയിച്ചു.
26 ഇതു കേട്ട ഉടനെ, അയാളെ വഴിയിൽനിന്ന് തിരികെ കൊണ്ടുവന്ന പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ആജ്ഞ ധിക്കരിച്ച+ ദൈവപുരുഷനാണ് അത്. യഹോവ അയാളോടു പറഞ്ഞതുപോലെതന്നെ, അയാളെ കടിച്ചുകീറിക്കൊല്ലാൻ യഹോവ അയാളെ ഒരു സിംഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.”+
27 പിന്നെ വൃദ്ധപ്രവാചകൻ മക്കളോടു പറഞ്ഞു: “കഴുതയ്ക്കു കോപ്പിടുക.” അവർ കഴുതയ്ക്കു കോപ്പിട്ടു.
28 അയാൾ അവിടേക്കു ചെന്നപ്പോൾ ദൈവപുരുഷൻ വഴിയിൽ മരിച്ചുകിടക്കുന്നതും സിംഹവും കഴുതയും അതിന് അടുത്ത് നിൽക്കുന്നതും കണ്ടു. സിംഹം അയാളെ തിന്നുകയോ കഴുതയെ കടിച്ചുകീറുകയോ ചെയ്തിരുന്നില്ല.
29 പ്രവാചകൻ ദൈവപുരുഷന്റെ മൃതദേഹം എടുത്ത് കഴുതപ്പുറത്ത് കയറ്റി തന്റെ നഗരത്തിലേക്കു കൊണ്ടുപോയി. പ്രവാചകൻ അയാളെച്ചൊല്ലി വിലപിച്ച് അയാളെ അവിടെ അടക്കം ചെയ്‌തു.
30 തന്റെ സ്വന്തം കല്ലറയിലാണു പ്രവാചകൻ അയാളുടെ മൃതദേഹം വെച്ചത്. “കഷ്ടമായിപ്പോയല്ലോ എന്റെ സഹോദരാ!” എന്നു പറഞ്ഞ് അവർ അയാളെച്ചൊല്ലി വിലപിച്ചു.
31 അയാളെ അടക്കം ചെയ്തശേഷം പ്രവാചകൻ മക്കളോടു പറഞ്ഞു: “ഞാൻ മരിക്കുമ്പോൾ, ദൈവപുരുഷനെ അടക്കം ചെയ്‌ത സ്ഥലത്തുതന്നെ നിങ്ങൾ എന്നെയും അടക്കണം. എന്റെ അസ്ഥികൾ ദൈവപുരുഷന്റെ അസ്ഥികളുടെ അടുത്ത് വെക്കണം.+
32 ബഥേലിലെ യാഗപീഠത്തിനും ശമര്യനഗരങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലുള്ള ആരാധനാമന്ദിരങ്ങൾക്കും+ എതിരെ, യഹോവയുടെ കല്പനയനുസരിച്ച് അയാൾ പ്രഖ്യാപിച്ചതെല്ലാം നിറവേറുമെന്ന് ഉറപ്പാണ്.”+
33 ഇതു സംഭവിച്ചതിനു ശേഷവും യൊരോബെയാം മോശമായ വഴി വിട്ടുമാറിയില്ല. അയാൾ പിന്നെയും സാധാരണജനങ്ങളെ ആരാധനാസ്ഥലങ്ങളിലെ* പുരോഹിതന്മാരായി നിയമിച്ചു.+ “ഇവനെയും ഉയർന്ന സ്ഥലത്തെ ഒരു പുരോഹിതനാക്കുക” എന്നു പറഞ്ഞ്, ആഗ്രഹിക്കുന്ന എല്ലാവരെയും അയാൾ പുരോഹിതന്മാരായി നിയമിക്കുമായിരുന്നു.*+
34 യൊരോബെയാമിന്റെ കുടുംബത്തിന്റെ ഈ പാപം+ അവരുടെ സർവനാശത്തിനും അവർ ഭൂമുഖത്തുനിന്ന് ഇല്ലാതാകാനും കാരണമായി.+
അടിക്കുറിപ്പുകള്‍
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കാൻ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിലെ.”
^ അഥവാ “കൊഴുപ്പുള്ള ചാരം.” അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
^ അഥവാ “തളർന്നുപോയി.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിലെ.”
^ അക്ഷ. “എല്ലാവരുടെയും കൈ അയാൾ നിറയ്ക്കുമായിരുന്നു.”