രാജാക്കന്മാർ ഒന്നാം ഭാഗം 20:1-43
20 പിന്നെ സിറിയയിലെ+ രാജാവായ ബൻ-ഹദദ്+ സൈന്യത്തെ മുഴുവൻ വിളിച്ചുകൂട്ടി. മറ്റ് 32 രാജാക്കന്മാരും അവരുടെ കുതിരകളും രഥങ്ങളും അവരോടൊപ്പം ചേർന്നു. അയാൾ ശമര്യക്കു+ നേരെ ചെന്ന് അതിനെ ഉപരോധിച്ച്+ അതിന് എതിരെ പോരാടി.
2 ബൻ-ഹദദ് നഗരത്തിലേക്കു ദൂതന്മാരെ അയച്ച് ഇസ്രായേൽരാജാവായ ആഹാബിനോടു+ പറഞ്ഞു: “ബൻ-ഹദദ് ഇങ്ങനെ പറയുന്നു:
3 ‘നിന്റെ സ്വർണവും വെള്ളിയും എനിക്കുള്ളതാണ്; നിന്റെ സൗന്ദര്യമുള്ള ഭാര്യമാരും മക്കളും എന്റേതാണ്.’”
4 അപ്പോൾ ഇസ്രായേൽരാജാവ് പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങ് പറഞ്ഞതുപോലെയാകട്ടെ. ഞാനും എനിക്കുള്ള സകലവും അങ്ങയ്ക്കുള്ളതാണ്.”+
5 ദൂതന്മാർ വീണ്ടും വന്ന് ആഹാബിനോടു പറഞ്ഞു: “ബൻ-ഹദദ് പറയുന്നു: ‘“നിന്റെ സ്വർണം, വെള്ളി, ഭാര്യമാർ, ആൺമക്കൾ എന്നിങ്ങനെയുള്ളതെല്ലാം നീ എനിക്കു തരണം” എന്നു ഞാൻ നിന്നെ അറിയിച്ചിരുന്നല്ലോ.
6 എന്നാൽ അതു കൂടാതെ, നാളെ ഈ സമയമാകുമ്പോഴേക്കും ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുത്തേക്ക് അയയ്‌ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ ഭൃത്യന്മാരുടെ ഭവനങ്ങളും അരിച്ചുപെറുക്കി വിലപിടിപ്പുള്ള സകലവും എടുത്തുകൊണ്ടുപോരും.’”
7 അപ്പോൾ ഇസ്രായേൽരാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “ആ മനുഷ്യൻ നമുക്ക് ആപത്തു വരുത്താൻ തീരുമാനിച്ചുറച്ചിരിക്കുകയാണ്. അയാൾ എന്റെ ഭാര്യമാരെയും ആൺമക്കളെയും എന്റെ സ്വർണവും വെള്ളിയും എനിക്കുള്ള സകലവും ആവശ്യപ്പെട്ടു; ഞാൻ അത് എതിർത്തില്ല.”
8 അപ്പോൾ ജനവും എല്ലാ മൂപ്പന്മാരും രാജാവിനോടു പറഞ്ഞു: “അങ്ങ് അത് അനുസരിക്കരുത്, അതിനു സമ്മതം മൂളരുത്.”
9 അങ്ങനെ രാജാവ് ബൻ-ഹദദിന്റെ ദൂതന്മാരോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു നിങ്ങൾ ഇങ്ങനെ പറയണം: ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം അടിയൻ അങ്ങയ്‌ക്കു തരാം, എന്നാൽ ഇക്കാര്യം സമ്മതിച്ചുതരാൻ എനിക്കു കഴിയില്ല.’” അയാളുടെ ദൂതന്മാർ തിരിച്ചുപോയി ഈ വിവരം അറിയിച്ചു.
10 പിന്നെ ബൻ-ഹദദ് ഇങ്ങനെ അറിയിച്ചു: “എന്നോടൊപ്പം വരുന്ന സൈന്യത്തിലെ ഓരോരുത്തർക്കും ഒരുപിടി മണ്ണു വീതം വാരാൻ ശമര്യയിലെ മണ്ണു തികഞ്ഞാൽ എന്റെ ദൈവങ്ങൾ എന്നോട് ഇതും ഇതിലധികവും ചെയ്യട്ടെ!”
11 അപ്പോൾ ഇസ്രായേൽരാജാവ് പറഞ്ഞു: “അയാളോടു പറയുക: ‘ആയുധം ധരിക്കാൻ തുടങ്ങുന്നവൻ അത് അഴിച്ചുവെക്കുന്നവനെപ്പോലെ വീമ്പിളക്കരുത്.’”+
12 ബൻ-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ* മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ വാക്കുകൾ കേട്ടത്. ഉടനെ ബൻ-ഹദദ് തന്റെ ദാസന്മാരോട്, “യുദ്ധത്തിനു തയ്യാറെടുക്കുക” എന്ന് ആഹ്വാനം ചെയ്‌തു. അങ്ങനെ അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറെടുത്തു.
13 എന്നാൽ ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിന്റെ+ അടുത്ത് ചെന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നീ ഈ വലിയ ജനക്കൂട്ടത്തെ കണ്ടോ? ഇന്നു ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കും. ഞാൻ യഹോവയാണെന്ന് അങ്ങനെ നീ അറിയും.’”+
14 ആഹാബ് ചോദിച്ചു: “ആരുടെ കൈയാൽ?” പ്രവാചകൻ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘സംസ്ഥാനാധിപന്മാരുടെ* സേവകരുടെ കൈയാൽ.’” അപ്പോൾ രാജാവ്, “ആരാണു യുദ്ധം തുടങ്ങേണ്ടത്” എന്നു ചോദിച്ചു. “രാജാവുതന്നെ” എന്നു പ്രവാചകൻ മറുപടി പറഞ്ഞു.
15 ആഹാബ് അപ്പോൾ സംസ്ഥാനാധിപന്മാരുടെ സേവകരെ എണ്ണിനോക്കി. അവർ 232 പേരുണ്ടായിരുന്നു. പിന്നെ ഇസ്രായേല്യപുരുഷന്മാരെ മുഴുവൻ എണ്ണി; അവരുടെ എണ്ണം 7,000 ആയിരുന്നു.
16 അവർ ഉച്ചസമയത്ത് പുറപ്പെട്ടു. അപ്പോൾ ബൻ-ഹദദ് അയാളെ സഹായിക്കുന്ന മറ്റ് 32 രാജാക്കന്മാരോടൊപ്പം കൂടാരങ്ങളിൽ മദ്യപിച്ച് ലഹരിപിടിച്ചിരിക്കുകയായിരുന്നു.
17 സംസ്ഥാനാധിപന്മാരുടെ സേവകർ ചെന്നപ്പോൾ ബൻ-ഹദദ് ഉടനെ വിവരം തിരക്കാൻ അയാളുടെ ദൂതന്മാരെ അയച്ചു. അവർ മടങ്ങിവന്ന്, “ശമര്യയിൽനിന്ന് ആളുകൾ വന്നിരിക്കുന്നു” എന്ന് അറിയിച്ചു.
18 അപ്പോൾ ബൻ-ഹദദ് പറഞ്ഞു: “അവർ വന്നതു സമാധാനത്തിനാണെങ്കിൽ അവരെ ജീവനോടെ പിടികൂടുക. ഇനി അതല്ല, യുദ്ധത്തിനാണു വന്നതെങ്കിലും അവരെ ജീവനോടെ പിടിക്കുക.”
19 എന്നാൽ നഗരത്തിൽനിന്ന് പുറത്തേക്കു വന്നവർ ഓരോരുത്തരും, അതായത് സംസ്ഥാനാധിപന്മാരുടെ സേവകരും അവരുടെ പിന്നാലെ വന്ന സൈനികരും,
20 തങ്ങൾക്കു നേരെ വന്നവരെ കൊന്നു. അങ്ങനെ സിറിയക്കാർ തോറ്റോടി;+ ഇസ്രായേൽ അവരെ പിന്തുടർന്നു. എന്നാൽ സിറിയയിലെ രാജാവായ ബൻ-ഹദദ് ഒരു കുതിരപ്പുറത്ത് കയറി ചില കുതിരപ്പടയാളികളോടൊപ്പം രക്ഷപ്പെട്ടു.
21 ഇസ്രായേൽരാജാവ് ചെന്ന് കുതിരകളിലും രഥങ്ങളിലും ഉണ്ടായിരുന്നവരെ ആക്രമിച്ചു. അങ്ങനെ സിറിയക്കാരുടെ മേൽ ആഹാബ് ഒരു വൻവിജയം നേടി.*
22 പിന്നീട് ആ പ്രവാചകൻ+ ഇസ്രായേൽരാജാവിന്റെ അടുത്ത് വന്ന് ഇങ്ങനെ അറിയിച്ചു: “നീ പോയി ശക്തിയാർജിക്കുക; ഇനി എന്തു ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുക.+ കാരണം, സിറിയയിലെ രാജാവ് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ*+ വീണ്ടും നിന്റെ നേരെ വരും.”
23 എന്നാൽ സിറിയയിലെ രാജാവിനോട് അയാളുടെ ഭൃത്യന്മാർ പറഞ്ഞു: “അവരുടെ ദൈവം പർവതങ്ങളുടെ ദൈവമാണ്. അതുകൊണ്ടാണ് അവർ നമ്മളെ തോൽപ്പിച്ചത്. എന്നാൽ സമതലത്തിൽവെച്ച് അവരോടു യുദ്ധം ചെയ്‌താൽ നമുക്ക് അവരെ തോൽപ്പിക്കാൻ കഴിയും.
24 അങ്ങ് ഇക്കാര്യംകൂടെ ചെയ്യണം: എല്ലാ രാജാക്കന്മാരെയും+ അവരുടെ സ്ഥാനത്തുനിന്ന് നീക്കി പകരം ഗവർണർമാരെ നിയമിക്കണം.
25 തുടർന്ന് അങ്ങ് അങ്ങയ്‌ക്കു നഷ്ടപ്പെട്ടതിനു തുല്യമായ ഒരു സൈന്യത്തെ സംഘടിപ്പിക്കണം;* കുതിരകൾക്കു പകരം കുതിരകളും രഥങ്ങൾക്കു പകരം രഥങ്ങളും സജ്ജമാക്കണം. പിന്നെ നമുക്കു സമതലത്തിൽവെച്ച് അവരോടു യുദ്ധം ചെയ്യാം. നമുക്ക് അവരെ തോൽപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാണ്.” അയാൾ അവരുടെ ഉപദേശം സ്വീകരിച്ച് അങ്ങനെതന്നെ ചെയ്‌തു.
26 പിറ്റെ വർഷത്തിന്റെ തുടക്കത്തിൽ ബൻ-ഹദദ് സിറിയക്കാരെ കൂട്ടിവരുത്തി ഇസ്രായേലിനോടു യുദ്ധം ചെയ്യാൻ അഫേക്കിലേക്കു+ ചെന്നു.
27 ഇസ്രായേൽ ജനവും ഒരുമിച്ചുകൂടി. അവർ അവശ്യവസ്തുക്കൾ ശേഖരിച്ച് അവർക്കെതിരെ ചെന്ന് അവരുടെ മുന്നിൽ പാളയമടിച്ചു. സിറിയക്കാർ ദേശം മുഴുവൻ നിറഞ്ഞിരുന്നു. അവരോടുള്ള താരതമ്യത്തിൽ ഇസ്രായേൽ ജനം രണ്ടു ചെറിയ കോലാട്ടിൻകൂട്ടംപോലെ കാണപ്പെട്ടു.+
28 അപ്പോൾ ദൈവപുരുഷൻ ഇസ്രായേൽരാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘“യഹോവ പർവതങ്ങളുടെ ദൈവമാണ്, സമതലങ്ങളുടെ ദൈവമല്ല” എന്നു സിറിയക്കാർ പറഞ്ഞതുകൊണ്ട് ഈ വലിയ ജനക്കൂട്ടത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.+ ഞാൻ യഹോവയാണെന്ന് ഉറപ്പായും നീ അറിയും.’”+
29 സൈന്യങ്ങൾ രണ്ടും ഏഴു ദിവസം അവരവരുടെ പാളയത്തിൽത്തന്നെ പരസ്‌പരം അഭിമുഖമായി കഴിഞ്ഞു. ഏഴാം ദിവസം യുദ്ധം ആരംഭിച്ചു. ഇസ്രായേൽ ജനം ഒറ്റ ദിവസംകൊണ്ട് 1,00,000 സിറിയൻ കാലാളുകളെ വധിച്ചു.
30 ശേഷിച്ചവർ അഫേക്ക്+ നഗരത്തിനുള്ളിലേക്ക് ഓടിപ്പോയി. അവരിൽ 27,000 പേരുടെ മേൽ നഗരമതിൽ ഇടിഞ്ഞുവീണു. ബൻ-ഹദദ് രക്ഷപ്പെട്ട് ഓടി നഗരത്തിലുള്ള ഒരു ഉൾമുറിയിൽ കയറി ഒളിച്ചു.
31 അയാളുടെ ഭൃത്യന്മാർ പറഞ്ഞു: “ഇസ്രായേൽഗൃഹത്തിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു* ഞങ്ങൾ കേട്ടിട്ടുണ്ട്. അതുകൊണ്ട് അരയിൽ വിലാപവസ്ത്രം ഉടുത്ത് തലയിൽ കയർ കെട്ടി ഇസ്രായേൽരാജാവിന്റെ അടുത്തേക്കു ചെല്ലാൻ ഞങ്ങളെ അനുവദിച്ചാലും. ഒരുപക്ഷേ അദ്ദേഹം അങ്ങയെ ജീവനോടെ വിട്ടേക്കും.”+
32 അങ്ങനെ അവർ അരയിൽ വിലാപവസ്ത്രം ഉടുത്ത് തലയിൽ കയർ കെട്ടി ഇസ്രായേൽരാജാവിന്റെ അടുത്ത് ചെന്നു. അവർ പറഞ്ഞു: “അങ്ങയുടെ ദാസനായ ബൻ-ഹദദ്, ‘എന്നെ ജീവനോടെ വിടണം’ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു.” രാജാവ് പറഞ്ഞു: “അയാൾ ഇപ്പോഴും ജീവനോടെയുണ്ടോ? അയാൾ എന്റെ സഹോദരനല്ലേ.”
33 അത് ഒരു ശുഭലക്ഷണമായി കണ്ട് രാജാവിന്റെ വാക്കു വിശ്വസിച്ച് അവർ പറഞ്ഞു: “അതെ, ബൻ-ഹദദ് അങ്ങയുടെ സഹോദരൻതന്നെയാണ്.” അപ്പോൾ രാജാവ് പറഞ്ഞു: “പോയി അയാളെ കൂട്ടിക്കൊണ്ടുവരുക.” അങ്ങനെ ബൻ-ഹദദ് ആഹാബ് രാജാവിന്റെ അടുത്തേക്കു വന്നു. രാജാവ് അയാളെ രഥത്തിൽ കയറ്റി.
34 ബൻ-ഹദദ് പറഞ്ഞു: “എന്റെ അപ്പൻ അങ്ങയുടെ അപ്പന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരിച്ചുതരാം. എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ അങ്ങയ്‌ക്കും ദമസ്കൊസിൽ കച്ചവടച്ചന്തകൾ തുടങ്ങാം.”
അപ്പോൾ ആഹാബ് പറഞ്ഞു: “ഈ കരാറിന്റെ* അടിസ്ഥാനത്തിൽ ഞാൻ നിന്നെ വിട്ടയയ്ക്കാം.”
അങ്ങനെ ആഹാബ് ബൻ-ഹദദുമായി ഒരു കരാർ ഉണ്ടാക്കി അയാളെ വിട്ടയച്ചു.
35 യഹോവയുടെ ആജ്ഞയനുസരിച്ച് പ്രവാചകപുത്രന്മാരിൽ*+ ഒരാൾ കൂട്ടുകാരനോട്, “എന്നെ അടിക്കുക” എന്നു പറഞ്ഞു. പക്ഷേ കൂട്ടുകാരനെ അടിക്കാൻ അയാൾ വിസമ്മതിച്ചു.
36 അതുകൊണ്ട് പ്രവാചകപുത്രൻ അയാളോടു പറഞ്ഞു: “നീ യഹോവയുടെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് എന്റെ അടുത്തുനിന്ന് പോകുന്ന ഉടനെ നിന്നെ ഒരു സിംഹം കൊന്നുകളയും.” അങ്ങനെ, അയാൾ കൂട്ടുകാരന്റെ അടുത്തുനിന്ന് പോയ ഉടനെ ഒരു സിംഹം വന്ന് അയാളെ കൊന്നുകളഞ്ഞു.
37 പ്രവാചകപുത്രൻ മറ്റൊരാളിന്റെ അടുത്ത് ചെന്ന്, “എന്നെ അടിക്കുക” എന്നു പറഞ്ഞു. അയാൾ പ്രവാചകപുത്രനെ അടിച്ച് മുറിവേൽപ്പിച്ചു.
38 പിന്നെ ആ പ്രവാചകൻ ആളറിയാത്ത വിധം കണ്ണിനു മുകളിൽ ഒരു തുണി കെട്ടിവെച്ച് രാജാവിനെയും കാത്ത് വഴിയിൽ നിന്നു.
39 രാജാവ് അതുവഴി കടന്നുപോയപ്പോൾ പ്രവാചകൻ രാജാവിനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “യുദ്ധം മുറുകിയ സമയത്ത് അടിയൻ പോർക്കളത്തിലേക്കു ചെന്നു. അപ്പോൾ ഒരാൾ മറ്റൊരാളെയുംകൊണ്ട് വന്ന് എന്നോട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യൻ രക്ഷപ്പെടാതെ നോക്കുക. ഇവനെ കാണാതായാൽ ഇവന്റെ ജീവനു പകരം നിന്റെ ജീവൻ നൽകേണ്ടിവരും.+ അല്ലെങ്കിൽ പിഴയായി ഒരു താലന്തു* വെള്ളി തരേണ്ടിവരും.’
40 എന്നാൽ അടിയൻ പല കാര്യങ്ങളിൽപ്പെട്ട് തിരക്കിലായപ്പോൾ പെട്ടെന്ന് അയാളെ കാണാതായി.” അപ്പോൾ ഇസ്രായേൽരാജാവ് പറഞ്ഞു: “നിനക്കുള്ള വിധി നീതന്നെ വിധിച്ചിരിക്കുന്നു; അങ്ങനെതന്നെ നിനക്കു സംഭവിക്കട്ടെ.”
41 പ്രവാചകൻ ഉടനെ താൻ കണ്ണിനു മുകളിൽ കെട്ടിവെച്ചിരുന്ന തുണി അഴിച്ചുകളഞ്ഞു. അതു പ്രവാചകന്മാരിൽ ഒരാളാണെന്ന്+ ഇസ്രായേൽരാജാവ് തിരിച്ചറിഞ്ഞു.
42 പ്രവാചകൻ രാജാവിനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘കൊല്ലണമെന്നു ഞാൻ പറഞ്ഞിരുന്ന മനുഷ്യനെ നീ വിട്ടയച്ചതുകൊണ്ട്+ അയാളുടെ ജീവനു പകരം നീ നിന്റെ ജീവൻ കൊടുക്കേണ്ടിവരും.+ അയാളുടെ ജനത്തിനു പകരം നിന്റെ ജനം നശിപ്പിക്കപ്പെടും.’”+
43 ഇതു കേട്ട ഇസ്രായേൽരാജാവ് വിഷമിച്ച് നിരാശയോടെ ശമര്യയിൽ+ തന്റെ കൊട്ടാരത്തിലേക്കു പോയി.
അടിക്കുറിപ്പുകള്‍
^ അഥവാ “പന്തലുകളിൽ.”
^ അഥവാ “സംസ്ഥാനങ്ങളിലെ ഭരണാധിപന്മാരുടെ.”
^ അഥവാ “ഒരു വലിയ സംഹാരം നടത്തി.”
^ അതായത്, വസന്തം.
^ അക്ഷ. “എണ്ണണം.”
^ അഥവാ “അചഞ്ചലസ്നേഹമുള്ളവരാണെന്ന്.”
^ അഥവാ “ഉടമ്പടിയുടെ.”
^ “പ്രവാചകപുത്രന്മാർ” എന്നതു പ്രവാചകന്മാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു വിദ്യാലയത്തെയോ പ്രവാചകന്മാരുടെ സംഘത്തെയോ ആയിരിക്കാം കുറിക്കുന്നത്.